Sunday
21 Jul 2019

മാധ്യമ പ്രവര്‍ത്തകന് അക്രമിച്ച സംഭവം; പോലീസ് അന്വേഷണം പ്രഹസനമാകുന്നു

By: Web Desk | Monday 26 February 2018 8:29 PM IST


arrest-

കോട്ടയം: നഗരത്തില്‍ ദമ്പതികളെ കയ്യേറ്റം ചെയ്യാനുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ശ്രമം തടഞ്ഞ മാധ്യമ പ്രവര്‍ത്തകനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഹസനമാകുന്നു. സംഭവം നടന്നു നാലു ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. അതേസമയം ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പകല്‍കൊള്ളക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകനും ഫോണില്‍ അജ്ഞാതരുടെ ഭീഷണി.
ഇക്കഴിഞ്ഞ ഇരുപത്തിരണ്ടിനു വൈകുന്നേരമാണ് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ ദമ്പതികള്‍ക്കു നേരെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കൈയ്യേറ്റ ശ്രമം ഉണ്ടായത്.

ബസ് സ്റ്റാന്‍ഡില്‍ ഓട്ടം വന്നു മടങ്ങുകയായിരുന്ന ഓട്ടോറിക്ഷ ദമ്പതികള്‍ ഓട്ടം വിളിച്ചപ്പോള്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ദമ്പദികളെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞപ്പോളാണ് മാധ്യമ പ്രവര്‍ത്തകനെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മര്‍ദിച്ചത്. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി രണ്ടു ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ചയാളെ പിടികൂടിയിട്ടില്ല. മാത്രമല്ല പോലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ടു പ്രതികളെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ തന്നെ വിട്ടയക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പോലീസിന്‍റെ ഭാഗത്തുനിന്നുള്ള ഉദാസീനതയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായി. പ്രധാന പ്രതി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

അതേസമയം മുന്‍പ് കെഎസ്ആര്‍ടിസി ബസിന്‍റെ ചില്ലു എറിഞ്ഞുടച്ച കേസില്‍ ഉള്‍പ്പടെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഇനിയും പിടികൂടാന്‍ ഉള്ളത്. ഇയാളെ ചില രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുകയാണെന്നും ആക്ഷേപം ശക്തമാണ്. ഇത് കോട്ടയം നഗരത്തിലെ പല ഓട്ടോറിക്ഷകളും രാഷ്ട്രീയക്കാരുടെയും പോലീസുകാരുടെയും ബിനാമികളുടേതാണെന്ന ആരോപണങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്നതാണ്. ഇതിനിടെ യാത്രക്കാരെ കൊള്ളയടിക്കുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതിന് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോണില്‍ ഭീഷണിയുമെത്തി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം തീരുമാനിച്ചു. അതേസമയം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റത്തിന് ഇരയായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

കോട്ടയം നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ, ന്യായമായ കൂലി വാങ്ങുന്നതിനോ അറിയില്ലാത്ത സ്ഥിതിയാണ്. അതോടൊപ്പം യാത്രക്കാരന് ഏത് ഓട്ടോവിളിക്കാന്‍ അവകാശമില്ലാത്ത സ്ഥിതിയുമാണ്. ചില സ്ഥലങ്ങളിലേയ്ക്ക് ഓട്ടം വിളിച്ചാല്‍ പോകത്തുമില്ല. കെഎസ്ആര്‍ടിസി പരിസരത്തുനിന്ന് റെയില്‍വേ സ്‌റ്റേഷന്‍ വരെ പോകുന്നതിന് പകല്‍ സമയം 50 രൂപ മുതല്‍ 80 രൂപ വരെയാണ് വാങ്ങുന്നത്.

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസിറങ്ങുന്ന യാത്രക്കാര്‍ അതു വഴി വരുന്ന ഒരു ഓട്ടോ വിളിക്കുകയാണെങ്കില്‍ തൊട്ടു താഴെ കിടക്കുന്ന ഓട്ടോതൊഴിലാളികള്‍ തടയും. അത് ചോദ്യം ചെയ്താല്‍ പിന്നെ പൂരപ്പാട്ടാണ്. ഷീ പോലസ്, കണ്‍ട്രോള്‍ റൂം പോലീസ്, സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയുള്ള പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതെല്ലാം കണ്ട് ആസ്വദിച്ച് കണാത്തമട്ടില്‍ പ്രവര്‍ത്തിക്കുന്നതും പതിവ് കഴ്ചയാണ്.

Related News