ജോളി പോയിരുന്നത് സാത്താന്‍ സേവയ്‌ക്കോ!? ആല്‍ഫൈനെ കൊലപ്പെടുത്തിയത് ഇതിന് വേണ്ടിയെന്ന് സൂചന

Web Desk
Posted on October 16, 2019, 2:08 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ എന്‍ഐടി യാത്രയ്ക്കു പിന്നിലും ദുരൂഹത. എന്‍ഐടി അദ്ധ്യാപികയെന്ന് വിശ്വസിപ്പിച്ചിരുന്ന ജോളി ദിവസവും വീട്ടില്‍ നിന്ന് ജോലിയ്ക്കായി ഇറങ്ങിയിരുന്നു. 14 വര്‍ഷമായി എന്‍ഐടിയിലേയ്‌ക്കെന്ന് പറഞ്ഞ് ജോളി പോയിരുന്നത് സാത്താന്‍ പൂജയ്ക്കായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ജോളിയുടെ സ്വദേശമായ കട്ടപ്പനയില്‍ സാത്താന്‍ പൂജ ചെയ്യുന്ന ആളുകളുമായി ജോളിക്ക് അടുപ്പമുണ്ടെന്നും വിവരമുണ്ട്. അത് കൂടാതെ വ്യാജ ഒസ്യത്തിനും സ്ഥലത്തിന്റെ രജിസ്‌ട്രേഷനും സഹായം നല്‍കിയവരെ ഈ യാത്രയിലൂടെ പരിചയപ്പെട്ടതാണെന്നും പൊലീസിന് വിവരം ലഭിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് സാത്താന്‍ പൂജയ്ക്ക് ഒത്താശ ചെയ്യുന്നതെന്നാണ് കരുതുന്നത്. കൂടാതെ എന്‍ഐടി കേന്ദ്രീകരിച്ചും ഇത്തരം സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ കോഴിക്കോട് കേന്ദ്രമായി സാത്താന്‍ പൂജാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ചകളിലാണ് സാത്താന്‍ പൂജ നടക്കുന്നത്. അംഗങ്ങള്‍ക്ക് മാത്രമേ ഇത്തരം ക്ലബ്ബിലേക്ക് പ്രവേശനമുള്ളൂ.

പുറത്ത് നിന്നുള്ള ആരെയും ഉള്ളിലേയ്ക്ക് കടത്തി വിടാറില്ല. സാത്താന്‍ പൂജയിലൂടെ സ്വത്തും പണവും വര്‍ദ്ധിക്കുമെന്നാണ് ഇവരുടെ അന്ധവിശ്വാസം. ക്രിസ്ത്യാനികളുടെ ഹോളി ബൈബിളിനേയും വിശുദ്ധ കുര്‍ബ്ബാനയെയും അവഹേളിക്കുന്ന തരത്തിലുള്ള ആഭിചാര കര്‍മ്മങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ജോളി ആഭിചാര കര്‍മ്മങ്ങള്‍ നടത്താറുണ്ടെന്ന സംശയം നേരത്തേ തന്നെ ഉണ്ടായിരുന്നു. വീട്ടില്‍ ചില പൂജകളും മറ്റും റോയിയും ജോളിയും നടത്തിയിരുന്നതായി അയല്‍വാസികളും പറഞ്ഞു. കട്ടപ്പന സ്വദേശിയായ ജ്യോത്സന്റെ വീട്ടിലെത്തി ജോളി പൂജ നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അരുംകൊല അല്ലെങ്കില്‍ കുരുതി സാത്താന്‍ പൂജയുടെ ഭാഗമായുള്ള ആഭിചാര ക്രിയയാണെന്നാണ് കണക്കാക്കപ്പെടുന്നത്. പെണ്‍കുട്ടികളെ കുരുതി കൊടുക്കുന്നതിലൂടെ എളുപ്പത്തില്‍ ഫലപ്രാപ്തി നടക്കുമെന്നാണ് സാത്താന്‍ പൂജയിലെ വിശ്വാസം. ഇതിന്റെ ഭാഗമായിട്ടാണ് ജോളി തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പെണ്‍കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. കൂടാതെ പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്.

അതേസമയം, ചോദ്യം ചെയ്യുന്നതിനിടെ താന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെയാണ് ജോളിയുടെ പെരുമാറ്റം. എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും, ആ സമയങ്ങളില്‍ ഞാന്‍ എന്തുചെയ്യുമെന്ന് പറയാനാകില്ലെന്നും ജോളി കോടതിയില്‍ ഹാജരാക്കാന്‍ പോകവേ പറഞ്ഞിരുന്നു. ഇതൊക്കെ ചേര്‍ത്ത് വെച്ചാല്‍ ജോളിക്ക് സാത്താന്‍ പൂജയുമായി ബന്ധമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം.