‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ക്ക് സുവർണ്ണ ജൂബിലി തിളക്കം

ആർ ബാലചന്ദ്രൻ

 ആലപ്പുഴ

Posted on September 12, 2020, 9:42 pm

സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം നേടിയ തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം വെള്ളിത്തിരയിൽ എത്തിയിട്ട് 50 വർഷം പൂർത്തിയാകുന്നു. കെപിഎസി ആയിരക്കണക്കിനു വേദികളിൽ അവതരിപ്പിച്ച നാടകം 18 വർഷത്തിന് ശേഷം 1970 സെപ്തംബർ 11നാണ് സിനിമയായി പരിണമിച്ചത്. വ്യത്യസ്ത അവതരണവും മുൻനിര താര സാന്നിധ്യവും വയലാർ–ദേവരാജൻ കൂട്ടുകെട്ടും സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിച്ചു. പ്രേം നസീറിനൊപ്പം വിജയകുമാരിയും കാമ്പിശേരിയും ഒ മാധവനും പി ജെ ആന്റണിയുമൊക്കെ അരങ്ങിൽ ജീവൻപകർന്ന കഥാപാത്രങ്ങളെ സിനിമയിൽ സത്യനും തോപ്പിൽ ഭാസിയും നസീറും കെ പി ഉമ്മറും അനശ്വരമാക്കി.

മാലയായി വന്ന് ജയഭാരതിയും സുമാവലിയായി ഷീലയും ആസ്വാദക ഹൃദയം കവർന്നു. സിനിമയുടെ അരങ്ങിലും അണിയറയിലുമുണ്ടായിരുന്ന പ്രധാനപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതും ഇവർ മാത്രമാണ്. തോപ്പിൽ കൃഷ്ണപ്പിള്ള നാടകത്തിലും സിനിമയിലും തലപ്പുലയനായ കറമ്പനായി അഭിനയിച്ചു. നാടകത്തിൽ 27 ഗാനങ്ങളുണ്ടായിരുന്നു. സിനിമയിലാകട്ടെ എണ്ണം പറഞ്ഞ ആറെണ്ണവും. ഉദയായുടെ ബാനറിൽ കുഞ്ചാക്കോയാണ് ചിത്രം നിർമ്മിച്ചത്. രണ്ടുപതിറ്റാണ്ടത്തെ അരങ്ങനുഭവങ്ങൾ സംവിധായകൻകൂടിയായ തോപ്പിൽഭാസി സ്വന്തം ശബ്ദത്തിൽ വിശദീകരിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. നാടകത്തിന് രാഷ്ട്രീയ എതിരാളികളുടെ ആക്രമണവും സർക്കാർ നിരോധനവുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ തീയറ്ററുകളിൽ തടസ്സമില്ലാതെ പ്രദർശിപ്പിച്ചു. സിനിമയെയും പ്രേക്ഷകർ നന്നായി സ്വീകരിച്ചു.

1952 ഡിസംബർ നാലാം തീയതിയായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ആദ്യമായി ചവറ തട്ടാശ്ശേരി സുദർശന തീയേറ്ററിൽ അവതരിപ്പിച്ചത്. പുരോഗമന സാഹിത്യകാരനും അന്നത്തെ ചെറുപ്പക്കാരുടെ ഹരവുമായിരുന്ന ഡിഎം പൊറ്റക്കാടായിരുന്നു നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ശുരനാട് സംഭവത്തെ തുടർന്ന് ഒളിവിൽപോയ തോപ്പിൽ ഭാസി ഒളിവിലിരുന്ന് എഴുതിയ നാടകം പിന്നീട് കേരളത്തിന്റെ സാമൂഹ്യ ഭാഗധേയത്തെ കീഴ്മേൽ മറിക്കുകയും ജന്മിത്വത്തിന് പട്ടട ഒരുക്കുകയും ചെയ്തു. ‘നിങ്ങൾ ഉൽകണ്ഠയോടെ പ്രതീക്ഷിച്ചിരുന്ന ഉദ്ഘാടന മഹാമഹം’ എന്ന വാചകത്തോടെ ജനയുഗം വാരികയിൽ പരസ്യവും നൽകി.

