നിഷ ജോസിന്റെ രംഗപ്രവേശം; ആശങ്കയില്‍ ജോസഫ് വിഭാഗം

Web Desk
Posted on February 23, 2019, 3:22 pm

ജോസ‌് കെ മാണി എംപിയുടെ ഭാര്യയും കെ എം മാണിയുടെ മരുമകളുമായ നിഷ പൊതുവേദിയിൽ കൂടുതൽ സജീവമാകുന്നു.

മാണിയുടെ 86 -ാം ജന്മദിനത്തോടനുബന്ധിച്ച‌് ആരംഭിച്ച സെന്ററിന്റെ ചെയർ പെഴ‌്സണായി
നിഷ പൊതുവേദിയിൽ കൂടുതൽ സജീവമാകുകയാണിപ്പോൾ.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ രണ്ട‌് സീറ്റ‌് ആവശ്യവുമായി കേരള കോൺഗ്രസ‌് എമ്മിൽ പി ജെ ജോസഫ‌്–-മാണി ശീതസമരം ശക്തമായ ഘട്ടത്തിലാണ‌് സെന്റർ രൂപീകരണവും നിഷയുടെ രംഗപ്രവേശവും.എന്നാൽ ഈ നീക്കം ആശങ്കയോടെയാണ് യുവനിരയും പി ജെ ജോസഫ‌് വിഭാഗവും നിരീക്ഷിക്കുന്നത്

സെന്ററിന്റെ ആദ്യ പരിപാടി കോട്ടയത്താണ‌് ആരംഭിച്ചത് . നിഷയെ തെരഞ്ഞെടുപ്പ‌് രംഗത്തിറക്കാനുള്ള നീക്കമാണ‌് ഇത്. ഇവർ കോട്ടയം സീറ്റിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ ഇതിനെ ഭയന്നാകണം ‘നിഷ മത്സരിക്കില്ല’ എന്ന വാർത്താകുറിപ്പ‌് മാണി പക്ഷം ഇറക്കിയത്.

ഒപ്പം മകന്റെ വക ഒരു കമന്റും , ‘സ‌്ത്രീകൾ എല്ലാ രംഗത്തും സജീവകമാകുന്ന സമയമല്ലെ’ എന്ന്.

നിഷ മത്സരിക്കില്ല എന്ന് പ്രസ്താവന ഇറക്കിയെങ്കിലും മാണിയുടെ മനസ്സിലെ കോട്ടയം സ്ഥാനാർഥി ആരെന്നതിനുള്ള ഉത്തരം കോൺഗ്രസ്സ് പാർട്ടിക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

യൂത്ത‌് ഫ്രണ്ട‌് പ്രസിഡന്റ‌ടക്കം സ്ഥാനാർഥിത്വം ആവശ്യപ്പെട്ട‌് പരസ്യമായി രംഗത്തെത്തിയിരിക്കുന്ന രണ്ടാംഘട്ടത്തിലാണ‌് വീണ്ടും നിഷയുടെ രംഗപ്രവേശം.