ആക്ഷേപിക്കുന്നവരോട് ജൂബിക്കും അനൂപിനും ചിലത് പറയാനുണ്ട്.…

Web Desk

കൊച്ചി

Posted on February 08, 2019, 3:13 pm

ഒരു പത്രത്തില്‍ നല്‍കിയ വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പരസ്യം അനൂപിന്റെയും ജൂബിയുടെയും ജീവിതത്തില്‍ ഉണ്ടാക്കിയത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. പണം മോഹിച്ച് 48 കാരിയെ 25 കാരന്‍ വിവാഹം കഴിച്ചെന്ന അധിക്ഷേപം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ പി അനൂപ് സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും വിവാഹ പരസ്യമാണ് സാമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍, തങ്ങളുടെ രൂപം അളന്ന് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നവ ദമ്പതികളായ അനൂപും ജൂബിയും. ഒരാളുടെ രൂപത്തെ പരിഹസിക്കുന്ന സര്‍വസാധരാണമായ ശീലത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് യാഥാസ്ഥിതികരല്ലാത്ത വലിയ വിഭാഗത്തിന്റെ നിലപാട്. ഇരുവര്‍ക്കും പിന്തുണയുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് മുന്നോട്ടുവരുന്നത്.

15 കോടി ആസ്തിയുള്ള 48 കാരിയെ സമ്പത്തിനുവേണ്ടി 25 കാരന്‍ വിവാഹംകഴിച്ചു എന്നാണ് ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റ്. ‘ഞങ്ങള്‍ക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങള്‍ക്കെന്താ കപട സദാചാരക്കാരെ?. ഇന്ത്യയില്‍ വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് 18ഉം പുരുഷന്മാര്‍ക്ക് 21ഉം വയസ്സ് തികഞ്ഞാല്‍ മതി. ഏറെ ആഗ്രഹിച്ച വിവാഹത്തിന്റെ സന്തോഷം കെടുത്തിക്കളയുന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തിയവരെ വെറുതെവിടുമെന്ന് കരുതരുത്’, അനൂപ് പറയുന്നു.

കോളജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയമാണ് അനൂപിന്റെയും ജൂബിയുടെയും. അനൂപിന് ഇപ്പോള്‍ 29ഉം ജൂബിക്ക് 27ഉം ആണ് പ്രായം. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അനൂപ്. ടൂറിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ജൂബിയും എയര്‍പോര്‍ട്ട് ജീവനക്കാരിയാണ്. ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടെയും വിവാഹം.