അഭിനേതാക്കളെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയും വിശദമായ വിവരങ്ങൾ പരസ്യത്തിൽ ചേർത്തിരുന്നു. കാമ്പിശേരി(പരമുപിള്ള), ഒ മാധവൻ (പപ്പു), ജി ജനാർദ്ദനക്കുറുപ്പ്(കേശവപിള്ള), തോപ്പിൽ കൃഷ്ണപിള്ള (കറമ്പൻ), സുധർമ്മ(മാല), സുലോചന (സുമ), ഭാർഗവി (കല്യാണി അമ്മ), വിജയകുമാരി (മീന) എന്നിവരായിരുന്നു ആദ്യത്തെ അഭിനേതാക്കൾ. നാടകത്തിന്റെ അവതരണഗാനങ്ങൾ കാണികളെ കോൾമയിര്‍ കൊള്ളിച്ചു. ‘ദീപങ്ങൾ മങ്ങി- കൂരിരുൾ തിങ്ങി- മന്ദിരമൊന്നതാ കാൺമൂ മുന്നിൽ.…. ’ എന്ന അവതരണഗാനം കെഎസ് ജോർജിന്റെ ആഴമുള്ള ശബ്ദത്തിൽ മുഴങ്ങുമ്പോഴാണ് കർട്ടൻ ഉയരുന്നത്.

നാടകാന്തം ചെങ്കൊടി ഉയർത്തിപിടിക്കണമെന്ന് കേന്ദ്രകഥാ പാത്രമായ പരമുപിള്ള പറയുന്നതിന് ശേഷം തിരശീല വീഴുമ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് ‘ഇക്വിലാബ് സിന്ദാബാദ്’ വിളിക്കുന്ന രംഗം പഴയ തലമുറക്ക് ഇന്നും മറക്കാനാകാത്ത സംഭവമാണ്. നാടകം കാണാൻ ടിക്കറ്റ് കിട്ടാതെ വന്ന ജനങ്ങൾക്ക് വേണ്ടി ഒരേ സ്ഥലത്ത് നിരവധി തവണ അവതരിപ്പിക്കേണ്ടി വന്നു. നായകന്റെ പെങ്ങൾ കഥാപാത്രമായ മീനാക്ഷി നായകനോട് ഒരു പുതിയ പാവാട ചോദിക്കുന്ന രംഗം കണ്ട് ഗ്രീൻ റൂമിൽ ഒരു നാണയതുട്ടുമായി കാണികൾ ക്യു നിന്നതും ചരിത്രമാണ്. പിന്നീട് കെപിഎസി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ നാടകം അവതരിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു അടക്കമുള്ള സമുന്നത നേതാക്കളുടെ പ്രശംസ ഇതുവഴി കെപിഎസിക്ക് ലഭിച്ചു.

കാമ്പിശ്ശേരി കരുണാകരൻ നാടകത്തിലൂടെ അവിസ്മരണീയമാക്കിയ പരമു പിള്ളയുടെ വേഷം സത്യൻ സിനിമയിൽ അവതരിപ്പിച്ചത് കാവ്യനീതിയായി. പുന്നപ്ര‑വയലാർ സമരാനന്തരം സമരസഖാക്കളെ നേരിടാൻ മുൻപിൽ നിന്ന പഴയ പൊലീസ് ഇൻസ്പെക്ടർ സത്യനും പഴഞ്ചൻ പ്രതാപവും പറഞ്ഞ് കൊണ്ടിരിക്കുന്ന കേന്ദ്രകഥാപാത്രമായ പരമുപിള്ളയും ജീവിതം കൊണ്ട് ശരി തൊട്ടറിഞ്ഞവരാണ്. നാടകത്തിന് വേണ്ടി ഒഎൻവി കുറുപ്പ് എഴുതിയ ഗാനങ്ങൾ പലതും മലയാളിയുടെ നാവില്‍ തത്തികളിക്കുന്നവയായിരുന്നു. സിനിമയിൽ ഗാനങ്ങൾ എഴുതാൻ നിയോഗിക്കപ്പെട്ടത് വയലാർ രാമവർമ്മയായിരുന്നു.

അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ…, പല്ലനയാറ്റിൽ തീരത്ത്.…, എല്ലാരും പാടത്ത്.…, കൊതുമ്പുവള്ളം തുഴഞ്ഞുവരും.…, നീലക്കടമ്പിൻ പൂവോ.…, ഐക്യ മുന്നണി.… എന്നിവയായിരുന്നു സിനിമയിലെ ഗാനങ്ങൾ. യേശുദാസ്, പി സുശീല, പി ലീല, ബി വസന്ത, പി മാധുരി, എം ജി രാധാകൃഷ്ണൻ എന്നിവരുടെ സ്വരമാധുര്യത്താൽ ഗാനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 1957ലെ പ്രഥമ കമ്മ്യുണിസ്റ്റ് സർക്കാരിന് പിറവി നൽകുന്നതിൽ നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകത്തിന് വലിയ പങ്കാണ് ഉള്ളത്.

Eng­lish sum­ma­ry; jubi­ly award in ningalenne com­mu­nistak­ki

you may also like this video;