യുഎപിഎ ചുമത്തി അറസ്റ്റ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷയിൽ വിധി നാളെ

Web Desk
Posted on November 05, 2019, 11:55 am

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ടു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കേസിന്റെ വാദത്തിനിടെ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. കസ്റ്റഡി അപേക്ഷ നല്‍കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിലവില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

യുഎപിഎയില്‍ പുനരാലോചന നടത്താന്‍ രണ്ടു ദിവസം വേണമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കേസ് ഇന്നത്തേയ്ക്ക് മാറ്റിയത്. യുഎപിഎ നിലനിര്‍ത്തിക്കൊണ്ടും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുമുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇന്ന് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ വിദ്യാര്‍ഥികളാണെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്തുന്നത് അവരുടെ ഭാവിയെ ബാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു.