നൂറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും ചൂടുകൂടിയത് ജൂലൈ മാസം

Web Desk
Posted on August 03, 2019, 10:00 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നൂറ്റാണ്ടിനിടെ രാജ്യത്ത് ഏറ്റവും ചൂടുകൂടിയ ജൂലൈ മാസമാണ് കഴിഞ്ഞുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരി കുറഞ്ഞ താപനിലയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്ത് അനുഭവപ്പെട്ട ശരാശരി കുറഞ്ഞ താപനില 28.65 ഡിഗ്രി സെന്റിഗ്രേഡാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് 2015ല്‍ 28.64 ഡിഗിയും 1987 ല്‍ 28.62 ഡിഗ്രി സെന്റിഗ്രേഡ് ശരാശരി കുറഞ്ഞ താപനിലയും രേഖപ്പെടുത്തിയിരുന്നു. എല്‍ നിനോ പ്രതിഭാസം ഈ മൂന്ന് വര്‍ഷങ്ങളിലും അനുഭവപ്പെട്ടിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. സമുദ്രത്തിലെ ഊഷ്മാവ് ഉയരുന്നതിന്റെ ഭാഗമായി ഭൗമോപരിതലത്തില്‍ താപനില വര്‍ധിക്കുന്ന പ്രതിഫാസമാണ് എല്‍ നിനോ.

അന്തരീക്ഷ താപനിലയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ സൂക്ഷിക്കുന്നത് 1901 മുതലാണ്. ജൂണ്‍ മാസത്തിലും ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ജൂണ്‍ മാസത്തിലെ ശരാശരി കുറഞ്ഞ ചൂട് 30.26 ഡിഗ്രി സെന്റിഗ്രേഡാണ്. 1958ല്‍ 30.33, 2014ല്‍ 30.33, 1926ല്‍ 30.31 ഡിഗ്രി സെന്റിഗ്രേഡ് ശരാശരി കുറഞ്ഞ താപനിലയും രേഖപ്പെടുത്തിയിരുന്നു. ഗുവാഹത്തി, ഝാന്‍സി, കോട്ട, പിലാനി, ഭോപ്പാല്‍, ഗുണ, ഗോളിയാര്‍, ഔറംഗാബാദ്, ബാരാമതി, കാര്‍വാര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലാണ് ഉയര്‍ന്ന താപനില കഴിഞ്ഞ മാസം അനുഭവപ്പെട്ടത്.

ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ ജില്ലകള്‍, പശ്ചിമ ബംഗാളിലെ ഗംഗാ സമതലം, ഒഡിഷ, ഛത്തീഗഡ്, മറാത്ത് വാഡ, വിദര്‍ഭ, മധ്യപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശിലെ തീരദേശങ്ങള്‍, റായല്‍സീമ എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രി ചൂട് കൂടുതലായി അനുഭവപ്പെട്ടു. രാജസ്ഥാനിലെ ചുരു മേഖലയില്‍ ജൂണ്‍ രണ്ടിന് 51.3 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഡല്‍ഹിയിലെ പാലം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ജൂണ്‍ പത്തിന് 48 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.