സാലറി ചലഞ്ച് ഏറ്റെടുക്കുന്നു : ജോയിന്റ് കൗണ്‍സില്‍

Web Desk
Posted on September 04, 2018, 7:48 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാ സത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്കണമെന്നുള്ള സര്‍ക്കാരിന്റെ ആഹ്വാനം സര്‍വ്വാത്മനാ ഏറ്റെടുക്കുന്നതായി ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ അറിയിച്ചു. ധനമന്ത്രി ഡോ.തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത സര്‍വ്വീസ് സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
 കേന്ദ്ര സഹായവും വിദേശ സഹായവുമൊക്കെ പ്രതീക്ഷിക്കുമ്പോള്‍ തന്നെ മുഴുവന്‍ മലയാളികള്‍ക്കും  അവരുടേതായ വലിയ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുണ്ട്. പുതിയ കേരളം പടുത്തുയര്‍ത്തുന്നതിന് എന്തെങ്കിലും സംഭാവന നല്‍കാന്‍ കഴിയുന്നവരെന്ന നിലയ്ക്ക്  മുഴുവന്‍ ജീവനക്കാരും അഭ്യര്‍ത്ഥന ഏറ്റെടുക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഒറ്റത്തവണയായോ ഗഡുക്കളായോ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഴുവന്‍ ജീവനക്കാരും തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജീവനക്കാരോടഭ്യര്‍ത്ഥിച്ചു.
 ചര്‍ച്ചയില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍, വൈസ് ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ജി സുധാകരന്‍ നായര്‍  അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി നേതാക്കളായ എന്‍ ശ്രീകുമാര്‍, കെ എസ് സജികുമാര്‍, എസ് ബിജു, പ്രദീപ് കുമാര്‍, ആര്‍ അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 ആഗസ്റ്റ് 17ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വീസ് സംഘടനാ നേതാക്കളുടെ യോഗത്തില്‍ തന്നെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കാമെന്ന് ജോയിന്റ് കൗണ്‍സില്‍ വാഗ്ദാനം ചെയ്തിരുന്നു.
 ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് എകെഎസ്ടിയു അംഗങ്ങള്‍ തയ്യാറാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാറും അറിയിച്ചു. എല്ലാ  അധ്യാപകരും ഈ സാഹചര്യത്തില്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കി കേരളത്തെ പുനഃസൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് എകെഎസ്ടിയു നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.