11 November 2024, Monday
KSFE Galaxy Chits Banner 2

മതനിരപേക്ഷ ഇന്ത്യക്കായി നീതിപീഠത്തിന്റെ ഉജ്വല ശബ്ദം

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
October 25, 2024 4:45 am

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന്
മണ്ണു പങ്കു വച്ചു, മനസ് പങ്കുവച്ചു”
എന്ന് വയലാർ രാമവർമ്മ പതിറ്റാണ്ടുകൾക്ക് മുമ്പേ സിനിമാഗാന ശകലത്തിലൂടെ മാനവരാശിയെ ഉദ്ബോധിപ്പിച്ചിരുന്നു. വർത്തമാനകാലത്ത് ഈ വരികൾ കൂടുതൽ കൂടുതൽ പ്രസക്തമാവുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾ അഴിഞ്ഞാടുമ്പോൾ മതനിരപേക്ഷ ധാർമ്മികബോധത്തെ ഉണർത്തുകയാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി.
മതപ്രബോധനം നടത്തുന്നത് മുസ്ലിങ്ങൾ മാത്രമല്ല എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചാവർത്തിച്ച് പരാമർശിച്ചത് മതേതര ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ മുൻനിർത്തിയാണ്.
മദ്രസകളുടെ നിരോധനവും നിയന്ത്രണവുമായി ബന്ധപ്പെട്ട കേസുകളുടെ ചർച്ചാവേളയിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് മതേതരത്വത്തിന്റെ അർത്ഥമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. മദ്രസകളെ നിരോധിക്കുവാനും മതപഠനശാലകൾ ഇല്ലായ്മ ചെയ്യുവാനും ബാലാകാവകാശ കമ്മിഷനും കേന്ദ്ര സർക്കാരും നടത്തിയ നിഗൂഢ അജണ്ടകൾക്കും പരിശ്രമങ്ങൾക്കുമെതിരായ കനത്ത പ്രഹരമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ന്യൂനപക്ഷങ്ങളെ ശൂന്യതയിലാക്കിക്കൊണ്ട് പതിറ്റാണ്ടുകളുടെ രാജ്യചരിത്രത്തെ മറച്ചുവയ്ക്കാൻ ആകുകയില്ലെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. 

സംഘപരിവാരശക്തികളുടെ വംശവിദ്വേഷ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായാണ് മുസ്ലിം വിദ്വേഷം പടർത്തുന്നത്. മദ്രസകൾ മതപാഠശാലകൾ തന്നെയാണ്. അവിടങ്ങളിൽ രാജ്യതാല്പര്യത്തിനെതിരായ പഠനങ്ങളും പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളിലൂടെ അത് പരിശോധിച്ച് തിരുത്തപ്പെടാനുള്ള ഉത്തരവാദിത്തം സർക്കാർ ഏജൻസികൾക്കാണ്. ആ ഉത്തരവാദിത്തം നിർവഹിക്കാതെ മദ്രസകളിലെ വിദ്യാഭ്യാസം പരിപൂർണമായി നിരോധിക്കുന്ന ഫാസിസ്റ്റ് അജണ്ട അംഗീകരിക്കാവുന്നതല്ല.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ മദ്രസകൾ പൂട്ടാൻ ഭരണകൂടം നിർദേശം നൽകിയത് ഈ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും അതേനയം ആവർത്തിക്കപ്പെട്ടു. അക്കാര്യങ്ങളിലും ഉന്നത നീതിപീഠം അതിശക്തമായി ഇടപെട്ടു. ആ സംസ്ഥാന സർക്കാരുകളുടെ നടപടികളെ സുപ്രീം കോടതി നിർത്തിവയ്പിച്ചു.
ആശ്രമങ്ങളിലും ക്രൈസ്തവ പഠനകേന്ദ്രങ്ങളിലും നടത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്ക് വേവലാതി ഇല്ലാത്തതെന്തെന്ന് രൂക്ഷ വിമർശനത്തോടെ കോടതി ചോദിക്കുകയുണ്ടായി. 

ഒരു മതവിഭാഗത്തിന്റെ താല്പര്യങ്ങളെയും ഇഷ്ടങ്ങളെയും ഇല്ലായ്മ ചെയ്യുവാനുള്ള അത്യുത്സാഹമാണ് സംഘപരിവാരം പ്രകടിപ്പിക്കുന്നത്. മതപഠന ശാലകളിൽ അരുതാത്തത് നടക്കുന്നുണ്ടെങ്കിൽ അത് നിയന്ത്രിക്കുവാനും നിരോധിക്കുവാനും സംസ്ഥാന — കേന്ദ്രഭരണകൂടങ്ങൾക്ക് അധികാരമുണ്ട്. സുതാര്യവും വ്യക്തതയോടെയുള്ളതുമായ അന്വേഷണമില്ലാതെ, തെളിവുകളില്ലാതെ ഒരു മതവിഭാഗത്തിന്റെ വിദ്യാലയകേന്ദ്രങ്ങളെ, മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കറുത്തപുള്ളിയടിച്ച് തടങ്കലിൽ വയ്ക്കുന്നത് മതനിരപേക്ഷ ജനാധിപത്യത്തോടും ജനകീയ വിദ്യാഭ്യാസത്തോടുമുള്ള ഫാസിസ്റ്റ് അജണ്ടയുടെ വെല്ലുവിളിയാണ്. അതിനെതിരെയാണ് സുപ്രീം കോടതി ഉച്ചത്തിൽ ശബ്ദിച്ചത്.
ആശ്രമവിദ്യാഭ്യാസ നായകനും ആശ്രമപരമാധികാരിയും എന്നവകാശപ്പെടുന്ന ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ് മദ്രസാ വിദ്യാഭ്യാസം തെല്ലും സമയതാമസമില്ലാതെ നിരോധിച്ചത് എന്നത് ആശ്ചര്യകരം തന്നെ. ദേശീയ ബാലാവകാശ കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോ പറഞ്ഞ വിഷലിപ്ത വാക്കുകൾ കേരളത്തെയും നമ്മുടെ മതനിരപേക്ഷബോധത്തെയും അപമാനിക്കുന്നതും ചരിത്രവക്രീകരണത്തിന്റെ ഭാഗവുമാണ്. “കേരളം നിത്യം നുണ പറയുന്നവരാണ്. കേരളം വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കിയിട്ടില്ല. കേരളം നമുക്ക് നൽകിയ റിപ്പോർട്ടിൽ അവിടെ മദ്രസകളില്ലെന്നും സർക്കാർ മദ്രസകൾക്ക് സഹായധനം നൽകുന്നില്ലെന്നുമാണുള്ളത്. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുവെന്ന വസ്തുതയും എനിക്കറിയാം” എന്നാണദ്ദേഹം പറഞ്ഞത്.
കേരളം വിദ്യാഭ്യാസ നിയമം നടപ്പിലാക്കിയിട്ടില്ലെന്നും മദ്രസകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഔപചാരികമായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും ഏത് അന്വേഷണ അടിസ്ഥാനത്തിലാണ് ധാർഷ്ട്യത്തോടെ ഇവർ പ്രഖ്യാപിക്കുന്നത്. ഇത് കേരളത്തിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വർഗീയ അജണ്ടക്കാരുടെ വെല്ലുവിളിയാണ്. 

കേരളത്തിന്റെ വിദ്യാലയ സമ്പ്രദായവും വിദ്യാഭ്യാസ യാഥാർത്ഥ്യവും അറിയാതെയാണ് വിഡ്ഢികളുടെ ലോകത്തിൽ നിന്ന് സംഘപരിവാര ദാസൻമാർ ഇത്തരം ദുരുപദിഷ്ടമായ പ്രചരണം നടത്തുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഇടതുപക്ഷ ഭരണകാലത്ത് 12 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടി. മതപഠനശാലകളിൽ പോകുന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെ ഈ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാണ്. അതിൽ മത, ജാതി ഭേദങ്ങളില്ല. പുരോഗമനത്തിന്റെയും നവോത്ഥാനമൂല്യങ്ങളുടെയും നക്ഷത്രശോഭയുള്ള കേരളത്തെ വർഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ചട്ടുകങ്ങൾ ചാപ്പകുത്താൻ ശ്രമിക്കുമ്പോൾ നാം ഉണർന്നിരിക്കണം. ഉത്തരേന്ത്യൻ മണ്ണുകളിലെ വിദ്യാഭ്യാസ അരാജകത്വം കാണാതിരിക്കുന്നവരാണ് കേരളം പോലെ ഉന്നത വിദ്യാഭ്യാസ മേന്മയുള്ള മണ്ണിനെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നത്.
കേരളം മതവിദ്വേഷത്തിന്റെ മണ്ണല്ല. വിദ്യാഭ്യാസ നിരാകരണത്തിന്റെ ഭൂമിയല്ല. വിദ്യാഭ്യാസ അവകാശപോരാട്ടങ്ങളിൽ അനവധി രക്തസാക്ഷിത്വങ്ങളെ സൃഷ്ടിച്ച മണ്ണാണിത്. ആ മഹദ്മണ്ണിനെയാണ് സംഘപരിവാരശക്തികൾ മതവിവേചനത്തോടെ അവഹേളിക്കുന്നത്. കാവ്യക്കരുക്കളിൽ മുന്നേറിയ, കഥാക്കരുക്കളില്‍ മുന്നേറിയ മലയാളം എഴുത്തിന്റെയും അറിവിന്റെയും മഹാമേരുക്കൾ കയറിയ മണ്ണാണ്. അവിടെ മലിനവസ്ത്രങ്ങളുമായി, വർഗീയ ഫാസിസ്റ്റ് അതിഗൂഢ അജണ്ടകളുമായി അധിനിവേശം നടത്തുവാൻ ശ്രമിച്ചാൽ അതിനെ ചെറുത്തുതോല്പിക്കുവാൻ സാംസ്കാരിക കേരളത്തിനു കഴിയും. ‘നന്മയാണമ്മ മലയാളം’, ആ മലയാളം ഒരു വർഗീയ അജണ്ടയ്ക്കും കീഴടങ്ങുകയില്ല.
കുരീപ്പുഴ ശ്രീകുമാർ ‘അമ്മ മലയാളം’ എന്ന കവിതയിൽ കുറിച്ചു:
“കരയുവാൻ, പൊരുതുവാൻ, ചേരുവാൻ
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മ മലയാളം, ജന്മ മലയാളം”
ഈ അമ്മ മലയാളം, ജന്മമലയാളം, മതേതര മലയാളം വർഗ്ഗീയ ഫാസിസ്റ്റ് അജണ്ടകൾക്കെതിരായി പൊരുതുകയും പൊരുതി തോല്പിക്കുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.