പ്രവാസി മലയാളികള്‍ക്കടക്കം യാത്ര ദുരിതമാകും

Web Desk
Posted on March 11, 2019, 10:26 pm

ബേബി ആലുവ
കൊച്ചി: വിമാന ഇന്ധനവിലയില്‍ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം വ്യോമഗതാഗത മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. വില വര്‍ദ്ധനവിന് അനുസൃതമായി വിമാനക്കമ്പനികള്‍ യാത്രാനിരക്ക് ഉയര്‍ത്തുമ്പോള്‍ പ്രവാസി മലയാളികള്‍ക്കടക്കം യാത്ര ദുഷ്‌കരമാകും.

വ്യോമയാന ഇന്ധനത്തിന് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) ചുരുങ്ങിയ സമയത്തിനുള്ളിലെ ഏറ്റവും വലിയ വില വര്‍ദ്ധനവാണ് അടുത്ത ദിവസമുണ്ടായത്. 8.1 ശതമാനമാണ് വര്‍ദ്ധനവ്.ഇതോടെ, ഡല്‍ഹിയില്‍ ഒരു ലിറ്ററിന് 62.79 രൂപയായി എ ടി എഫ് വില ഉയര്‍ന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നികുതികളും പുറമെയുണ്ടാകും.
കേന്ദ്രം 14 ശതമാനം എക്‌സൈസ് തീരുവയാണ് ഈടാക്കുക.പുറമെ, സംസ്ഥാന സര്‍ക്കാരുകളുടെ മൂല്യവര്‍ദ്ധിതനികുതിയും വില്‍പ്പന നികുതിയുമുണ്ടാകും.നിലവില്‍ ഇന്ധന വില വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനത്തോളമെത്തുന്ന സാഹചര്യത്തില്‍, വീണ്ടും വിലയില്‍ കുത്തന്നെയുണ്ടാകുന്ന വര്‍ദ്ധനവ് മറികടക്കാന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക എന്ന മാര്‍ഗ്ഗമാകും വിമാനക്കമ്പനികള്‍ സ്വീകരിക്കുക.ഇത് ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കുന്നത് ഗള്‍ഫ് മലയാളികളെയായിരിക്കും. ഇപ്പോള്‍ത്തന്നെ വിശേഷ ദിവസങ്ങളോടു ബന്ധപ്പെട്ട് വിമാനക്കമ്പനികള്‍ നടത്തുന്ന കടുത്ത ചൂഷണത്തിന് ഇരകളാകുന്നത് പ്രവാസി മലയാളികളാണ്.സാധാരണ സമയങ്ങളില്‍ യു എ ഇ യില്‍ നിന്നു കേരളത്തിലേക്ക് വിമാനയാത്രയ്ക്ക് ഈടാക്കുന്നത് 7000 രൂപയ്ക്കും 8000 രൂപയ്ക്കും ഇടയ്ക്കു വരുന്ന നിരക്കാണ്.ഇത് വിശേഷാവസരങ്ങളില്‍ 30,000 രൂപയ്ക്കു മുകളിലേക്കു കുതിക്കും.ഖത്തറില്‍ നിന്നു സാധാരണ സമയങ്ങളില്‍ കേരളത്തിലേക്കുള്ള യാത്രയ്ക്ക് 10,000 ത്തിനും 15,000ത്തിനും ഇടയില്‍ വരുന്ന സംഖ്യ വാങ്ങുമ്പോള്‍ വിശേഷാവസരങ്ങളില്‍, പ്രത്യേകിച്ച് മുസ്ലീം പെരുന്നാള്‍, നോമ്പ് കാലങ്ങളില്‍ ഇത് 50,000വും 60,000വും ആയി ഉയരാറുണ്ടെന്ന പരാതി വ്യാപകമാണ്. സാധാരണ സമയത്തു തന്നെ തോന്നുംപടി നിരക്ക് കൂട്ടുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നു കമ്പനികള്‍ക്കു വിലക്കുകളൊന്നുമില്ല. അപ്പോള്‍, ഇന്ധനവില ഉയരുന്ന സ്ഥിതിയില്‍ പറയാനുമില്ല.

