സിലിയെ കൊല്ലാന്‍ ഷാജു സഹായിച്ചെന്ന് ജോളി

Web Desk
Posted on October 11, 2019, 5:21 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളി. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്നു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും, ഇതേപ്പറ്റി ഷാജുവിന് അറിവുണ്ടായിരുന്നതായും ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ശ്രമിച്ചത് ഷാജുവാണെന്നും ജോളി മൊഴി നല്‍കി.

കേസുമായി ബന്ധപ്പെട്ട് ഷാജുവിനെ ക്രൈംബ്രാഞ്ച് പല തവണ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. ജോളിയെ രാവിലെ പൊന്നാമറ്റത്തെ വീട്ടില്‍ എത്തിച്ച് രണ്ടര മണിക്കൂറോളം തെളിവെടുപ്പ് നടത്തിയിരുന്നു. ശേഷമാണ് മഞ്ചാടിയിലെ വീട്ടില്‍ എത്തിച്ചത്. റോയിയുടെ അമ്മാവന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിച്ചത്. തുടര്‍ന്ന് ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇവിടെ തെളിവെടുപ്പ് നടന്നത്. ഷാജുവിനെയും പിതാവ് സക്കറിയയേയും ചോദ്യം ചെയ്ത് വരികയാണ്. ഷാജുവിന്റെ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാണ് തിരുവമ്പാടി സിഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്.

2014ല്‍ ഷാജുവിന്റെ മൂത്തകുട്ടിയുടെ ആദ്യകുര്‍ബാന സ്വീകരണത്തിന്റെ സത്കാരം നടക്കുന്നതിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇളയ കുട്ടി ആല്‍ഫൈന്‍ അവശനിലയിലായത്. സിലി കുഴഞ്ഞുവീണ് മരിച്ച ദന്താശുപത്രിയില്‍ തെളിവെടുപ്പ് നടക്കുകയാണ്. 2016ല്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഷാജു ഡോക്ടറെ കാണാന്‍ കയറിയപ്പോള്‍ പുറത്തിരിക്കുകയായിരുന്ന സിലി ജോളി കൊടുത്ത വെള്ളം കുടിച്ചതോടെ കുഴഞ്ഞുവീണുവെന്നാണ് റിപ്പോര്‍ട്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ജോളി വിളിച്ചത് അനുസരിച്ച് ആശുപത്രിയില്‍ എത്തിയ സിലിയുടെ സഹോദരന്‍ കാണുന്നത് കാറില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന സിലിയെ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിലിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഷാജുവിനെ ചികിത്സിച്ചിരുന്ന ഡോക്ടറില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ദന്താശുപത്രിയില്‍ അരമണിക്കൂറോളം നീണ്ട തെളിവെടുപ്പിനു ശേഷം ജോളിയുമായി പോലീസ് സംഘം എന്‍ഐടി ക്യാമ്പസ് പരിസരത്തേയ്ക്ക് പോയി. എന്‍ഐടിയില്‍ അധ്യാപികയാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളോളം ജോളി കുടുംബങ്ങളെയും നാട്ടുകാരേയും കബളിപ്പിച്ചിരുന്നു.

അതിനിടെ, കൂടത്തായി മരണങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അന്നമ്മ, ടോം തോമസ്, മഞ്ചാടി മാത്യൂ, റോയ് തോമസ് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലും സിലിയുടെ മരണത്തില്‍ താമരശേരി സ്‌റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി കൊടുത്താണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ വധശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം തവണയാണ് കൊലപാതകം നടന്നതെന്നും ജോളി മൊഴി നല്‍കി. ജോളി ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ഒന്ന് മകന്‍ റെമോ പോലീസിന് കൈമാറിയിട്ടുണ്ട്. ജോളിയുടെ കോയമ്പത്തൂര്‍ യാത്രകള്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനാണെന്നും ഇവര്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊന്നാമറ്റത്തെ തെളിവെടുപ്പില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.