കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക നിയമങ്ങൾക്കെതിരായി രാജ്യത്ത് നടക്കുന്ന ഐതിഹാസിക പോരാട്ടത്തിന് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഇടതുപക്ഷ പാർട്ടികൾ. ജനാധിപത്യവിരുദ്ധമായ രീതിയിൽ പാർലമെന്റ് നടപടിക്രമങ്ങൾപോലും മറികടന്ന് കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കും വൈദ്യുതി ഭേദഗതി ബില്ലിനുമെതിരെ ലക്ഷക്കണക്കായ കർഷകർ പോരാടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും കടുത്ത പ്രതിരോധങ്ങളെയും കൊടുംതണുപ്പിനെയും മറികടന്ന് കർഷകർ രാജ്യതലസ്ഥാനം വളഞ്ഞിരിക്കുകയാണ്.
എന്നാൽ അവർക്ക് ഡൽഹിയിലേക്കുള്ള പ്രവേശനാനുമതി നൽകുന്നതിനോ അവര്‍ ഉയർത്തുന്ന ആവശ്യങ്ങൾ കേൾക്കുന്നതിനോ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും ഇടതുപാർട്ടികൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളോടും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദീപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ), ദേബബ്രത ബിശ്വാസ്(ഫോർവേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ (ആർഎസ്പി) എന്നിവർ ആഹ്വാനം ചെയ്തു. കർഷകരുടെ സമരത്തിന് എല്ലാവിധ സഹായവും പിന്തുണയും നൽകാൻ ഇടതുപക്ഷ‑പ്രതിപക്ഷ പാർട്ടികളുടെ ഡൽഹി സംസ്ഥാന ഘടകങ്ങളുടെ യോഗവും ആഹ്വാനം ചെയ്തു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാർ എത്രയും വേഗം തയ്യാറാകണമെന്ന് സിപിഐ, സിപിഐ(എം), എൻസിപി, ആർജെഡി, ഡിഎംകെ, സിപിഐ എംഎൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിജിപിഐ എന്നീ പാർട്ടി പ്രതിനിധികൾ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. തുടർന്ന് ഇന്ദ്രജിത് ഗുപ്ത നഗറിൽ നടന്ന പ്രതിഷേധ ധർണയിൽ സിപിഐ നേതാക്കളായ പ്രൊഫ. ദിനേഷ് വാർഷ്ണേയ്, അജയ് മാലിക്, സിപിഐ (എം) നേതാക്കളായ കെ എം തിവാരി, ആശ ശർമ്മ, ആര്‍എസ്പി നേതാവ് ശത്രുജീത് സിങ് തുടങ്ങിയവർ നേതൃത്വം നൽകി.
ENGLISH SUMMARY: Join In the peasant struggle: Left parties
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.