നിലവില്‍, ഒട്ടേറെ പ്രശ്‌നങ്ങളാല്‍ വ്യോമയാന ഗതാഗതരംഗം സങ്കീര്‍ണ്ണമാണ്. സ്വാഭാവികമായി ഇത്തരമൊരു മേഖലയെ ബാധിക്കാവുന്ന പ്രശ്‌നങ്ങള്‍ക്കു പുറമെ പക്ഷപാതപരമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നവയുമുണ്ട്. കഴിഞ്ഞ വര്‍ഷം ഈ മേഖലയിലുണ്ടായ നഷ്ടം 13,000 കോടിയുടേതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന കുതിപ്പുമൂലം കഴിഞ്ഞ വര്‍ഷം തന്നെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ചില പ്രധാന കമ്പനികള്‍ തീരുമാനമെടുത്തിരുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസ് ഒരു മാസത്തിനുള്ളില്‍ 19 വിമാനങ്ങള്‍ റദ്ദുചെയ്തു. സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന വിമാന സര്‍വീസായ ഇന്‍ഡിഗോ ഏപ്രില്‍ ഒന്നു മുതല്‍ കൊച്ചി മസ്‌ക്കറ്റ് സര്‍വീസ് നിര്‍ത്തലാക്കുന്നു. കൊച്ചിയില്‍ നിന്നു മസ്‌ക്കറ്റിലേക്കും തിരിച്ചും ടിക്കറ്റ് എടുത്തവര്‍ക്ക് പണം മടക്കി നല്‍കി വരികയാണ് കമ്പനി.പൈലറ്റുമാരുടെ കുറവാണ് കാരണമായി പറയുന്നതെങ്കിലും താങ്ങാനാവാത്ത ചെലവാണ് മുഖ്യ പ്രശ്‌നം. ഒരു കിലോമീറ്റര്‍ പറക്കുന്നതിന് ഇന്‍ഡിഗോക്ക് വരുന്ന ചെലവ് 20 ശതമാനം കണ്ട് വര്‍ദ്ധിച്ചു എന്നാണ് കണക്ക്. വലിയ പ്രതീക്ഷകളോടെ മലയാളികളുടെ ഉടമസ്ഥതയില്‍ 1992ല്‍ തുടങ്ങിയ ഈസ്റ്റ് വെസ്റ്റ് അടക്കം രംഗം വിട്ട വിമാനക്കമ്പനികള്‍ പലതുണ്ട്. ആ അവസ്ഥയിലാണിപ്പോള്‍ 19,000 കോടി രൂപയുടെ ബാദ്ധ്യതയുള്ള ജെറ്റ് എയര്‍വേസ്.

രാജ്യത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടും വിമാനക്കമ്പനികള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിലാണ് വ്യോമഗതാഗത സംഘടന (ഐ എ ടി എ ) യ്ക്ക് ആശ്ചര്യം. അതേ സമയം, അവധിക്കാലം ആഘോഷിക്കാനും മറ്റുമായി വിദേശത്തേക്കു പോകാന്‍ താത്പര്യമില്ലാത്തവരാണ് ഇന്ത്യക്കാര്‍. വ്യോമയാന ഗതാഗത മേഖലയിലെ ഒരു ഏജന്‍സി നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, 130 കോടി ജനങ്ങളില്‍ 10 കോടി ജനങ്ങളെങ്കിലും വിദേശത്ത് അവധിക്കാലം ആഘോഷിക്കാനോ മറ്റോ കഴിയുംവിധം സാമ്പത്തിക ശേഷിയുള്ളവരാണെങ്കിലും അതിനു തയ്യാറാകുന്നത് 50 ലക്ഷം പേര്‍ മാത്രമാണെന്നാണ്.