August 7, 2022 Sunday

Related news

July 27, 2021
July 15, 2021
February 25, 2021
February 22, 2021
December 11, 2020
November 20, 2020
October 17, 2020
September 18, 2020
September 2, 2020
May 21, 2020

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി ജോസഫ്; അവകാശവാദം തർക്കങ്ങളിലേക്ക്

ജയ്സൺ ജോസഫ്
തിരുവനന്തപുരം
October 17, 2020 9:37 pm

കേരള കോൺ​ഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റുകളും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ വേണമെന്ന അവകാശവാദവുമായി പി ജെ ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 1,212 സീറ്റിലും നിയമസഭയിലേക്ക് 15 സീറ്റിലുമാണ് കേരള കോൺ​ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത്. പിളർപ്പിനെ തുടർന്നുള്ള കേരളാ കോൺഗ്രസിന്റെ പറ്റിൽ മത്സരിക്കാമെന്ന് കണക്കുകൂട്ടിയ കോൺഗ്രസ് നേതൃത്വം ജോസഫിന്റെ അവകാശവാദം വലിയ തർക്കങ്ങളിലേക്ക് പോകുമോ എന്ന ആശങ്കയിലാണിപ്പോൾ.

“കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തിൽ നിന്നുൾപ്പെടെ നേതാക്കന്മാർ ഇപ്പുറത്തേക്ക് വന്നു കഴിഞ്ഞു. അപ്പുറത്ത് അർത്ഥ ശൂന്യമായ പ്രസ്താവന നടത്തുന്ന റോഷി അ​ഗസ്റ്റിൻ മാത്രമാണുള്ളത്. അതുകൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്നതാണ് തങ്ങളുടെ ആവശ്യം. സ്റ്റാറ്റസ്കോ നിലനിർത്തണം. വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ച് മാറ്റത്തിന് തയ്യാറാണ്” ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള അധികാര വടംവലിയിൽ ജോസഫിനൊപ്പം ഉറച്ച് നിൽക്കാനായിരുന്നു യുഡിഎഫിന്റെ തിരുമാനം. കേരള കോൺഗ്രസിൽ ജോസ് കെ മാണിയേക്കാൾ കരുത്തൻ പി ജെ ജോസഫ് തന്നെയെന്നായിരുന്നു യുഡിഎഫിന്റെ ധാരണ. ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാൾ, മാണിയുടെ മരണശേഷം പി ജെ ജോസഫ് ശക്തനായി എന്നായിരുന്നു മുന്നണിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ തങ്ങൾക്ക് കരുത്താകുമെന്ന് വിശ്വസിച്ച ജോസഫ് യുഡിഎഫിന് തലവേദന തീർക്കുകയാണ്.

ജോസ് കെ മാണി മുന്നണി വിട്ടതോടെ കൂടുതൽ സീറ്റുകൾ മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. എന്നാൽ കോൺഗ്രസ്സിലെ സീറ്റ് മോഹികളെല്ലാം ആഗ്രഹങ്ങൾ മടക്കിവയ്ക്കാനാണ് ജോസഫിന്റെ ആവശ്യം. തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ മത്സരിക്കുമെന്ന് പി ജെ ജോസഫ് ആവർത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണി വിഭാഗം 10 ഇടത്ത് മത്സരിച്ചപ്പോൾ നാല് സീറ്റുകളിലായിരുന്നു ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നത്.

പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറപ്പ്, ആലത്തൂർ സീറ്റുകളിലായിരുന്നു മാണി വിഭാഗം മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകളിൽ ജോസഫ് വിഭാഗവും മത്സരിച്ചു. തൊടുപുഴ, കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ മാത്രമാണ് ജയിക്കാനായതും.

ജോയി എബ്രഹാം, ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി, വിക്ടർ ടി തോമസ്, അറക്കൽ ബാലകൃഷ്ണപിള്ള തുടങ്ങി കേരളാ കോൺഗ്രസ് വിവിധ വിഭാഗങ്ങളിൽ നിന്ന് ജോസഫ് വിഭാഗത്തിലേക്കു വന്നവരും അവർക്കൊപ്പമുള്ളവരും സീറ്റുകൾ പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്.

ചേക്കേറിയവരിൽ ഉൾപ്പോരും കനക്കുകയാണ്. കെ എം മാണിയുടെ വലംകൈ ആയിരുന്ന ജോയി എബ്രഹാമിന് സി എഫ് തോമസിന്റെ മരണത്തോടെ ജോസഫ് ഗ്രൂപ്പിൽ തന്റെ ഇടം ചുരുങ്ങുന്നത് ബോധ്യപ്പെടുന്നുണ്ട്. ഫ്രാൻസീസ് ജോർജ്ജിന്റെ വരവ് മോൻസിനൊപ്പം ഒരു മറുചേരിയെ സ‍ൃഷ്ടിച്ചിട്ടുണ്ട്. തെര‍ഞ്ഞെടുപ്പ് അടുക്കുംതോറും പാർട്ടിയിൽ തർക്കം വളരുമെന്ന് ജോസഫിനറിയാം. കേരളാ കോൺഗ്രസ് സംസ്കാരത്തിൽ തെരഞ്ഞെടുപ്പിനോടടുത്ത് കൂടുമാറ്റങ്ങൾ കൂടുതലാകും.

ചങ്ങനാശേരി എംഎൽഎയായിരുന്ന സിഎഫ് തോമസ് അന്തരിച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാണ്. എൻഎസ്എസ് ആസ്ഥാനമുൾപ്പെടുന്ന ചങ്ങനാശേരിയിൽ രമേശ് ചെന്നിത്തല തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെടുന്നവർ ഏറെയാണ്. മുൻ മന്ത്രി കെ സി ജോസഫും ചങ്ങനാശ്ശേരി മോഹിക്കുന്നുണ്ട്.

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതെന്ന് ജോസഫ് പറഞ്ഞു, അത് വേണ്ടെന്ന് വച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നെന്നും ജോസഫ് ഇന്നലെ തൊടുപുഴയിൽ വിശദീകരിച്ചു. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് കേരളാ കോൺഗ്രസ് എമ്മെന്നും റോഷി അ​ഗസ്റ്റിൻ ജോസ് കെ മാണിയുടെ കുഴലൂത്തുകാരനായെന്നും പതിവുപോലെ പരിഹസിക്കാനും ജോസഫ് സമയം കണ്ടെത്തി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.