8 September 2024, Sunday
KSFE Galaxy Chits Banner 2

സാമ്പത്തിക ഫെഡറലിസം ഉയർത്തിപ്പിടിക്കുന്ന വിധി

Janayugom Webdesk
July 27, 2024 5:00 am

ധാതുസമ്പുഷ്ടമായ ഭൂമിയുടെമേൽ നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് പരിധിരഹിത അവകാശമുണ്ടെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഫെഡറൽ ജനാധിപത്യത്തിൽ യൂണിയനും സംസ്ഥാനങ്ങളും ഉൾപ്പെട്ട ഭരണനിർവഹണം, വിഭവങ്ങളുടെമേലുള്ള അവകാശാധികാരങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക വിധിപ്രസ്താവമായി വിലയിരുത്തപ്പെടുന്നു. വിധി പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും അവകാശങ്ങൾ സംബന്ധിച്ച് നിർണായക വഴികാട്ടിയായും മാറുകയാണ്. ധാതുനിക്ഷേപമുള്ള ഭൂമി, ക്വാറി മുതലായവയുടെമേൽ നികുതിചുമത്താനുള്ള സംസ്ഥാനനിയമസഭകളുടെ അധികാരത്തെ പരിമിതപ്പെടുത്താൻ പാർലമെന്റിന് അവകാശമില്ലെന്ന് 8:1 ഭൂരിപക്ഷത്തിന് വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഖനികൾ, ക്വാറികൾ എന്നിവയ്ക്കുമേൽ നികുതി ചുമത്താനുള്ള സംസ്ഥാന നിയമസഭകളുടെ അവകാശങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടിക്ക് ഭരണഘടനാ ബെഞ്ചിന്റെ വിധി കനത്ത തിരിച്ചടിയും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങളുടെ പുനഃസ്ഥാപനവുമാണ്. വിഭവങ്ങളുടെമേലും നികുതി നിർണയത്തിലും യൂണിയനും സംസ്ഥാനങ്ങൾക്കുമുള്ള അവകാശങ്ങൾ, വിഭവങ്ങളുടെ പങ്കുവയ്ക്കലും അവയുടെ വിതരണവും; പാർലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും അവകാശങ്ങൾ എന്നിവ സംബന്ധിച്ചും, കേവലമായ ഭരണഘടനാ വ്യാഖ്യാനത്തിനപ്പുറം ഫെഡറൽ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ക്രിയാത്മകവും ദൂരവ്യാപകവുമായ തുടർചലനങ്ങൾക്ക് വഴിതുറക്കുന്ന സുപ്രധാനവും നിർണായകവുമായ വിധിപ്രസ്താവമായി ഇത് ചരിത്രത്തിൽ സ്ഥാനംപിടിക്കും. ‘ഒരു രാജ്യം, ഒരു നികുതി’ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും സംഘ്പരിവാർ ശക്തികളുടെയും സങ്കുചിത, തീവ്രദേശീയതയ്ക്ക് ഭരണഘടന നൽകുന്ന മുന്നറിയിപ്പായി വേണം സുപ്രീം കോടതിയുടെ ഈ വിധിപ്രസ്താവം വിലയിരുത്തപ്പെടാൻ.


