എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബെയുടെ 80 പിറന്നാള്‍: ഡൂഡിലൊരുക്കി ഗൂഗിളിന്റെ ആദരം

Web Desk
Posted on September 22, 2019, 12:42 pm

ന്യൂഡല്‍ഹി: എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജപ്പാന്‍ പര്‍വതാരോഹക ജുങ്കോ താബെയുടെ 80-ാം പിറന്നാളിന് ഗൂഗിളിന്റെ ആദരം. ഡൂഡിലൊരുക്കിയാണ് താബെയെ ഗൂഗിള്‍ ആദരിച്ചത്.

1939ല്‍ ജനിച്ച ജുങ്കോ ജപ്പാനിലെ ഫുകുഷിമയിലെ മിഹറു എന്ന ചെറു പട്ടണത്തിലാണ് വളര്‍ന്നത്. പത്താംവയസിലാണ് പര്‍വതരാഹണത്തിന് മോഹമുദിച്ചത്. സ്‌കൂളില്‍ നിന്ന് മൗണ്ട് നാസുവിലേക്കുള്ള ഒരു യാത്രയാണ് ഇതിന് പ്രചോദനമായത്. രണ്ട് കുട്ടികളുടെ അമ്മയായ ശേഷം 1969ല്‍ ഇവര്‍ ജപ്പാനില്‍ വനിത പര്‍വതാരോഹകര്‍ക്കായി ഒരു ക്ലബ്ബ് സ്ഥാപിച്ചു. സ്ത്രീകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന വ്യവസ്ഥയുള്ള കാലത്തായിരുന്നു ഈ ചരിത്രപരമായ നീക്കം.
1975ലാണ് എവറസ്റ്റ് കയറിയ ആദ്യ വനിതയെന്ന ചരിത്രത്തിലേക്ക് ഇവര്‍ നടന്ന് കയറിയത്. എങ്കിലും എവറസ്റ്റ് കീഴടക്കിയ 36മത്തെ വ്യക്തിയെന്ന് അറിയപ്പെടാനായിരുന്നു ജുങ്കോയ്ക്ക് ഇഷ്ടം. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയെന്ന വിശേഷം താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് അവര്‍ ഒരിക്കല്‍ പറയുകയുണ്ടായി.

എവറസ്റ്റ് കീഴടക്കിയ ജുങ്കോയെ ജപ്പാന്‍ രാജാവും രാഞ്ജിയും നേരിട്ടെത്തി അഭിനന്ദിച്ചു. മാധ്യമശ്രദ്ധ ലഭിക്കും മുമ്പ് തന്നെ ഇവര്‍ക്ക് പര്‍വതാരോഹണത്തില്‍ കമ്പമുയര്‍ന്നിരുന്നു. എവറസ്റ്റ് കീഴടക്കിയ ശേഷം എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉയരമുള്ള പര്‍വതനിരകള്‍ അവര്‍ കീഴടക്കി. അകോന്‍കാഗ്വ, ദെനാലി, കിളിമഞ്ചാറോ, വിന്‍സണ്‍, എല്‍ബറസ്, പന്‍കാക്ക് ജയ. 76 വിവിധ രാജ്യങ്ങളിലെ ഉയരമുള്ള പര്‍വതങ്ങളും ഇവര്‍ കീഴടക്കി.

2012ലാണ് ഇവര്‍ക്ക് അര്‍ബുദരോഗം തിരിച്ചറിഞ്ഞത്. എന്നാല്‍ രോഗത്തിനും അവരിലെ പര്‍വതാരോഹകയെ കീഴടക്കാനായില്ല. പുത്തന്‍ ഉയരങ്ങളിലേക്ക് പിന്നെയും അവര്‍ യാത്ര തുടര്‍ന്നു. 2016 ഒക്ടോബര്‍ 20നാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്.