ഗതിപറയുന്ന വിധിനിർണയം

Web Desk
Posted on November 25, 2019, 10:15 pm

നീതിപീഠം സംശയനിഴലിലാവുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. അയോധ്യവിധിക്കുശേഷം സുപ്രീം കോടതിക്കുമേലുള്ള ‘നിരീക്ഷണം’ തുടർന്നുകൊണ്ടേയിരിക്കുന്നു എന്നത് അങ്ങേയറ്റം ഭീതിജനകവും. സംശയിക്കുന്നവരെ ആരെയും കോടതിയലക്ഷ്യത്തിന് മുതിർന്നവനെന്ന് മുദ്രകുത്താനോ നടപടിക്ക് വിധേയനാക്കാനോ പോലും അധികാരമില്ലാത്ത തലത്തിലേക്ക് ന്യായവിധി മാറുന്നതായാണ് കാണുന്നത്. നമ്മുടെ നീതിപീഠം ലോകമാതൃകയാണെന്ന് തലമുറയെ പഠിപ്പിക്കാനാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം ഇന്ത്യക്കാരും. കൊളോണിയൽ വ്യവസ്ഥിതിയും അടിമത്വവും അധികാര തിട്ടൂരവും കുഴിച്ചുമൂടിയാണ് രാജ്യം സ്വാതന്ത്രം നേടിയത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കോടതി മുറികളും നടപടികളും പടിഞ്ഞാറൻ ചുവയിൽ തുടരുന്നു എന്ന വിമർശനം നിലനില്‍ക്കുന്നുണ്ട്. അതിനേക്കാളേറെ, ന്യായം വിധിക്കുന്നവര്‍ സംശയത്തി­­ലാവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് ഗൗരവം. ന്യാ­യത്തിന്റെയും നീതിയുടെയും ഗതിയെ­ന്തെന്ന് പറയുന്നതാവരുത് വിധി നിർണയങ്ങൾ എന്നാണ് ഇത് ഓർമ്മപ്പെടുത്തുന്നത്.

സുപ്രീം കോടതി പരിഗണനയ്ക്കെടുക്കുന്ന വിഷയത്തിന്റെ വിധി മുൻകൂട്ടി സോഷ്യൽ മീഡിയയിലൂടെയും മറ്റും പൊതുജനം വിളിച്ചുപറയുന്നത് ന്യായാധിപന്മാരും കാണുന്നുണ്ടാവാം. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും മതേതരത്വത്തെയും സാഹോദര്യത്തെയും പുല്ലുവിലകല്പിക്കാത്ത ഭരണകൂടത്തിന് കൂടുതൽ സൗകര്യങ്ങളും സാഹചര്യങ്ങളും നൽകുന്ന ന്യായവിധികളാണ് പൊതുജനങ്ങളെ ഇത്തരത്തിൽ പറയിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. കോടതിയിലെ വാദപ്രതിവാദങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങ­ൾക്ക് കോടതിവിധി ഏതുവിധത്തിലാവുമെന്ന് പ്രതീക്ഷിക്കാൻ താല്പര്യമുണ്ടാകാം. വിധി മറിച്ചായാൽ വിമർശനത്തിന് വിധേയരാവാൻ ന്യായാധിപന്മാരും വിധിക്കപ്പെട്ടേക്കാം. അത് കോടതിക്കും നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കാനും കഴിയില്ല.

സുപ്രീം കോടതിയിൽ നിന്ന് പടിയിറങ്ങും മുൻപ് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നടത്തിയ വിധി പ്രസ്താവങ്ങള്‍ക്കും അദ്ദേഹത്തിനും എതിരെയുള്ള വിമർശനങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ഏറെ പ്രമാദമായി­മാറിയ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി സു­പ്രീം കോടതി­യിലെത്തിയിരിക്കുന്നത്. കീഴ്‌വഴക്കമനുസരിച്ച് നിലനി­ൽ­ക്കാവുന്ന വാദങ്ങളൊന്നുമല്ല മുഖ്യമന്ത്രി ദേ­വേന്ദ്ര ഫ­ട്­നാ­വിസിനുവേണ്ടി ഹാജരാ­യ അഭിഭാഷകൻ മുകുൾ റോത്തഗി സു­പ്രീം കോടതിയിൽ നിരത്തിയത്. എന്നിട്ടും ബി­­­ജെപിയുടെ രാഷ്ട്രീ­യക്കച്ച­വട­ത്തിന് തത്വത്തിൽ സാവകാശം ല­ഭി­ച്ചി­രിക്കുകയാണ്. കർ­ണാടക കേസിൽ കുമാരസ്വാമി സർക്കാർ ഉടൻ വിശ്വാസവോട്ട് നേടണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. മഹാരാഷ്ട്ര കേസിലാക­ട്ടെ വാദങ്ങളും രേഖകളും പ­രിശോധിച്ച് വിധി പ്ര­സ്താവം അടുത്ത ദിവസത്തേക്ക് മാറ്റിയതോടെ ചുരുങ്ങി­യത് 72 മണിക്കൂറെങ്കിലും ബി­ജെപി­ക്ക് ലഭിക്കും.

