മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ നിശിത വിമര്‍ശനം: ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി

Web Desk
Posted on June 11, 2019, 10:40 pm

*അറസ്റ്റ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പ്രശാന്ത് കനോജിയയുടെ ഭാര്യ ജഗിഷ അറോറ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. നവമാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തിന് ഒരാളെ ജയിലിടയ്ക്കാനാവില്ലെന്നും മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. പൗരന്റെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിതെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും അജയ് രസ്‌തോഗിയും ഉള്‍പ്പെടുന്ന അവധിക്കാല ബെഞ്ചാണ് കനോജിയയ്ക്ക് ജാമ്യം നല്‍കാന്‍ ഉത്തരവിട്ടത്. എന്തടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ച സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് യുപി സര്‍ക്കാരിനെതിരെ നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നത് കൊലക്കുറ്റം പോലെ കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ട്വീറ്റിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ, ഈ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. മതത്തിനും ദൈവത്തിനുമെതിരെ കനോജിയ പോസ്റ്റുകള്‍ ചെയ്തിട്ടുണ്ടെന്നും പ്രകോപനപരനായ ഈ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ഐപിസി 505ാം വകുപ്പും മാധ്യമപ്രവര്‍ത്തകനു മേല്‍ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.
എന്നാല്‍ ഇവയുടെ പേരില്‍ അറസ്റ്റ് ചെയ്തതില്‍ അതൃപ്തി അറിയിച്ച കോടതി കനോജിയയെ 22ാം തിയതി വരെ റിമാന്‍ഡ് ചെയ്ത നടപടി തെറ്റാണെന്ന് നിരീക്ഷിച്ചു. ജാമ്യ ഹര്‍ജിയില്‍ കീഴ്‌ക്കോടതിയിലാണ് വാദം കേള്‍ക്കേണ്ടതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചപ്പോഴാണ് നിശിത വിമര്‍ശനമുണ്ടായത്.
സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ സുപ്രീം കോടതി പരിഗണിക്കാറില്ല. എന്നാല്‍ പ്രകടമായത് ചില അന്യായങ്ങള്‍ നടക്കുമ്പോള്‍ സുപ്രീം കോടതിക്ക് കൂപ്പുകൈയോടെ കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് വെറുതെ ഇരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഹേബിയസ് കോര്‍പസ് ഹര്‍ജി കൊണ്ട് റിമാന്‍ഡ് ഉത്തരവിനെ മറികടക്കാന്‍ കഴിയുമോ എന്ന് എഎസ്ജി ചോദിച്ചപ്പോള്‍ ഈ കേസില്‍ അറസ്റ്റും പത്തു ദിവസം നീളുന്ന റിമാന്‍ഡും എന്തിനാണെന്നും കോടതി ചോദിച്ചു. കനോജിയ കൊലക്കേസ് പ്രതിയല്ലല്ലോയെന്നും കോടതി ചോദിച്ചു.
വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇത്തരം ഇടപെടലുണ്ടായാല്‍ അതില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാമെന്നും അതില്‍ കീഴ്‌വഴക്കത്തിന്റെ പ്രശ്‌നമില്ലെന്നും കോടതി വ്യക്തമാക്കി. കനോജിയയുടെ ട്വീറ്റുകള്‍ തെറ്റായ സന്ദേശം നല്‍കുന്നുണ്ടാകാം പക്ഷെ അത് നേരിടാന്‍ നിയമപരമായി മറ്റ് വഴികള്‍ ഉണ്ട്. അറസ്റ്റ് ചെയ്ത് ജയിലിലിടുകയല്ല വേണ്ടതെന്നും വ്യക്തമാക്കിയ കോടതി മാധ്യമപ്രവര്‍ത്തകനെ ഉടനടി ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കഴിഞ്ഞ കുറച്ചു വര്‍ഷമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കാറുണ്ടായിരുന്നെന്നും ഒരു യുവതി പറയുന്ന വീഡിയോ ഷെയര്‍ ചെയ്തതിനാണ് പ്രശാന്ത് കനോജിയയെ ഗൊരഖ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വീഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്തതിന് പ്രാദേശിക ചാനലായ നാഷന്‍ ലൈവിന്റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടപടിയെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡും മാധ്യമ പ്രവര്‍ത്തക സംഘടനകളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.