September 29, 2022 Thursday

ജോസഫിനെ അയോഗ്യനാക്കാൻ നാളെ സ്പീക്കർക്ക് കത്ത് നൽകും: ജോസ് കെ മാണി

പ്രത്യേക ലേഖകൻ
കോട്ടയം:
September 6, 2020 10:13 pm

പ്രത്യേക ലേഖകൻ

അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (എം) നൽകിയ വിപ്പ് ലംഘിച്ച പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നാളെ സ്പീക്കർക്ക് കത്തു നൽകുമെന്നു പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി അറിയിച്ചു. കഴിഞ്ഞ മാസം 24ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പിലും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനിൽക്കാൻ എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ആ വിപ്പ് പിജെ ജോസഫ്, മോൻസ് ജോസഫ് എന്നീ എംഎൽഎമാർ ലംഘിച്ചു. അവർക്കെതിരെ അയോഗ്യതയ്ക്ക് നടപടിയെടുക്കണമെന്ന് പാർട്ടി നേതൃത്വം ഏകകണ്ഠമായി ആവശ്യപ്പെട്ടുവെന്ന് കേരളാ കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിക്ക് ശേഷം ജോസ് കെ മാണി വിശദീകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും.

കാലങ്ങളായി കേരളാ കോൺഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ് കുട്ടനാട്. അവിടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള അവകാശവും കേരളാ കോൺഗ്രസിന് തന്നെയാണ്. കുട്ടനാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി സജ്ജമാണ്. തെരഞ്ഞെടുപ്പ് വി‍ജ്ഞാപനം വരാൻ സമയമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് പി ജെ ജോസഫ് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നം വിട്ടു കൊടുക്കില്ല. പാലായിൽ ചിഹ്നം നിഷേധിച്ചവർക്കുള്ള കാവ്യനീതിയാണ് ഇതെന്നും ജോസ് കെ മാണി തുടർന്നു. ജോസഫ് വിഭാഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത് തെരഞ്ഞെടുപ്പു കമ്മിഷനെ പോലും വെല്ലുവിളിക്കലാണ്.

തെറ്റു തിരുത്തിയാൽ യുഡിഎഫിലേക്ക് തിരിച്ച് വരാമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. എന്തു തെറ്റാണ് ചെയ്തതെന്നും ഏത് തെറ്റാണ് തിരുത്തേണ്ടതെന്നും ജോസ് കെ മാണി ചോദിച്ചു. പലരും കേരളാ കോൺഗ്രസിനെ സ്വാഗതം ചെയ്യുന്നുണ്ട്. അതിൽ നന്ദി ഉണ്ട്. ഉചിതമായ തീരുമാനത്തിന് അധികം കാത്തിരിക്കേണ്ടതില്ല. പാലായും കുട്ടനാടും എൻസിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നുമുള്ള മാണി സി കാപ്പന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ENGLISH SUMMARY: jose k mani gave let­ter to speaker

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.