പ്രത്യേക ലേഖകൻ

കോട്ടയം:

October 14, 2020, 4:20 pm

ജോസഫിന്റെ സമ്മർദ്ദം ഫലിച്ചു ‚“കേരളാ കോൺഗ്രസിനെ തകർക്കാൻ കോൺഗ്രസിന് പ്രത്യേക ഫണ്ട്”

Janayugom Online

പ്രത്യേക ലേഖകൻ

നിയമസഭാ പ്രവേശത്തിന്റെ 50-ാം വാർഷികവും നിയമസഭാംഗമെന്ന നിലയിൽ നാൽപതാണ്ടും പൂർത്തീകരിച്ചതിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം കോട്ടയം പ്രസ് ക്ലബിൽ നാലുനാൾ മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലും പിജെ ജോസഫ് പുതിയദൗത്യത്തിൽ മതിമറന്നു. ജോസ് കെ മാണിയെ അധിക്ഷേപിക്കുക. ജോസ് കെ മാണിയെന്ന കൊതുമ്പുവള്ളം മുങ്ങിത്താഴുമെന്നായിരുന്നു ആ വാക്കുകൾ. പിജെ നടത്തിയ അധിക്ഷേപങ്ങളോട് കോൺഗ്രസ് പുലർത്തിയത് നിസ്സംഗതയുടെ നിലപാടുകളായിരുന്നു.
ഇന്ന് വാർത്താ സമ്മേളനത്തിൽ ജോസ് കെ മാണി ഇക്കാര്യങ്ങളിലെ വൈകാരികത ഉയർത്തിയത് യുഡിഎഫിനെ അസ്വസ്ഥതമാക്കുന്നതാണ്.

”നീചമായ വ്യക്തിഹത്യയാണ് എനിക്കെതിരെ പിജെ ജോസഫ് നടത്തിയത്. മാണിക്ക് അസുഖമാണെന്ന് അറിഞ്ഞ ഉടനെ തന്നെ ലോക്‌സഭ സീറ്റ് ചോദിച്ചു, പിന്നീട് രാജ്യസഭ സീറ്റ് ചോദിച്ചു. പാല ഉപതെരഞ്ഞെടുപ്പിൽ പാല നിയോജന മണ്ഡലത്തിൽ നിന്ന് ഞാൻ പറയുന്ന ആളാകണം സ്ഥാനാർത്ഥിയെന്ന് ആവശ്യപ്പെട്ടു. പാർട്ടിയുടെ പേരും ചിഹ്നവും വേണമെന്ന് പറഞ്ഞു. മാണിസാറിന്റെ ഭവനം പോലും മ്യൂസിയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു” എന്നാൽ ഞാനൊരിക്കലും അതേ രീതിയിൽ പ്രതികരിച്ചില്ല, ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
ഈ പ്രശ്നങ്ങളെല്ലാം ഐക്യ ജനാധിപത്യമുന്നണിയെ ബാധിക്കുന്നതാണ്. ഇവയെല്ലാം യുഡിഎഫിനെ ദുർബലപ്പെടുത്തുമ്പോഴും ഒരു ചർച്ച നടത്താൻ പോലും നേതാക്കൾ തയ്യാറായില്ല. പിജെ ജോസഫിന് മൗന പിന്തുണയാണ് നേതാക്കൾ കൊടുത്തത്. ഇന്ന് കേന്ദ്രത്തിൽ യുപിഎയ്ക്ക് നാമമാത്രമായ അംഗബലം മാത്രമേ ഉള്ളൂ. അങ്ങനെയൊരവസരത്തിൽ പോലും നാളുകളുടെ ഒരു പഞ്ചായത്ത് പദവിക്ക് വേണ്ടി യുഡിഎഫ് കേരള കോൺഗ്രസിനെ പുറത്താക്കി, ജോസ് കെ മാണി വികാരഭരിതനായി.

ഇന്ന് കോൺഗ്രസിലെ ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരള കോൺഗ്രസാണെന്നും അതിന് വേണ്ടി സ്പെഷ്യൽ ഫണ്ട് തന്നെയുണ്ടെന്നും പണ്ട് കെഎം മാണി പറഞ്ഞിരുന്നു. അതിപ്പോഴും പ്രസക്തമാണ്. ഇപ്പോൾ മാണിസാറിനോട് യുഡിഎഫിന് വലിയ സ്നേഹ പ്രകടനമാണ്. പക്ഷേ ഞങ്ങളെ പുറത്താക്കിയപ്പോൾ അത് ഉണ്ടായിരുന്നോ? ഞങ്ങളെ തിരിച്ചുകൊണ്ടുവരാൻ ആത്മാർത്ഥമായ ഒരു ചർച്ച നടന്നോ? ജോസ് കെ മാണി ചോദിച്ചു.

യുഡിഎഫ് കെഎം മാണിയെ അപമാനിക്കുകയാണെന്നും മാണിയുടെ പാർട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യുഡിഎഫ് പ്രവർത്തിക്കുന്നതെന്നും ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചിരുന്നു.

ഒരിക്കലും യുഡിഎഫിനെ ചതിച്ചിട്ടില്ലെന്നും ചതി കേരള കോൺഗ്രസിന്റെ സംസ്കാരമല്ലെന്നും വിശദീകരിച്ച ജോസ് കെ മാണി മുന്നണിയിൽ എല്ലാ രാഷ്ട്രീയ ധാരണകളും കൃത്യമായി പാലിച്ചിരുന്നതായി അവകാശപ്പെട്ടു. എന്നാൽ കേരള കോൺഗ്രസിനെ യുഡിഎഫ് പടിയടച്ച് പുറത്താക്കി. പാലായിൽ പിജെ ജോസഫും കോൺഗ്രസും വിശ്വാസവഞ്ചനയാണ് കാണിച്ചത്.പാലായിലുണ്ടായത് വെറുമൊരു വഞ്ചനയല്ല. എന്നാൽ ഇതേക്കുറിച്ച് പരാതി നൽകിയിട്ട് യുഡിഎഫ് പരിഗണിച്ചില്ല. കേരള കോൺഗ്രസ് മുന്നണിയിൽ നിന്ന് പുറത്തുപോയതല്ല, യുഡിഎഫ് പുറത്താക്കിയതാണ്. ഇല്ലാത്ത ധാരണയുടെ പേരിലാണ് മുന്നണിയിൽ നിന്ന് പുറത്താക്കിയത്.

കെ എം മാണിയുടെ മരണത്തോടെ പാർട്ടിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നു. മാണിയുടെ ആത്മാവിനെ അപമാനിച്ചു. മാണിയുടെ രോഗവിവരം അറിഞ്ഞത് മുതൽ കേരള കോൺഗ്രസ് പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ പി ജെ ജോസഫ് ശ്രമിക്കുകയായിരുന്നു. ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് കെഎം മാണിയുടെ രാഷ്ട്രീയ പൈതൃകം ചാർത്തിക്കൊടുത്ത കോൺഗ്രസ്സ് ഓരോ കേരളാ കോൺഗ്രസ്സ് പ്രവർത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ്. മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തിൽ കേരളാ കോൺഗ്രസ്സിന് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. കേരള കോൺഗ്രസിന്റെ അന്ത്യമായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. കേരളാ കോൺഗ്രസ്സിന്റെ ആത്മാഭിമാനം ആർക്കും അടിയറവയ്ക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

ENGLISH SUMMARY: jose k mani’s left alliance entry updations

YOU MAY ALSO LIKE THIS VIDEO