Web Desk

ന്യൂഡല്‍ഹി

February 13, 2021, 10:19 pm

റിപ്പബ്ലിക് ദിന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സംയുക്ത കിസാൻ മോര്‍ച്ച

Janayugom Online

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയോടു ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ സിഘുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ഷകര്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുക്കുകയാണ്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ സംഭവങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയോ അന്വേഷണം നടത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ലീഗല്‍ സെല്‍ അംഗം കുല്‍ദീപ് സിങ്ങ് ആവശ്യപ്പെട്ടു.
ഇതുവരെ 14 എഫ് ഐ ആര്‍ കളുടെ അടിസ്ഥാനത്തില്‍ 122 കര്‍ഷകരെയാണ് ഡല്‍ഹി പോലീസ് അക്രമ സംഭവങ്ങളുടെ പേരില്‍ അറസ്റ്റു ചെയ്തത്. പോലീസ് 44 എഫ് ഐ ആര്‍ കളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മറ്റൊരു നേതാവായ രവീന്ദര്‍ സിംങ്ങ് പറഞ്ഞു.
അറസ്റ്റിലായ കര്‍ഷകര്‍ക്ക് സംയുക്ത കിസാന്‍ മോര്‍ച്ച നിയമ സഹായവും സാമ്പത്തിക സഹായവും ഉറപ്പു വരുത്തും. കൊള്ള, കൊലപാതക ശ്രമം തുടങ്ങിയ ചാര്‍ജ്ജുകളാണ് കര്‍ഷകര്‍ക്കു മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ കര്‍ഷകര്‍ക്ക് ജയില്‍ കാന്റീനില്‍ ചിലവഴിക്കാന്‍ രണ്ടായിരം രൂപാ വീതം നല്‍കുമെന്നും രവീന്ദര്‍ സിംങ്ങ് വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ പോലീസിന്റെ നോട്ടീസ് ലഭിക്കുന്ന കര്‍ഷകര്‍ നേരിട്ടു പോലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകരുത്. പകരം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ലീഗല്‍ സെല്‍ മുഖാന്തിരം മാത്രമേ പോലീസിനു മുന്നില്‍ ഹാജരാകാവൂ എന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കി. ജനുവരി 26ലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത 16 കര്‍ഷകരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : Kisan Mor­cha demands judi­cial inves­ti­ga­tion on repub­lic day incident

You may also like this video :