അമ്മയുടെ മരണത്തിനു പിന്നില്‍ ജോളിയെന്നും സിലിയുടെ മകന്‍: ജോളിയെ വീണ്ടും അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും

Web Desk
Posted on October 20, 2019, 6:58 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസായ സിലി വധക്കേസില്‍, ജോളിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പോലീസ് ഉടന്‍ താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. സിലി വധക്കേസില്‍ അറസ്റ്റിലായ ജോളിയെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച തന്നെ കോടതിയില്‍ എത്തിച്ചിരുന്നു. ഇത് ഇന്ന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജോളിയെ നാളെ തന്നെ റിമാന്റ് ചെയ്യുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ച് കസ്റ്റഡിയില്‍ വാങ്ങുന്നതിനാണ് അന്വേഷണസംഘം നീക്കം നടത്തുന്നത്. റോയി തോമസ് കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ജോളിയുടെയും മറ്റു പ്രതികളുടെയും റിമാന്റ് കാലാവധി നവംബര്‍ രണ്ടു വരെ കോടതി നീട്ടിയിരുന്നു. വെള്ളിയാഴ്ചയാണ് സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ജോളിയെയും ബന്ധുവായ എം. എസ്. മാത്യുവിനെയുമാണ് ഈ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. റോയിതോമസ് കേസിലെ മൂന്നാമത്തെ പ്രതിയായ പ്രജികുമാറിനെ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ജോളിയില്‍ നിന്ന് കടുത്ത മാനസിക ശാരീരിക പീഡനങ്ങളുണ്ടായിരുന്നുവെന്ന് രണ്ടാംഭര്‍ത്താവ് ഷാജുവിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകന്‍ പോലീസിന് മൊഴി നല്‍കി. വീട്ടില്‍ ഒറ്റപ്പെടുത്തി, രണ്ടാനമ്മ എന്ന രീതിയില്‍ എല്ലാ വിവേചനങ്ങളും കാണിച്ചിരുന്നുവെന്നും സിലിയുടെ മകന്‍ അന്വേഷണസംഘത്തോട് പറഞ്ഞതായാണ് വിവരം. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മകന്‍ ജോളിയുടെ പീഡനത്തെക്കുറിച്ച് അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്. നിരന്തരം മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നുവെന്നും മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. സിലിയുടെ മകന്‍ കുറച്ച് കാലങ്ങളായി ബന്ധുവീട്ടിലാണ് താമസിക്കുന്നത്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ദന്താശുപത്രിയില്‍ നടന്ന കാര്യങ്ങളും മകന്‍ അന്വേഷണോദ്യോഗസ്ഥരോട് വിവരിച്ചതായാണ് സൂചന. അവിടെ വെച്ചാണ് ജോളി സിലിക്ക് സയനൈഡ് പുരട്ടിയ ഗുളിക നല്‍കിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. താമരശ്ശേരി പാരിഷ് ഹാളില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം സമീപത്തുള്ള ദന്താശുപത്രിയില്‍ ഷാജുവിന്റെ പല്ല് കാണിക്കാന്‍ സിലിക്കൊപ്പം ജോളിയും ജോളിയുടെ ഇളയമകനും സിലിയുടെ മകനും എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. ജോളിയുടെ ആദ്യഭര്‍ത്താവായ റോയി തോമസിന്റെ മരണശേഷം ജോളിയുടെ സുഹൃത്തായ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍, റോയി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ തന്റെ പേരിലേക്ക് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തി. ഇതിലൂടെ ജോണ്‍സണ്‍ ഔദ്യാഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. അന്വേഷണ സംഘം ഇക്കാര്യം പരിശോധിക്കുന്നുണ്ട്. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ജോളി കൊലയാളിയാണെന്ന് അറിയില്ലായിരുന്നുവെന്നും ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. ജോണ്‍സന്റെ പേരിലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചിരുന്നതെന്ന് നേരത്തെ തന്നെ പോലീസ് സംഘം കണ്ടെത്തിയിരുന്നു.

ജോളി ജോണ്‍സനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സനൊപ്പം ജോളി ബെംഗളൂരുവില്‍ പോയിരുന്നതായും പോലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം. അതേസമയം കേസില്‍ ജോളി അറസ്റ്റിലായ ശേഷവും ജോണ്‍സണ്‍ കോയമ്പത്തൂരിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. സയനൈഡ് കൈമാറ്റത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഇതെന്ന സംശയവും ബലപ്പെടുന്നു.

പലതവണ ഉപദ്രവിച്ചു; അമ്മയുടെ മരണത്തിനു പിന്നില്‍ ജോളിയെന്നും സിലിയുടെ മകന്‍

കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫിനെതിരെ കൊല്ലപ്പെട്ട സിലിയുടെ മകന്റെ മൊഴി പുറത്ത്. കൂടത്തായിയിലെ വീട്ടില്‍ ജീവിച്ചത് അപരിചിതനെപ്പോലെയാണെന്ന് സിലിയുടെ മകന്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. രണ്ടാനമ്മയില്‍നിന്ന് തരംതിരിവുണ്ടായി. സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചു. ജോളി നല്‍കിയ വെള്ളം കുടിച്ചശേഷമാണ് സിലിയുടെ ബോധം പോയതെന്നും മകന്‍ പോലീസിന് മൊഴി നല്‍കി. സിലിയുടെ കൊലപാതകത്തിനു പിന്നില്‍ ജോളി തന്നെയാണെന്നാണ് മൊഴി. കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പോലീസ് അന്വേഷിക്കുന്നത്. ഈ കേസില്‍ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പോാലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ’ഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം പതിനാറുകാരന്റെ മൊഴിയെടുത്തത്. റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പോലീസും സിലിയുടെ മരണത്തില്‍ താമരശ്ശേരി പോലീസും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.