August 19, 2022 Friday

ഇന്ത്യയെ രക്ഷിക്കാനായി അണിചേരുക

Janayugom Webdesk
March 1, 2020 5:10 am

ല്ലാ പൗരൻമാരും രാജ്യത്തിന്റെ ഭാവിയെപറ്റി ഉറ്റുനോക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മതസൗഹാർദ്ദം, ജനങ്ങൾ തമ്മിലുള്ള ധാരണ എന്നിവ സംരക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ രാഷ്ട്ര തലസ്ഥാനമായ ഡൽഹിയിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. നിരവധി വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. നൂറ് കണക്കിന് പേർക്ക് പരിക്കേറ്റു. വീടുകൾ, കടകൾ, വാഹനങ്ങൾ, കോടികൾ വിലമതിക്കുന്ന വസ്തുവകകൾ എന്നിവ നശിപ്പിക്കപ്പെട്ടു. മതഭ്രാന്തരായ ക്രിമിനലുകൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഡൽഹിയിൽ ഒരു സർക്കാർ ഇല്ലാത്ത അവസ്ഥയാണ് സംജാതമായത്.

ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള നിദ്രയിലായിരുന്നു, ബോധപൂർവമായ നാണംകെട്ട ഉറക്കം. ഡൽഹി പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മതവിദ്വേഷം പരത്തുന്ന പ്രസ്താവനകൾ നടത്തുന്നവരെ നിയന്ത്രിക്കേണ്ടതായിരുന്നു. ഈ വാക്കുകളിലൂടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിദമായ സാഹചര്യത്തെയാണ് സുപ്രീംകോടതി തുറന്നുകാട്ടിയത്. ഇവിടെ ഉയരുന്ന ചോദ്യം തികച്ചും ലളിതമാണ്. സമയോചിതമായി ഇടപെടുന്നതിൽ നിന്നും പൊലീസിനെ തടഞ്ഞത് ആരാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയമാണ് ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് സേന നിർജ്ജീവമായിരുന്നു.

അതിന് ഉത്തരവാദികൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. 2002ൽ ഗുജറാത്തിൽ നടന്ന വംശഹത്യയിലും ഈ കുറ്റകരമായ നിസംഗതയാണ് ഇരുവരും പ്രകടിപ്പിച്ചത്. വർഗീയ സംഘർഷങ്ങൾക്കിടെ കരുതിക്കൂട്ടിയുള്ള നിസംഗതയിലൂടെ രാഷ്ട്രീയനേട്ടങ്ങൾ കൊയ്യുന്ന തന്ത്രങ്ങളാണ് ഇരുവരും ഡൽഹി ഉൾപ്പെടെ എല്ലായിടത്തും സ്വീകരിച്ചു പോന്നിട്ടുള്ളത്. തത്ഫലമായി നിരപരാധികളായ നിരവധി പേർ കൊല്ലപ്പെട്ടു, നൂറ് കണക്കിന് പേർക്ക് പരിക്കേറ്റു. മതേതര ഇന്ത്യയുടെ മേൽ ഉണ്ടാകുന്ന ഈ മുറിവുകൾ സംബന്ധിച്ച് ഇരുവരും തികച്ചും ആകുലപ്പെടാത്ത അവസ്ഥയിലാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള മോഡി സർക്കാരിന്റെ ഗൂഢലക്ഷ്യമാണ് സിഎഎ, എൻആർസി, എപിആർ എന്നിവയിലൂടെ പ്രകടമാകുന്നത്. മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അവയുടെ ലക്ഷ്യം. പാകിസ്ഥാന്റെ ഒരു ഹിന്ദു പതിപ്പായി മാറ്റുക എന്ന മോഡി സർക്കാരിന്റെ ലക്ഷ്യമാണ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്കു കാരണം. രാജ്യത്തിന്റെ ഭരണഘടനയുടെ സംരക്ഷണത്തിനായി മുൻപന്തിയിൽ നിന്ന സ്ത്രീകളും വിദ്യർഥികളും ആദരവ് അർഹിക്കുന്നു. ജെഎൻയു, ജാമിയ മിലിയ, ഷഹീൻബാഗ് എന്നിവ സർക്കാരിന്റെ വർഗീയ വിഭാഗീയ പ്രവണതകൾക്കെതിരെയുള്ള പ്രതീകങ്ങളായി മാറി. ഫാസിസ്റ്റ് ക്യാമ്പുകളിൽ നിന്നും നിരവധി പ്രകോപനങ്ങൾ ഉണ്ടായെങ്കിലും അവർ സമാധാനപരമായി പ്രതിഷേധം തുടരുന്നു. സംഘപരിവാർ ലക്ഷ്യമിട്ട ഹിന്ദു- മുസ്‌ലിം ധ്രൂവീകരണം അവിടെ ഉണ്ടായില്ല. എന്നാൽ മറ്റൊരു ധ്രുവീകരണം ഉണ്ടായി.

മതേതര ഇന്ത്യയിൽ ബിജെപിയും ആർ എസ്എസും ഒറ്റപ്പെട്ടു. കേരളം മുതൽ ബിഹാർ വരെയുള്ള സംസ്ഥാന നിയമസഭകൾ സിഎഎക്കെതിരെ പ്രമേയം പാസാക്കി. ഈ ഒറ്റപ്പെടലിൽ ഫാസിസ്റ്റുകൾ തികച്ചും നിരാശരാണ്. ഇക്കാര്യം ഡൽഹി അടിവരയിടുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ, എംപിമാർ, ബിജെപി നേതാക്കൾ വെടിയുണ്ടകളെയും കൊലപാതകങ്ങളെയും പറ്റി ആവർത്തിച്ച് പ്രസംഗിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച ഡൽഹി ഹൈക്കോടതി ജഡ്ജിയെ പാതിരാവിൽ സ്ഥലംമാറ്റി. ഉന്നത രാഷ്ട്രീയ നേതൃത്വമാണ് അതിനുപിന്നിൽ. ഡൽഹിയിലെ അക്രമത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാല് ദിവസം മൗനം ദീക്ഷിച്ചു. അദ്ദേഹത്തിന്റെ മൻ കി ബാത്തിലും അതേപറ്റി പരാമർശിച്ചില്ല. നിരാലംബരായ ജനങ്ങളെ ആക്രമിക്കാനുള്ള മൗനാനുവാദമായിരുന്നു അത്. അക്രമികളെ തടയാൻ പൊലീസ് എത്തില്ലെന്ന് അവർ ഉറപ്പാക്കിയിരുന്നു. ഗുജറാത്ത് കലാപം ഡൽഹിയിൽ ആവർത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. കൊലപാതകങ്ങൾ, ട്രംപിന്റെ ഇന്ത്യാ സന്ദർശനം എന്നിവയൊക്കെ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്.

ഇസ്ലാമിക വിരുദ്ധ നിലപാടാണ് ട്രംപ്- മോഡി സൗഹൃദത്തിന്റെ ആധാരം. ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്റെ സന്തതികൾ മരിക്കുമ്പോൾ നവയുഗ നീറോമാരായ ട്രംപും മോഡിയും സൈനിക കരാറുകൾ ഒപ്പുവയ്ക്കുന്ന തിരക്കിലായിരുന്നു. എന്നിട്ടും ഭാരത മാതാവിന്റെ രക്ഷകരായി അവർ ഊറ്റം കൊള്ളുന്നു. രാജ്യത്തെ പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിവില്ലാത്തവരാണ് രാജ്യം ഭരിക്കുന്ന ആർഎസ്എസ്- ബിജെപി സർക്കാരെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ഇവർ ദയനീയമായി പരാജയപ്പെട്ടു. ക്രിമിനലുകളുമായി കൂട്ടുചേർന്ന് ഇവർ പാവപ്പെട്ട ജനങ്ങളോട് ക്രൂരത കാണിക്കുന്നു.

ഫാസിസ്റ്റ് ആശയങ്ങളോട് വിധേയത്വവും ആഗോള സാമ്പത്തിക കുത്തകകളോട് അടിമത്ത മനോഭാവം പുലർത്തുന്നതുമായ ഇവർ ഹിറ്റ്ലറിസത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ഒരു മഹത്തായ രാജ്യത്തെ, അതിന്റെ ഭരണഘടനയെ, പ്രതിനിധീകരിക്കാനുള്ള ഇവരുടെ ശേഷി നഷ്ടമായിരിക്കുന്നു. പുതിയ വെല്ലുവിളികൾ നേരിടാൻ ഇന്ത്യയിലെ ജനങ്ങൾ ഉണരണം. ഭരണഘടനയുടെ മൂലക്കല്ലായ മതേതരത്വത്തെ സംരക്ഷിക്കണം. വിവിധ വിശ്വാസങ്ങളിലുപരിയായി മനുഷ്യക്കോട്ടകൾ തീർത്ത് നമ്മൾ ഒന്നാണ്, ഇനിയും ഒന്നായിരിക്കും എന്ന് വിളിച്ചോതണം. ഡൽഹിയിലെ പൊലീസ് സംവിധാനത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.