Web Desk

കൊച്ചി

July 07, 2020, 5:24 pm

കത്തോലിക്ക സഭാ വിശ്വാസികളെ വെല്ലുവിളിക്കുന്നതായി ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ്മ

Janayugom Online

വൈദിക പ്രമുഖര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചിട്ടും കുറ്റവാളികളെ പുറത്താക്കുന്നതിന് പകരം സംരക്ഷിക്കുന്ന നിലപാടാണ് കത്തോലിക്ക സഭാ നേതൃത്വം സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി (ജെഎസ്എല്‍) കൂട്ടായ്മ്മ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായ വൈദികള്‍ ഉള്‍പ്പെട്ട കൊലപാതകങ്ങളുടെയും ലൈംഗീക ആരോപണങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഈ കേസുകളിലെല്ലാം പ്രതികളായ വൈദികരെ സംരക്ഷിക്കുവാന്‍ കൂട്ട് നില്‍ക്കുന്ന സഭാനേതൃത്വം തെളിവുകള്‍ നശിപ്പിച്ചതായി സംശയിക്കുന്നതായും ജെഎസ്എല്‍ ഭാരവാഹികള്‍ ആരോപിച്ചു. പുന്നത്തറ സെന്റ് തോമസ് പള്ളിയുടെ കിണറ്റില്‍ വൈദികനായ ഫാ. ജോര്‍ജ് എട്ടുപറയലിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അദേഹത്തെ മാനസികരോഗിയാക്കി ചിത്രീകരിക്കുവാനാണ് സഭാനേതൃത്വം ശ്രമിച്ചത്.

വെള്ളിയാംകുടി പള്ളിവികാരിയുടെ അശ്ലീലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള വൈദികള്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകുയാണ്. ഈ കേസുകളിലെല്ലാം സഭാനേതൃത്വം തെറ്റുതിരുത്തുവാന്‍ തയാറാകാത്തത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കാരക്കാമല പള്ളിമുറിയില്‍വച്ച് വികാരിയെയും മദര്‍ സുപ്പീരിയറിനെയും മോശപ്പെട്ട സാഹചര്യത്തില്‍ കണ്ടതിന്റെ പേരില്‍ തന്നെ ക്രൂശിക്കുകയാണെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. കത്തോലിക്ക സഭയുടെ നെറികേടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജെസിഎല്‍ ഭാരവാഹികള്‍ പറഞ്ഞു. ജോസഫ് വെളിവില്‍, അഡ്വ. ബോറിസ് പോള്‍, ജോര്‍ജ് ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Summary:jsl state­ment on catholics

You may also like this video;