Web Desk

തിരുവനന്തപുരം

December 31, 2020, 2:09 pm

ഇത്‌ കേരളമാണ്‌, ഇവിടെ ഇങ്ങനെയൊക്കെയാണ്‌ കാര്യങ്ങൾ, ഇവിടെ മാത്രം: വൈറലായി ഒരു അനുഭവക്കുറിപ്പ്

Janayugom Online

ഏറെ സന്തോഷത്തോടെ പറയട്ടെ ഏതൊരു സാധാരണ പൗരനും നമ്മുടെ മന്ത്രിമാരെ നേരിട്ട് സമീപിക്കാം എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് എനിക്ക് ഇന്നുണ്ടായ അനുഭവം. ജോഷി ഇടശേരി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ തുടക്കം ഇങ്ങനെയാണ്. മികച്ച പ്രധികരണമാണ് കുറിപ്പിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാവിലെ റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ കാർഡിൻ പ്രകാരം ലഭിക്കേണ്ട പകുതി സാധനങ്ങളും കടയിൽ സ്റ്റോക്കില്ല എന്നും ഗോഡൗണിൽ നിന്ന് ലോഡ് വരുന്നില്ല എന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അപ്പോൾ തന്നെ വാങ്ങിയ സാധനങ്ങളുടെ ബില്ലുമായി മന്ത്രിക്ക് പരാതി നൽകുമെന്ന് റേഷൻ കട ഉടമയോട് പറഞ്ഞു കൊണ്ടാണ് ഞാൻ കടയിൽ നിന്ന് പുറത്തേക്കിറങ്ങിയത്. എൻ്റെ വാക്കുകളെ റേഷൻ കടയിലുണ്ടായിരുന്ന ജീവനക്കാരും കട ഉടമയും കളിയായിട്ടാണോ കാര്യമായിട്ടാണോ കണ്ടതെന്ന് എനിക്കറിയില്ല പക്ഷെ കിട്ടിയ റേഷൻ സാധനങ്ങൾ വീട്ടിൽ നൽകി ഓഫീസിലേക്ക് തിരിക്കുമ്പോൾ മന്ത്രിക്ക് നൽകാനുള്ള പരാതി മനസിൽ ഡ്രാഫ്റ്റ് ചെയ്ത് കൊണ്ടാണ് ഞാൻ വണ്ടി ഓടിച്ചത്. ഓഫീസിലെത്തി കോടതിയിൽ പോയി ഇന്നത്തെ കേസുകൾ റപ്രസൻ്റ് ചെയ്ത് തിരികെ വന്നതിനു ശേഷം മനസിൽ രൂപം നൽകിയ പരാതി പേപ്പറിലേക്ക് പകർത്തി. അത് ഒരു തുറന്ന കത്തായി fb യിൽ പോസ്റ്റു ചെയ്യുകയും. ആ പരാതി ഭക്ഷ്യമന്ത്രിയുടെ ഫേസ് ബുക്ക് പേജിലേക്ക് മെസേജ് ചെയ്യുകയും ചെയ്തു.

എൻ്റെ പരാതി ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ബഹുമാനപ്പെട്ട ഭക്ഷ്യ മന്ത്രി പി തിലോത്തമൻ സഖാവ് പരാതിയിൻമേൽ മറുപടി നൽകുകയും. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർക്ക് എൻ്റെ പരാതി ഫോർവേഡ് ചെയ്ത് നടപടി സ്വീകരിക്കാമെന്നും പറഞ്ഞു.

പിന്നീടുള്ള നടപടികൾ വളരെ പെട്ടെന്നായിരുന്നു. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊന്നും എനിക്കറിയില്ല പക്ഷെ ഇപ്പോൾ റേഷൻ കടയിൽ നിന്നും എന്നെ വിളിച്ചു. സാധനങ്ങൾ കടയിലെത്തിയിട്ടുണ്ട് വന്ന് വാങ്ങിക്കൊള്ളാനും ജില്ലാ സപ്ലെ ഓഫീസർക്ക് ഫോണിൽ സംസാരിക്കണമെന്നും പറഞ്ഞു.

എത്ര പെട്ടെന്നാണ് ഒരു പരാതിയിൻമേൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി പരാതി പരിഹരിക്കപ്പെട്ടത്.

കേൾക്കുന്നവർക്ക് വളരെ നിസാരമെന്ന് തോന്നുന്നതാണ് എൻ്റെ പരാതി, പക്ഷെ ഒരു റേഷൻ കാർഡിലെ അംഗങ്ങൾക്ക് ഒരോ മാസത്തെയും റേഷൻ വിഹിതം അവകാശമാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് ഞാനീ പരാതി മന്ത്രിക്ക് നൽകിയത്.

ഏതൊരു സാധാരണക്കാരനും നേരിട്ട് സമീപിക്കാൻ കഴിയുന്ന ഭരണാധികാരികൾ ഈ നാട്ടിലുണ്ടെന്ന എൻ്റെ അനുഭവം കൂടി ഞാൻ പങ്കുവെക്കുകയാണ്…

ബഹുമാനപ്പെട്ട മന്ത്രി സഖാവ് പി തിലോത്തമനെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു…

you may also like this video