കാലിക്കറ്റ് പ്രസ് ക്ലബ്ബ് പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ജോഷി കുര്യന്

Web Desk
Posted on October 11, 2019, 9:44 pm

കോഴിക്കോട്: 2018ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പി ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ജോഷി കുര്യന്‍ അര്‍ഹനായി. പിടിഐ ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 10, 000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. കേരളത്തില്‍ വര്‍ദ്ധിക്കുന്ന ആള്‍ക്കൂട്ടാക്രമണങ്ങളും അവയിലെ അന്വേഷണങ്ങളിലെ മെല്ലെപ്പോക്കും ഉള്‍പ്പെടുത്തി 2018 നവംബര്‍ 9 മുതല്‍ 14 വരെ ഏഷ്യാനെറ്റ് ന്യൂസില്‍ സംപ്രേഷണം ചെയ്ത പരമ്പരക്കാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. പി. രാജേന്ദ്രന്‍, ടി. കെ. രാമകൃഷ്ണന്‍, സിനിമാ നിരൂപകന്‍ ചെലവൂര്‍ വേണു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചത്. ജോഷി കുര്യന്‍ മാധ്യമ പ്രവര്‍ത്തനരംഗത്തെത്തിയിട്ട് 16 വര്‍ഷമായി. രാഷ്ട്ര ദീപികയിലും മംഗളത്തിലും മനോരമ ന്യൂസിലും ജോലി ചെയ്തു. 2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ബ്യൂറോ ചീഫും പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റുമാണ്. രാജ്യത്തിനകത്തും പുറത്തുമായി വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2014ലെ ഹൈദരാബാദ് സ്‌ഫോടനം, മഅദനിയുടെ ബാംഗ്ലൂര്‍ ജയില്‍ മോചനം, ജയലളിതയുടെ ആശുപത്രി വാസവും മരണവും, ബാംഗ്ലൂര്‍ ട്രെയിനപകടം എന്നിവയെല്ലാം റിപ്പോര്‍ട്ട്‌ചെയ്തു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ റോമില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനായി റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി കട്ടപ്പനയ്ക്കടുത്ത് കാല്‍വരി മൗണ്ടാണ് സ്വദേശം. പിതാവ്: കുര്യന്‍ തോമസ്. മാതാവ്: മോളി കുര്യന്‍. ഭാര്യ: അനിത മേരി ഐപ്. (മംഗളം ദിനപ്പത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ സബ് എഡിറ്റര്‍). മക്കള്‍: ജ്യൂവല്‍ ആന്‍ ജോഷി, സേറാ മറിയം ജോഷി. കൊച്ചി തൃക്കാക്കരയിലാണ് നിലവില്‍ സ്ഥിരതാമസം.