തിരുവനന്തപുരം പ്രസ് ക്ലബില്‍ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് മുൻ ഡിജിപി ടി പി സെന്‍കുമാര്‍. കൂടെക്കൊണ്ടുവന്നവരെ ഉപയോഗിച്ച് മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചായിരുന്നു വാർത്താസമ്മേളനം. സെൻകുമാറും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവും ചേർന്നായിരുന്നു വാർത്താസമ്മേളനത്തിനെത്തിയത്. ഇതിനിടയില്‍ രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെക്കുറിച്ചും ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മാധ്യമ പ്രവർത്തകൻ ചോദിച്ചതാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. ചോദ്യം ചെയ്തയാളിനെ തന്റെയടുത്തേക്ക് വിളിച്ചുവരുത്തി താൻ മദ്യപിച്ചിട്ടുണ്ടോയെന്ന് ആക്രോശിച്ചാണ് സെൻകുമാർ ചോദ്യത്തെ നേരിട്ടത്.
താങ്കളുടെ പേരെന്താണെന്നും പത്രപ്രവര്ത്തകന് ആണോയെന്നും സെന്‍കുമാര്‍ ചോദിച്ചു. അടുത്തേക്ക് വരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പത്രപ്രവര്ത്തകന് സെന്‍കുമാറിന്റെ അരികിലേക്കെത്തി ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചു. തുടർന്ന് സെൻകുമാറിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തോടൊപ്പം പ്രസ് ക്ലബിലെത്തിയവർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യാനും ബലം പ്രയോഗിച്ച് ഹാളിന് പുറത്തേക്ക് വലിച്ചിറക്കാനും ശ്രമിച്ചതോടെ സ്ഥലത്തുണ്ടായ മറ്റ് മാധ്യമ പ്രവർത്തകർ ഇടപെടുകയായിരുന്നു.
വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് ഗുണ്ടായിസം കാണിച്ച സെൻകുമാറിന്റെ നടപടിയെ കെയുഡബ്ള്യുജെ സംസ്ഥാന കമ്മിറ്റിയും ജില്ലാകമ്മിറ്റിയും ശക്തമായി അപലപിച്ചു. പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും ഏകാധിപത്യത്തിന്റെ വിട്ടുമാറാത്ത അസ്കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാൻമൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂവെന്നും കെയുഡബ്ള്യുജെ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ കേസെടുക്കുകയാണു പൊലീസ് ചെയ്യേണ്ടത്.
താൻ പറയാൻ വന്നതു മാത്രമേ മാധ്യമപ്രവർത്തകൻ ചോദിക്കാൻ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേർ അവകാശിയാണ് താൻ എന്ന് സെൻകുമാർ തെളിയിക്കുകയാണ്. ചോദ്യത്തിന് മറുപടി നൽകാതിരിക്കാൻ വാർത്താസമ്മേളനം നടത്തുന്നയാൾക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാൻ ആർക്കും അധികാരമില്ല. ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാൻ നിർദേശിക്കാനും മുൻ ഡിജിപിക്കെന്നല്ല ഒരാൾക്കും ഒരു ഭരണഘടനയും അധികാരം നൽകിയിട്ടിെല്ലന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇഎസ് സുഭാഷും പ്രസ്താവനയിൽ ഓർമിപ്പിച്ചു. സെൻകുമാർ മാപ്പ് പറയണമെന്ന് കെയുഡബ്ള്യുജെ ജില്ലാകമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബും ആവശ്യപ്പെട്ടു. അതേ സമയം മാധ്യമപ്രവർത്തകൻ, മുൻ ഡിജിപി സെൻകുമാറിനെതിരെ കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
English summary: Journalist kadavil rasheed filed police complaint against tp senkumar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.