കര്‍ണ്ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ നിന്ന് ജഡ്ജി പിന്‍മാറി

Web Desk
Posted on September 17, 2019, 2:46 pm

ന്യൂഡല്‍ഹി: കര്‍ണ്ണാടക എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. കേസ് ഇന്ന് പരിഗണിക്കാനിരിക്കേയാണ് ജസ്റ്റിസ് മോഹന്‍ ശന്ത ഗൗഡര്‍ പിന്‍മാറിയത്. അതുകൊണ്ട് കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 23 ലേക്ക് മാറ്റി. ജൂലൈ 23 നാണ് 17 എംഎല്‍എമാരെ കര്‍ണ്ണാടക സ്പീക്കറായിരുന്ന കെ ആര്‍ രമേഷ്‌കുമാര്‍ അയോഗ്യരാക്കിയത്.
സ്പീക്കറുടെ നടപടി ഏകപക്ഷീയവും അകാരണവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ പരമോന്നത കോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ പത്താം അനുച്ഛേദം പ്രകാരം തന്റെ പദവിയുടെ ദുരുപയോഗമാണ് സ്പീക്കര്‍ നടത്തിയത്. അനുച്ഛേദം 19,21 അനുസരിച്ച് എംഎല്‍മാര്‍ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് സ്പീക്കര്‍ നടത്തിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസ് — ജനതാദള്‍ മന്ത്രിസഭയെ പിന്തുണച്ചിരുന്ന 13 കോണ്‍ഗ്രസ് എംഎല്‍എ മാരും മൂന്ന് ജനതാദള്‍ എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് — ജനതാദള്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂലൈ 26 ന് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നാടകങ്ങളുടെ അന്ത്യത്തിലാണ് സ്പീക്കര്‍ വിപ്പ് ലംഘിച്ച എംഎല്‍എമാരെ അയോഗ്യരാക്കിയത്.

പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, എസ് ടി സോമശേഖരന്‍, ഇആര്‍ റോഷന്‍ ബേഗ്, ബയതി ബസവ്‌രാജ്, അനന്ത് സിങ്, മുനിരത്‌ന, കെ സുധാകര്‍, എംടിബി നാഗരാജ്, ശ്രീമന്ത് പാട്ടീല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരെയും എച്ച് വിശ്വനാഥ്, നാരായണ ഗൗഡ, കെ ഗോപാലയ്യ എന്നീ ജനതാദള്‍ എംഎല്‍എ മാരെയുമാണ് അയോഗ്യരാക്കിയത്.