Web Desk

November 25, 2020, 5:32 am

വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായം

Janayugom Online

വിവാഹത്തിനുവേണ്ടി മതംമാറുന്നത് സ്വീകാര്യമല്ലെന്ന അലഹബാദ് ഹെെക്കോടതി ഏകാംഗ ബെഞ്ചിന്റെ മുന്‍വിധി നിയമത്തിന്റെ മുന്നില്‍ നിലനില്‍ക്കില്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച് നിര്‍ണായക പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വ്യത്യസ്ത മതവിശ്വാസികള്‍ പരസ്പരം വിവാഹിതരാകുന്നതിനെ കുറ്റകൃത്യമാക്കാന്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് അടക്കം ബിജെപി മുഖ്യമന്ത്രിമാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് നവംബര്‍ 11ന്റെ അലഹബാദ് ഹെെക്കോടതി വിധി തിരിച്ചടിയാവും. വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന 2014ലെ, ജഡ്ജ് സൂര്യപ്രകാശ് കേസര്‍വാനിയുടെ, വിധി പ്രായപൂര്‍ത്തിയായ ദമ്പതികളുടെ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിരാകരിക്കുന്നതാണെന്ന് പുതിയവിധി അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു.

അലഹബാദ് ഹെെക്കോടതി ഏകാംഗ ബെഞ്ചിന്റെ 2014ലെ വിധിയും തുടര്‍ന്ന് സമാനമായ മറ്റൊരു കേസില്‍ 2020 സെപ്റ്റംബറിലും പുറപ്പെടുവിച്ച ഉത്തരവിന്റെ നിയമസാധുതയുമാണ് ജസ്റ്റിസുമാരായ വിവേക് അഗര്‍വാളും പങ്കജ് നഖ്‌വിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിയത്. അലഹബാദ് ഹെെക്കോടതിയുടെ മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ മതത്തിന്റെ പേരില്‍ സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി ആദിത്യനാഥ് തുടര്‍ന്നുവന്നിരുന്നത്. മുസ്‌ലിം വിരോധം ആയുധമാക്കി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉത്തര്‍പ്രദേശിനു പുറമെ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും നടത്തിവന്ന ‘ലൗ ജിഹാദി‘ന് എതിരായ നിയമനിര്‍മ്മാണ പ്രക്രിയക്ക് തടയിടുന്നതായി അലഹബാദ് ഹെെക്കോടതി വിധി.

ഏറെ വിവാദം സൃഷ്ടിച്ച ഹാദിയ ജഹാന്‍ കേസിലും മറ്റ് ഇതര മത, ജാതി വിവാഹ കേസുകളിലും പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ പരമോന്നത ഭരണഘടനാ കോടതിയായ സുപ്രീം കോടതി തന്നെ ആവര്‍ത്തിച്ച് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. ആ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു അലഹബാദ് ഹെെക്കോടതിയുടെ നേരത്തെ ഈ വിഷയത്തിലുണ്ടായ വിധിപ്രസ്താവങ്ങള്‍. മതപരിഗണനകള്‍ കൂടാതെയോ, വിവാഹത്തിനുവേണ്ടി മതപരിവര്‍ത്തനം ചെയ്തോ, പ്രായപൂര്‍ത്തിയായ സ്ത്രീ-പുരുഷന്മാര്‍ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ കുറ്റകൃത്യമാക്കാന്‍ രാഷ്ട്രീയലക്ഷ്യത്തോടെ സംഘപരിവാര്‍ ശ്രമിച്ചുവരികയാണ്. എന്‍ഐഎ അടക്കം അന്വേഷണ ഏജന്‍സികള്‍ക്കൊ പൊലീസ് സംവിധാനത്തിനൊ ‘ലൗ ജിഹാദി‘ന് ഫലപ്രദമായ തെളിവ് ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന വിദ്വേഷപ്രചാരണത്തിനും വ്യക്തിസ്വാതന്ത്ര്യ നിഷേധശ്രമങ്ങള്‍ക്കും ഭരണഘടനാപരവും യുക്തിഭദ്രവുമായ മറുപടിയാണ് അലഹബാദ് ഹെെക്കോടതിയുടെ നവംബര്‍ 11ന്റെ വിധി. കേസില്‍ ഉള്‍പ്പെട്ട ദമ്പതിമാര്‍, ‘ഹിന്ദുവായോ മുസ്‌ലിമായോ അല്ല, സ്വന്തം ഇച്ഛാനുസരണം സമാധാനപൂര്‍വം സന്തുഷ്ടരായി ജീവിക്കാന്‍ തീരുമാനിച്ച രണ്ട് മുതിര്‍ന്ന വ്യക്തികളായാണ് ഞങ്ങള്‍ കാണുന്നത്’ എന്ന് വിധിപ്രസ്താവം അടിവരയിടുന്നു. കോടതി ഒരുപടികൂടി കടന്ന് ‘ഒരുമിച്ചു സമാധാനപൂര്‍വം ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരേ ലിംഗത്തില്‍പ്പെട്ട വ്യക്തികളെപ്പോലും മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഭരണകൂടത്തിനു തന്നെയൊ അതില്‍നിന്ന് തടയാനൊ എതിര്‍ക്കാനൊ’ കഴിയില്ലെന്നും വിധിന്യായം പറയുന്നു.

ഒരാളുടെ മതവിശ്വാസം എന്തെന്ന പരിഗണന കൂടാതെ അയാളുടെ അല്ലെങ്കില്‍ അവളുടെ കൂടെ ജീവിക്കാനുള്ള അവകാശം വ്യക്തികളുടെ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള സഹജമായ അവകാശമാണ്. അതില്‍ ഇടപെടാനുള്ള ഏതുശ്രമവും രണ്ട് വ്യക്തികളുടെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ നടത്തുന്ന കടന്നുകയറ്റമാണ്. ഭരണഘടനയേയും ഭരണഘടന ഉറപ്പുനല്കുന്ന മൗലിക സ്വാതന്ത്ര്യങ്ങള്‍ക്കും നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ നീതിപീഠത്തിന്റെ സമചിത്തതയോടെയുള്ള ഈ വിധിന്യായം അംഗീകരിക്കാന്‍ തയ്യാറാവണം. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് കനത്ത ഉലച്ചില്‍ തട്ടിയിരിക്കുന്ന അവസരത്തിലാണ് അലഹബാദ് ഹെെക്കോടതിയുടെ ഈ സുപ്രധാന വിധി എന്നത് ഏറെ ആശ്വാസകരവും പ്രതീക്ഷക്കു വകനല്കുന്നതുമാണ്.