മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഡല്‍ഹിയില്‍ ആക്രമണം; കാറില്‍ എത്തിയ സംഘം വെടിയുതിര്‍ത്തു

Web Desk
Posted on June 23, 2019, 10:50 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു. ഇന്നലെ രാത്രി 12.30 ഓടെയാണ് മിതാലി ചന്ദോല എന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന മിതാലിയെ കാറിലെത്തിയ മുഖംമൂടി ധരിച്ച സംഘം ആക്രമിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഹ്യുണ്ടയ് ഐ 20 കാറിനെ പിന്തുടര്‍ന്നെത്തിയ സ്വിഫ്റ്റ് കാറിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിച്ചു.

രണ്ട് തവണ വെടിയുതിര്‍ത്തു. ഇതില്‍ ഒന്ന് ഗ്ലാസ് തുളച്ച് മിതാലിയുടെ കൈയിലാണ് തുളച്ചുകയറിയത്. വെടിയേറ്റ ശേഷവും മിതാലി കാര്‍ നിര്‍ത്താതെ മുന്നോട്ട് എടുത്തപ്പോള്‍ അക്രമികള്‍ കാറിന്റെ ഗ്ലാസിന് നേര്‍ക്ക് മുട്ടയെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ധരംശില ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിതാലി അപകടനില തരണം ചെയ്തു.

പൊലീസ് അന്വേഷണം തുടങ്ങി. വ്യക്തിവൈരാഗ്യമാകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

you may also like this video