ആദിത്യനാഥിനെതിരെ വാര്‍ത്ത: ചാനല്‍ മേധാവിയും എഡിറ്ററും അറസ്റ്റില്‍; പ്രതിഷേധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

Web Desk
Posted on June 09, 2019, 10:13 pm

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് സ്വകാര്യചാനല്‍ മേധാവിയെയും എഡിറ്ററെയും അറസ്റ്റ് ചെയ്തു. നാഷന്‍ ലൈവ് ചാനല്‍ മേധാവി ഇഷിക സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ആദിത്യനാഥിനെതിരെ ഒരു യുവതി നടത്തിയ പരാമര്‍ശം വാസ്തവമാണോ എന്ന് പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചാനലിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സില്ലെന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. അനധികൃതമായ ചാനല്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന കേസും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വൈഭവ് കൃഷ്ണ വ്യക്തമാക്കി.

ആദിത്യനാഥിനെതിരെ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനെ കഴിഞ്ഞദിവസം യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പമാണ് ചാനല്‍ മേധാവിയെയും അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനൗജിയയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്ന യുവതിയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിനാണ് കനൗജിയയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി യോഗി ആദിത്യനാഥ് താനുമായി വീഡിയോ ചാറ്റ് നടത്താറുണ്ടായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. ആദിത്യനാഥിനെ വിവാഹം ചെയ്യാനുള്ള തന്റെ താല്‍പര്യം യുവതി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത കനൗജിയ ആദിത്യനാഥിനോട് യുവതിയെ വിവാഹം ചെയ്തുകൂടേയെന്നും എന്തുകൊണ്ടാണ് പ്രണയം പരസ്യപ്പെടുത്താത്തതെന്നും ആക്ഷേപഹാസ്യമായി ചോദിച്ചിരുന്നു. ഇതേ വീഡിയോ ട്വിറ്ററിലും കനൗജിയ പങ്കുവെച്ചിരുന്നു.
സംഭവം വിവാദമായതോടെ കനൗജിയയെ ഡല്‍ഹിയിലെ വീട്ടില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് കനൗജിയയ്ക്ക് എതിരായ കേസ്. അറസ്റ്റിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ഉത്തര്‍പ്രദേശില്‍ പൊലീസ് നിയമം ദുരുപയോഗം ചെയ്തതായി എഡിറ്റേഴ്‌സ് ഗില്‍ഡ് ആരോപിച്ചു.

ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. സ്ത്രീയുടെ ആരോപണങ്ങളുടെ നിജസ്ഥിതി എന്തായാലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് അങ്ങേയറ്റം അപലപനീയമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു.