June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

മതനിരപേക്ഷ സംരക്ഷണ സദസ്സുകളില്‍ അണിചേരുക

By Janayugom Webdesk
February 19, 2020

കാനം രാജേന്ദ്രൻ

ഫെബ്രുവരി 20 ഗോവിന്ദ് പന്‍സാരെയുടെ രക്തസാക്ഷിത്വ ദിനമാണ്. അന്ന് കേരളത്തില്‍ മതനിരപേക്ഷ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കാന്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം ഈ സദസ്സുകളില്‍ മുന്നോട്ടു വയ്ക്കും. സ്വാതന്ത്ര്യ സമരം ഇന്ത്യയിലാകെ ജ്വലിച്ചുനിന്ന നാളുകളിലാണ് 1933 നവംബര്‍ 24 ന് മഹാരാഷ്ട്രയിലെ കോല്‍ഹാര്‍ ഗ്രാമത്തില്‍ ഗോവിന്ദ് പന്‍സാരെയുടെ ജനനം. വിദ്യാര്‍ത്ഥി ജീവിത കാലത്തുതന്നെ രാഷ്ട്രീയ സേവാദള്‍ എന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം മാറി. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, ഗോവ വിമോചന സമരം തുടങ്ങിയ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായിരുന്നു. ദീര്‍ഘകാലം സിപിഐ മഹാരാഷ്ട്ര സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മികച്ച ട്രേഡ് യൂണിയന്‍ സംഘാടകന്‍, അഭിഭാഷകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങി പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഗോവിന്ദ് പന്‍സാരെ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും എതിരെ നിരന്തരം പടപൊരുതി. ഇന്ത്യന്‍ സംസ്‌കാരം യുക്തിചിന്തയുടെ പ്രകാശം കൂടി കയ്യാളുന്നുണ്ടെന്ന് പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഗോവിന്ദ് പന്‍സാരെക്ക് ജീവന്‍ ബലി കൊടുക്കേണ്ടിവന്നത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരന്തരം ചോദ്യം ചെയ്തുവന്ന ഗോവിന്ദ് പന്‍സാരെ മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്നു.

‘ആരാണ് ശിവജി’ എന്ന പുസ്തകത്തിലൂടെ ശിവജിയുടെ യുക്തിചിന്തകളെ സത്യസന്ധമായി വിവരിക്കാന്‍ പന്‍സാരെ ശ്രമിച്ചതാണ് സംഘപരിവാര്‍ ശക്തികളെ പ്രകോപിതരാക്കിയത്. ശിവജിയുടെ ആശയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രഭൂതികള്‍ നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടുകയാണ് പന്‍സാരെ ചെയ്തത്. വിറളിപൂണ്ട ആര്‍എസ്എസ് കാപാലികര്‍ പന്‍സാരെയെ അരുംകൊല ചെയ്തു. ഗോവിന്ദ് പന്‍സാരെയും അദ്ദേഹം കൊളുത്തിവച്ച യുക്തിചിന്തയുടെ തീപ്പന്തവും ഇന്ത്യന്‍ മനസുകളില്‍ എന്നെന്നും ജ്വലിച്ചുകൊണ്ടിരിക്കും. ജാതിയുടെ അടിസ്ഥാനത്തിലുള്ള ചിന്തയ്ക്കും ജാതിയെ നിദാനമാക്കിയ പ്രവൃത്തിക്കുമെതിരായ സമരം നമ്മുടെ ജനങ്ങളുടെ ഐക്യത്തിന് ആവശ്യമാണ്. മതനിരപേക്ഷ ഇന്ത്യ കടുത്ത വെല്ലുവിളികളെ നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു സമരത്തിന് പ്രാധാന്യമേറുന്നു. ശ്രേഷ്ഠമായ പാരമ്പര്യങ്ങളും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നമ്മുടെ രാജ്യത്തെ മഹാന്മാരായ പരിഷ്‌കര്‍ത്താക്കളുടെയും ചിന്തകരുടെയും വിലയേറിയ ബോധനങ്ങളും ശാസ്ത്രീയ സ്വഭാവത്തെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും വളര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സഹായിക്കും. ജാതിപരമായ വിവേചനത്തിനും ചൂഷണത്തിനുമെതിരെ ബോധപൂര്‍വമായ നിരന്തര പോരാട്ടം നടത്തിയ പാര്‍ട്ടിയാണ് സിപിഐ. അധഃസ്ഥിതരുടെയും തൊട്ടുകൂടാത്തവരുടെയും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ ഉയര്‍ച്ചയ്ക്കായി കമ്മ്യൂണിസ്റ്റുകാര്‍ പോരാടുകയും ഇക്കാര്യത്തില്‍ കാര്യമായ വിജയം കൈവരിക്കുകയും ചെയ്തു.