ഇതുകൂടി വായിക്കൂ:  കുറ്റവും ശിക്ഷയും


ഭരണഘടന നിഷ്കർഷിക്കുന്ന പരിധികൾക്കുള്ളിൽ നിന്നുകൊണ്ടും, അനുവദനീയമായ നിയമനിർമ്മാണ അവകാശങ്ങൾ പ്രയോജനപ്പെടുത്തിയും നികുതി ചുമത്താൻ സാമ്പത്തിക ഫെഡറലിസം സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ ഈ അവകാശത്തിനുമേലുള്ള പാർലമെന്റിന്റെ കൈകടത്തൽ ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ നികുതിനിർണയ അധികാരത്തിൽ വെള്ളം ചേർക്കാനുള്ള ഏത് നീക്കവും വിഭവ സമാഹരണത്തിനുള്ള അവരുടെ ശേഷിയെ പ്രതികൂലമായി ബാധിക്കും. അത് ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും ജനങ്ങൾക്കായുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ പ്രാപ്തിയെ തടസപ്പെടുത്തും. ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യശേഷി, ഗവേഷണവും വികസനവും എന്നിവയെല്ലാം വിഭവ സമാഹരണത്തിലുള്ള സംസ്ഥാന സർക്കാരുകളുടെ പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നു. വിധിപ്രസ്താവത്തിലെ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ നിരീക്ഷണം സമഗ്രവും ഗഹനവും യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധത്തെ മോഡി സർക്കാരിന്റെ കാഴ്ചപ്പാടിൽനിന്നും വ്യത്യസ്തമായി വിലയിരുത്തുന്നതുമാണ്. ധാതുസമ്പന്നമായ ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ ആളോഹരി വാർഷിക വരുമാനം ദേശീയ ശരാശരിയെക്കാൾ താഴെയാണെന്ന വസ്തുതയും വിധിന്യായം ചൂണ്ടിക്കാട്ടുന്നു. 1957ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) സംബന്ധിച്ച നിയമം ഉപയോഗിച്ച് ഖനന ഭൂമികൾ, ക്വാറികൾ എന്നിവയുടെമേൽ നികുതി ഏർപ്പെടുത്താനുള്ള സംസ്ഥാന നിയമസഭകളുടെ അവകാശത്തെ പാർലമെന്റിന് പരിമിതപ്പെടുത്താനാവില്ലെന്ന് വിധിന്യായം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഖനികൾക്കായി ഭൂമി പാട്ടത്തിനെടുക്കുന്നവർ സർക്കാരുകൾക്ക് നൽകുന്ന റോയൽറ്റി നികുതിയല്ലെന്നും ധാതുഖനനത്തിനായി അവർ കൈവശംവച്ച് ആസ്വദിക്കുന്ന ഭൂമിക്ക് കരാറുകാരൻ നൽകുന്ന പ്രതിഫലമാണെന്നും വിധി വ്യക്തമാക്കുന്നു. ഫലത്തിൽ ധാതു സമ്പന്നമായ ഭൂമി, ക്വാറികൾ എന്നിവയ്ക്ക് അപ്പുറം ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിന് ആവശ്യമായ നികുതി നിർണയിക്കാനും അതിന്മേലുള്ള സംസ്ഥാനങ്ങളുടെ അവകാശം സ്ഥാപിക്കാനും വഴിതുറക്കുന്ന നിർണായകമായ വിധിപ്രസ്താവമാണ് സുപ്രീം കോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ നിന്നും വ്യാഴാഴ്ച പുറത്തുവന്നത്.


ഇതുകൂടി വായിക്കൂ: ഭൂമി തരംമാറ്റത്തിന് പുതിയ സംവിധാനം


നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി-എൻഡിഎ ഭരണം 11-ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും സ്വന്തമായി ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപി മോഡി കേന്ദ്രീകൃത സ്വേച്ഛാധിപത്യ ഭരണമാണ് രാജ്യത്തിനുമേൽ അടിച്ചേല്പിച്ചത്. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബിജെപി രണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയാണ് അധികാരം നിലനിർത്തുന്നതെങ്കിലും മാറിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനോ ആവശ്യമായ ഗതിമാറ്റത്തിനോ തയ്യാറല്ലെന്നാണ് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും ഫെഡറൽ ജനാധിപത്യമെന്ന ആശയത്തെയും കാഴ്ചപ്പാടിനെയും നിരാകരിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് അവർ ഇപ്പോഴും തുടരുന്നത്. അത് ഭരണഘടനാ വിരുദ്ധമാണെന്ന ഓർമ്മപ്പെടുത്തലാണ് പരോക്ഷമെങ്കിലും സുപ്രീം കോടതി ഭരണഘടനാബെഞ്ച് വിധിയിലൂടെ നൽകുന്നത്. സാമ്പത്തിക വിഷയങ്ങൾ ഉന്നയിച്ച് കേരളമടക്കം സംസ്ഥാനങ്ങൾ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോഴത്തെ വിധി സംസ്ഥാനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകും. എന്നാൽ ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ എന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികളടക്കം ജനസംഘടനകളും ഈ അവസരം പ്രയോജനപ്പെടുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.