Friday
19 Apr 2019

വിധി കാക്കിക്കുള്ളിലെ നരാധമന്മാര്‍ക്കുള്ള താക്കീത്

By: Web Desk | Wednesday 25 July 2018 10:55 PM IST


udhyakumar death- janayugam

മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ രണ്ട് പൊലീസുകാരെ വധശിക്ഷയ്ക്ക് വിധിച്ച തിരുവനന്തപുരം സിബിഐ പ്രതേ്യക കോടതിവിധി കേരളാ പൊലീസിലെ നരാധമന്മാര്‍ക്കുള്ള താക്കീതാണ്. വധശിക്ഷയുടെ ന്യായന്യായതയേയും ധര്‍മാധര്‍മങ്ങളെയുംപറ്റിയും ഉള്ള ഒരു ചര്‍ച്ചയുടെ അവസരമല്ല ഇത്. ജനയുഗം അതുസംബന്ധിച്ച് അസന്ദിഗ്ധമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ആധുനിക പൊലീസ് സേന എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിനുണ്ട്. പലപ്പോഴും ആ കാഴ്ചപ്പാടിനു തെല്ലുംനിരക്കാത്ത സമീപനം നമ്മുടെ പൊലീസ് സേന അവലംബിക്കുന്നതിന് അനവധി ഉദാഹരണങ്ങള്‍ നിരത്താനാവും. അത്തരം സമീപനം ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴും തുടരുന്നുവെന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ഉദയകുമാറിന്റെ കേസില്‍ ഇപ്പോഴുണ്ടായ വിധി ഏറെ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. പൊലീസ് സേനയിലെ ക്രിമിനല്‍ സാന്നിധ്യം തുറന്നുകാട്ടുന്നതാണ് ഈ കസ്റ്റഡിമരണ കേസ്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിക്കാന്‍ ശിക്ഷിക്കപ്പെട്ട പൊലീസുകാര്‍ നടത്തിയ അപമാനകരമായ ശ്രമമാണ് ആ യുവാവിന്റെ കസ്റ്റഡിമരണത്തില്‍ കലാശിച്ചത്. പൊലീസ് സേനയില്‍ ഒരു ചെറുവിഭാഗം നടത്തിവരുന്ന ഇത്തരം പിടിച്ചുപറിയാണ് സേനയുടെ സല്‍പേരിന് വ്യാപകമായി കളങ്കമായി മാറുന്നത്. പാഴ്‌വസ്തുക്കള്‍ ശേഖരിച്ചുവില്‍ക്കുന്ന സ്ഥാപനത്തില്‍ പണിയെടുത്തു കുടുംബം പുലര്‍ത്തുന്ന ഒരു ദരിദ്ര തൊഴിലാളിയോടുപോലും കാരുണ്യം കാണിക്കാന്‍ വിസമ്മതിക്കുന്ന ഇത്തരക്കാര്‍ കേരളത്തിന്റെ പൊലീസ് സേനയ്ക്ക് മാത്രമല്ല നാടിനുതന്നെ അപമാനമാണ്. നിരവധി പൊലീസുകാര്‍ ഉണ്ടായിരുന്ന സ്റ്റേഷനില്‍ നിരപരാധിയായ ഒരു യുവാവ് അരുംകൊല ചെയ്യപ്പെട്ടിട്ടും അത് തടയപ്പെട്ടില്ല എന്നതും പൊലീസ് സേനയുടെ പൊതുസ്വഭാവത്തെപറ്റി ആശങ്ക ഉണര്‍ത്തുന്നു. പാവപ്പെട്ട നിരപരാധിയായ യുവാവിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ക്കും മരണത്തോട് മല്ലിടുന്ന അയാളെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടവര്‍ക്കും മേലുദേ്യാഗസ്ഥരില്‍ നിന്നു ലഭിച്ച ശാസനയും നിഷേധാത്മക സമീപനവും ഒരു സംവിധാനത്തിന് എത്രത്തോളം നിഷ്ഠുരമാവാന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.