മഹാരാഷ്ട്രയിൽ സഖ്യസർക്കാരുണ്ടാക്കാൻ നിശ്ചയിച്ച ശിവസേന, എൻസിപി, കോ­­ൺഗ്രസ് കക്ഷികൾ കോടതിയിൽ ആവശ്യപ്പെട്ടത് അടിയന്തിരമായി പ്രോടേം സ്പീക്കറെ നിയോഗിച്ച് ഫട്നാവിസ് സർക്കാർ വിശ്വാസ വോട്ട് തേടണമെന്നാണ്. സ­ഖ്യ­കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ തീരുമാനിച്ച് ഗവർണറെ നേരിൽ കാണുന്നതിന് സമയം ചോദിച്ചതിന് ശേഷമാണ് ബിജെപി അജിത് പവാറിനെ ഒപ്പം ചേർത്ത് സർക്കാരുണ്ടാക്കിയത്. മഹാരാഷ്ട്രയിൽ നിലനിന്നിരുന്ന രാഷ്ട്രപതിഭരണം പിന്‍വലിച്ച് അരമണിക്കൂറിനുള്ളിൽ പുതിയ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ അവസരമൊരുക്കിയ സാഹചര്യം എന്താണെന്നും സഖ്യകക്ഷികൾ കോടതിയിൽ ചോദിച്ചു. നടന്നത് ജനാധിപത്യ ധ്വംസനമാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ അജിത് പവാർ ഗവർണർക്ക് നൽകിയ കത്ത് വ്യാജമാണെന്നും ശിവസേനയും എൻസിപിയും കോൺഗ്രസും കോടതിയെ ധരിപ്പിച്ചു. അജിത് പവാർ നൽകിയ കത്തിനൊപ്പം ബിജെപിക്കാണ് പിന്തുണയെന്ന് ഉള്ളടക്കം ചെയ്യുന്ന പ്രത്യേ­ക കത്ത് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഗവർണർ അറിഞ്ഞുകൊണ്ട് ബിജെപിക്കായി ചട്ടങ്ങൾ ലംഘിച്ചെന്നും കക്ഷികൾ ആരോപിച്ചിരിക്കുന്നു.

ഗവർണർക്ക് ദുരുദ്ദേശം ഉണ്ടായിട്ടില്ലെന്നാണ് മറുവാദം. അജിത് പവാർ നൽകിയ കത്ത് ഗവർണർ അവിശ്വസിച്ചില്ല എന്നുമാത്രമാണ് ഫട്നാവിസിനുവേണ്ടി ഹാ­ജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. ഇതോടെ ഗവർണറുമായി ബന്ധപ്പെട്ട വിഷയം വെറുതേ നീട്ടിവലിക്കേണ്ടെന്ന കോടതിയുടെ നിരീക്ഷണം വന്നു. രാജ്ഭവനിലല്ല, മറിച്ച് നിയമസഭയിലാണ് സർക്കാരിന് ഭൂരിപക്ഷമുണ്ടോ എന്ന് തെളിയിക്കേണ്ടതെന്നും കോടതി വാക്കാൽ പറഞ്ഞുവച്ചു. സുപ്രീം കോടതിയിലെ നടപടികൾ ഇങ്ങനെ പോകുമ്പോൾ മഹാരാഷ്ട്രയിൽ നിയമത്തെ നോക്കുകുത്തിയാക്കി അജിത് പവാറിനെതിരെയുള്ള 70,000 കോടിയുടെ അഴിമതിക്കേസാണ് അരനേരം കൊണ്ട് ബിജെപി സർക്കാർ ചവറ്റുകൊട്ടയിലേക്കെറിഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷ മുന്നണിയിലെ അതികായനായിരുന്ന അജിത് പവാറിനെതിരെ ബിജെപി മുഖ്യപ്രചാരണായുധമാക്കിയ വിദർഭ ജലസേചന പദ്ധതി അഴിമതിക്കേസാണിത്. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 20 കേസുകളിൽ ഒമ്പതെണ്ണമാണ് എഴുതിത്തള്ളിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ് പുതിയ സർക്കാർ. അധികാരത്തിനായി ബിജെപി നടത്തിയ ഈ നാടകവും ലജ്ജാകരമാണ്. നിയമം ഇത്തരത്തിൽ ഭരണത്തിനായി ദുരുപയോഗം ചെയ്യുന്നതിനെ കോടതികൾ ഏതുവിധേന കാണുമെന്ന ചോദ്യവും അടുത്ത ദിവസങ്ങളിൽ ഉയർന്നേക്കാം.