ഹിന്ദു, ഹിന്ദുത്വം, ഹിന്ദുമതം എന്നീ വാക്കുകള്‍ മതപ്രചാരണത്തിനും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുമായി ഇപ്പോള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ ഹിന്ദുത്വമെന്താണെന്ന് അറിയാത്തവരാണ്. മനുഷ്യര്‍ തമ്മില്‍ ഉച്ചനീചത്വങ്ങള്‍ കല്പിക്കുകയും ചില മനുഷ്യരുടെ അടിമകളായിരിക്കണം മറ്റു മനുഷ്യരെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന വേദങ്ങളുടെയും സ്മൃതികളുടെയും മതമല്ല യഥാര്‍ത്ഥ ഹിന്ദുമതം. ഹിന്ദു മൗലികവാദികള്‍ ഇപ്പോള്‍ പറയുന്നതുപോലെ ഹിന്ദുമതം അന്ധമായി വിശ്വസിക്കുന്നവരുടെ സംഘമല്ല. എല്ലാ മതങ്ങളും ഉണ്ടായത് മനുഷ്യ നന്മയ്ക്കായിട്ടാണ്. മനുഷ്യ മനസ്സുകള്‍ക്ക് സാധാരണ ഗതിയില്‍ ഉത്തരം കിട്ടാത്ത പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കുവാനാണ് അവയെല്ലാം ശ്രമിക്കുന്നത്. ചോദ്യം ചെയ്യപ്പെടാ­ന്‍ സാധിക്കാത്ത വിശ്വാസങ്ങളുടെ അടിത്തറയിലാണ് മിക്കവാറും മതങ്ങളെല്ലാം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഹിന്ദുമതത്തെയും വിശ്വാസത്തിന്റെ മതമാക്കാനാണ് പൗരോഹിത്യം ശ്രമിക്കുന്നത്. ജാതിയുടെ അടിമത്തഭാരം പേറിയിരുന്ന ‘സ്വയം സമ്പൂര്‍ണ ഗ്രാമ വ്യവസ്ഥ’ എല്ലാവിധ മാലിന്യങ്ങളുടെയും സ്രോതസ്സ് ആയിരുന്നുവെന്ന് കാള്‍ മാര്‍ക്‌സ് അഭിപ്രായപ്പെട്ടു. അദ്ദേഹം എഴുതി: ‘ഇന്ത്യയുടെ പുരോഗതിക്കും ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിനും നിര്‍ണായക പ്രതിസന്ധിയായി നില്‍ക്കുന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥയാണ്’. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 22-ാം പാ­ര്‍­ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പുതിയ പാര്‍ട്ടി പരിപാടിയില്‍ മതത്തോടുള്ള സമീപനം ഇങ്ങനെ വ്യക്തമാക്കുന്നു:

‘സോഷ്യലിസ്റ്റ് സമുദായത്തി­ല്‍ ഇന്ത്യയിലെ ശതകോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ഐക്യവും മൈത്രിയും കാത്തുസൂക്ഷി­ക്കണം. അതിനായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിന് നാം ഉറപ്പു നല്‍കും. എന്നാല്‍ മതമൗലികവാദത്തെ ഫലപ്രദമായി അടിച്ചമര്‍ത്തും. മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുന്നതോടൊപ്പം അവര്‍ക്കെതിരായ വിവേചനം നിരോധിക്കുകയും ചെയ്യും. മതത്തെ ഭരണകൂടത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വേര്‍പെടുത്തി നിര്‍ത്തണമെന്നാണ് മതേതരത്വം അഥവാ മതനിരപേക്ഷത കൊണ്ടുദ്ദേശിക്കുന്നത്’. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം നമ്മോടാവശ്യപ്പെടുന്നത് ഒരു മതനിരപേക്ഷ പ്രസ്ഥാനം വിശാലമായ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കാനാണ്. അതിനുള്ള പരിശ്രമത്തിലാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി. വര്‍ത്തമാനകാല സമൂഹത്തില്‍ അപകടകരമായ നിലയില്‍ മാനവികതയ്‌ക്കെതിരെയുള്ള നിലപാടുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പരിഷ്‌കാരം സൃഷ്ടിച്ചത് ഒരു ചെറുവിഭാഗമാണെന്നും അവര്‍ക്കെതിരെ ‘സമൂഹമനുഷ്യര്‍’ ആവിര്‍ഭവിച്ച് യുദ്ധം ചെയ്യുന്നുവെന്നും വിശ്വസിക്കുന്നവരാണ് ഫാസിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളും. ഈ ജീര്‍ണതയ്ക്ക് കാരണം സമൂഹ മനുഷ്യന്റെ ആധിപത്യമാണെന്നിവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫാസിസം അതു വളരാനുള്ള അനുകൂല സാഹചര്യങ്ങള്‍ പടിപടിയായി സൃഷ്ടിച്ച്, ജനങ്ങളെ അതിനനുസൃതമായി മെരുക്കിയെടുത്ത് അധികാര സ്ഥാനങ്ങളെ തങ്ങളുടെ വരുതിയിലാക്കി, മറ്റൊരു ബദലും ഇനി സാധ്യമാവുകയില്ല എന്ന തരത്തില്‍ സമൂഹ മനസ്സിനെ രൂപപ്പെടുത്തിയെടുത്ത്, അടിമത്തത്തിലേക്ക് ക്രമേണ കീഴ്‌പ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയില്‍ ആദ്യം തകര്‍ക്കപ്പെടുന്നത് മതനിരപേക്ഷതയെന്ന ഉന്നതമായ സമഷ്ടിബോധത്തെയാണ്. മതാന്ധതയ്‌ക്കെതിരെ ജാഗ്രത പാലിക്കുവാനും ഏതുവിധത്തിലുള്ള മത തീവ്രവാദത്തെയും ചെറുക്കുവാനും പുരോഗമന വീക്ഷണത്തിലടിയുറച്ച മതനിരപേക്ഷ സങ്കല്‍പ്പത്തെ എവ്വിധവും സംരക്ഷിക്കുകയും ചെയ്യുവാന്‍ നാം പ്രതിജ്ഞാബദ്ധരാവുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.