പൗരന്മാരുടെ ജീവനും സ്വത്തിനും സൈ്വരജീവിതത്തിനും ഉറപ്പുനല്‍കേണ്ട പൊലീസ്‌സേന തന്നെ അത് അപഹരിക്കുകയാണ് ചെയ്തത്. അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ കീഴുദേ്യാഗസ്ഥരെ നിലയ്ക്കുനിര്‍ത്തി നേര്‍വഴിക്ക് നയിക്കേണ്ട മേലുദേ്യാഗസ്ഥര്‍ അത്തരം ക്രിമിനലുകളെ സംരക്ഷിക്കുകയും ജനങ്ങളെയും നീതിപീഠത്തെതന്നെയും കബളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ ദൃഷ്ടാന്തമാണ് ഈ കേസ്. എത്ര ഭീകര കുറ്റവാളിയാണെങ്കിലും കസ്റ്റഡിയിലെടുത്ത ആളോട് അവലംബിക്കേണ്ട നടപടിക്രമങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് കാണാവുന്നവിധം പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മിക്കപ്പോഴും പൊലീസ് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ള ആ നടപടിക്രമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ക്രിമിനലുകളും പൊലീസ് സേനയിലെ പലരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അങ്ങാടിപ്പാട്ടായ അരമന രഹസ്യമാണ്. ഈ കേസില്‍ കൂറുമാറിയ ഒന്നാംസാക്ഷി അതാണ് സാക്ഷ്യപ്പെടുത്തുന്നത്. പൊലീസ് സേനയില്‍ നടമാടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതും ആസൂത്രിതവും സംഘടിതവുമാണ്. കുറ്റവാളി സംഘങ്ങളെ സംരക്ഷിക്കല്‍, പണമിടപാടുകാര്‍ക്കുവേണ്ടിയുള്ള സംരക്ഷണവലയം സൃഷ്ടിക്കല്‍ തുടങ്ങി പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഉന്നത ഐപിഎസ് ഉദേ്യാഗസ്ഥര്‍ വരെ ഉള്‍പ്പെട്ട സംഘടിത പ്രവര്‍ത്തനമാണ് നടക്കുന്നത്. അതില്‍ നിന്നു ലഭിക്കുന്ന അവിഹിത വരുമാനം പദവിക്ക് അനുസൃതമായി പങ്കുവയ്ക്കപ്പെടുന്നുവെന്നതും ഒരു രഹസ്യമല്ല. ജനങ്ങളുടെ ജീവനും സ്വത്തും അവരുടെ നിയമാനുസൃതവും ജനാധിപത്യപരവുമായ അവകാശങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ പൊലീസ് സേനയില്‍ കുറ്റകൃതങ്ങളും കുറ്റവാളി സംഘങ്ങളും യഥേഷ്ടം തുടരാന്‍ അനുവദിച്ചുകൂട. അതിന് അറുതിവരുത്താന്‍ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് ബാധ്യതയുണ്ടെന്നാണ് സിബിഐകോടതി വിധിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം സിബിഐ കോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ പൊലീസ് സേനയോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് മുഖ്യമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷവും ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതുമായ ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. അത്തരം വിഷയങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയും ചെയ്തു. ഇപ്പോഴത്തെ വിധി പൊലീസ് സേനയെ സംബന്ധിച്ച് കൂടുതല്‍ സുതാര്യമായ ഒരു നയരൂപീകരണത്തിന് സഹായകമാവണം. ഉദയകുമാറിന്റെ കൊലപാതകത്തില്‍ നീതിക്കുവേണ്ടി സധൈര്യം മുന്‍നിന്നു പ്രവര്‍ത്തിക്കുകയും അയാളുടെ ആലംബഹീനയായ മാതാവിന് നീതീക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ശക്തി പകരുകയും ചെയ്ത എഐവൈഎഫിന്റെയും സിപിഐയുടെയും പ്രവര്‍ത്തകരും നേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു.