ജയിലി‍ൽ കഴിയുന്ന ജൂലിയൻ അസാഞ്ജെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

Web Desk
Posted on November 25, 2019, 11:57 am

ലണ്ടൻ: ബ്രിട്ടനിലെ അതീവ സുരക്ഷാ ജയിലിൽ വച്ച് വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജെ മരിച്ചേക്കാമെന്ന് ഡോക്ടർമാർ. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ചൂണ്ടിക്കാട്ടി അറുപത് ഡോക്ടർമാരടങ്ങിയ സംഘം എഴുതിയ കത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
ചാരവൃത്തി നിയമപ്രകാരം നാടുകടത്താനുള്ള കേസിലാണ് ഇദ്ദേഹം വിചാരണ നേരിടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ അമേരിക്കയിൽ 175 കൊല്ലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് എഴുതിയ കത്തിലാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രിയും ഡോക്ടർമാരും അസാഞ്ജെയെ ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദക്ഷിണ പൂർവ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ നിന്ന് ഇദ്ദേഹത്തെ സർവകലാശാല ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇത്തരത്തിലുള്ള തീരുമാനം എടുക്കാൻ വൈകുന്നത് അസാഞ്ജെയുടെ ജീവൻ അപകടത്തിലാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അസാഞ്ജെ വിക്കീലീക്സിലൂടെ അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കൻ ആക്രമണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ഇത് അമേരിക്കൻ സർക്കാരിനെ ‍െഞെട്ടിപ്പിച്ചു.
ജൂലിയൻ അസാഞ്ജെയുടെ ശാരീരിക മാനസിക സ്ഥിതിയിൽ തങ്ങൾ ഏറെ ഉത്കണ്ഠാകുലരാണെന്ന് പതിനാറു പേജുള്ള കത്തിൽ വൈദ്യസംഘം ചൂണ്ടിക്കാട്ടുന്നു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഇവർ പറയുന്നു.