Web Desk

December 31, 2019, 10:41 am

പൗരത്വ നിയമം: അഭിപ്രായം തേടി അഭയാർത്ഥി ക്യാമ്പിലെത്തിയ മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Janayugom Online

ചെന്നൈ: പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുന്നതിനെ കുറിച്ച് വാദപ്രതിവാദങ്ങൾ തുടരവെ ശ്രീലങ്കൻ തമിഴരുടെ അഭയാർത്ഥി ക്യാമ്പിൽ വിഷയത്തെകുറിച്ച് അഭിപ്രയായം തേടിയെത്തിയ തമിഴ് മാധ്യമ പ്രവർത്തകരെ കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് മാസിക ജൂനിയർ വികടനിലെ രണ്ട് മാധ്യമ പ്രവർത്തകരെയാണ് പൗരത്വ നിയമത്തെക്കുറിച്ചുള്ള അഭിപ്രായം തേടുന്നതിനു ക്യാമ്പിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തത്. വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരുടെ പരാതിയിൽ കളിയിക്കാവിള, മാർത്താണ്ഡം പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. താലൂക്ക് ഓഫിസറുടെ അനുമതിയില്ലാതെയാണ് ഇരുവരും അതീവ സുരക്ഷയുള്ള ക്യാമ്പ് സന്ദർശിച്ചതെന്നു പരാതിയിൽ പറയുന്നു. കേന്ദ്ര സർക്കാരിനെതിരായി അഭയാർഥികളെ സംഘടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിയിൽ ശ്രീലങ്കൻ തമിഴരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ അഭിപ്രായം തേടിയായിരുന്നു മാധ്യമ പ്രവർത്തകർ ക്യാമ്പിലെത്തിയത്.അതിനിടെ, പൗരത്വ നിയമത്തിനെതിരെ കോലമെഴുത്ത് പ്രതിഷേധം തമിഴ്നാട്ടിൽ വ്യാപിക്കുന്നു. ചെന്നൈ ബസന്റ് നഗറിൽ കഴിഞ്ഞദിവസം കോലമിട്ടവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നു ഡിഎംകെ പ്രവർത്തകർ തങ്ങളുടെ വീട്ടുമുറ്റത്തു കോലമിട്ടു പ്രതിഷേധിക്കുന്നതു തുടരുകയാണ്. പൗര റജിസ്റ്റർ, ജനസംഖ്യാ റജിസ്റ്റർ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധ വാക്യങ്ങളും കോലങ്ങളിൽ ഇടംപിടിച്ചു.

you may also like this video

 

Eng­lish sum­ma­ry: Jour­nal­ists vis­it­ing refugee camp arrest­ed in tamilnadu