Web Desk

കാഞ്ഞിരപ്പള്ളി

June 22, 2020, 6:45 pm

ജോസഫ് വിഭാഗം സ്ഥാനാർഥിക്കെതിരെ ആരോപണവുമായി ജോസ് വിഭാഗം

Janayugom Online

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന യുഡിഎഫ് നിർദ്ദേശത്തോട് മറുതലിച്ച കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ജോസഫ് വിഭാഗം പ്രസിഡന്റ് സ്ഥാനാർഥിക്ക് എതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തി. ആരോപണങ്ങൾ നിരത്തി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വ്യാപകമായി ജോസ് വിഭാഗം പോസ്റ്ററുകൾ പതിച്ചു.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ കങ്ങഴ ഡിവിഷനിൽ നിന്നുള്ള അജിത് മുതിരമലയാണ് ജോസഫ് വിഭാഗത്തിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി.

കാ‍‍ഞ്ഞിരപ്പള്ളി എംഎൽഎയും ജോസ് വിഭാഗത്തിലെ വിശ്വസ്തനുമായ എൻ ജയരാജ് എംഎൽഎയുടെ മന: സാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഒരിക്കൽ അജിത് മുതിരമല. നെടുംകുന്നം റൂറൽ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയായിരുന്നു അജിത്. ഇവിടെ കോടികളുടെ വെട്ടിപ്പുനടത്തിയെന്നാണ് എംഎൽഎ അടക്കം കേരളാ കോൺഗ്രസ്(എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആരോപിക്കുന്നത്.

നോട്ടുനിരോധത്തിന്റെ വേളയിൽ കറുകച്ചാൽ അടുത്ത് പ്രവർത്തിക്കുന്ന ഒരു ധ്യനകേന്ദ്രത്തിൽ നിന്നും സൊസൈറ്റിയിൽ നിക്ഷേപിച്ച കോടികളിൽ തിരിമറിയുണ്ടായെന്നാണ് പരാതി. ഇക്കാര്യത്തിൽ അന്വേഷണം ജോയിന്റ് രജിസ്ട്രാർ തലത്തിൽ അവസാനഘട്ടത്തിലാണെന്നും കേരളാ കോൺഗ്രസ്(എം) ജോസ് വിഭാഗം നേതൃത്വം വിശദീകരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കണ്ട് ജോസഫ് വിഭാഗം പനിക്കേണ്ടന്നും ജോസ് വിഭാഗം ആവർത്തിക്കുന്നു.

ജോസഫ് ജോസ് വിഭാഗങ്ങൾ തമ്മിൽ പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും ധാരണ രൂപപ്പെടാതിരുന്നതോടെയാണ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന് കർശന നിലപാടെടുത്തു പരസ്യപ്പെടുത്താൻ യുഡിഎഫ് തയാറായത്.

എട്ടുമാസം ജോസ് വിഭാഗത്തിനും ആറുമാസം പിജെ ജോസഫ് വിഭാഗത്തിനുമായി ജില്ലാ പഞ്ചായത്തിൽ ധാരണ ഉണ്ടാക്കിയിരുന്നു എന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ ജോസഫ് യുഡിഎഫിലേക്ക് വന്നപ്പോൾ കെഎം മാണിയും ജോസഫും തമ്മിലുണ്ടാക്കിയ കരാർ മാത്രമാണ് സ്വീകാര്യമെന്നാണ് ജോസ് വിഭാഗത്തിന്റെ നിലവിലെ നിലപാട്.

Eng­lish sum­ma­ry: Jose fac­tion against  candidate.

You may also like this video: