ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

Web Desk
Posted on September 19, 2019, 9:51 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി ഒക്ടോബര്‍ മൂന്നു വരെ നീട്ടി ഉത്തരവിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചിദംബരത്തെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കസ്റ്റഡി കാലാവധി ഒക്ടോബര്‍ മൂന്നു വരെ നീട്ടണമെന്ന് പ്രോസിക്യൂഷന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരമാവധി നാലു ദിവസം മാത്രമെ കസ്റ്റഡി അനുവദിക്കാവൂ എന്ന് ചിദംബരത്തിന്റെ അഭിഭാഷകരായ കപില്‍ സിബല്‍, മനു അഭിഷേക് സിങ് വി എന്നിവര്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

അഴിമതി കേസില്‍ പി ചിദംബരം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.
ഓഗസ്റ്റ് 21നാണ് പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും കോടതി സിബിഐ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.