28 March 2024, Thursday

Related news

March 28, 2024
March 27, 2024
March 24, 2024
March 23, 2024
March 22, 2024
March 19, 2024
March 17, 2024
March 15, 2024
March 13, 2024
March 11, 2024

വെറും 10 മാസം; നിരത്തുകളില്‍ പൊലിഞ്ഞത് 3193 ജീവനുകള്‍

ഡാലിയ ജേക്കബ് 
ആലപ്പുഴ
October 29, 2022 9:01 pm

സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേറ്റ് ദുരിതമനുഭവിക്കുന്നവരുടെയും എണ്ണം പെരുകുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ സംസ്ഥാനത്ത് റോഡിൽ പൊലിഞ്ഞ ജീവനെത്രയെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ 3193 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൂടുതൽ അപകടങ്ങൾക്കും ഇടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയും അനാസ്ഥയും തന്നെയെന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത. 

ദേശീയ‑സംസ്ഥാന പാതകളിലടക്കം വിവിധയിടങ്ങളിലായി നടന്ന 32457 വാഹനാപകടങ്ങളിൽ നിന്നാണ് ഇത്രയധികം മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. 36,403 പേർക്ക് ഗുരുതരവും അല്ലാത്തതുമായ പരിക്കുകളും സംഭവിച്ചിട്ടുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 3,429 പേരാണ് റോഡപകടങ്ങളെത്തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് 19,282 ആണ്. 

അതേസമയം നിയമപരമായി വാഹനമോടിച്ചിട്ടും റോഡിൽ ജീവൻ പൊലിഞ്ഞിട്ടുള്ളത് നിരവധി പേരാണ്. എതിരെ വരുന്ന വാഹനങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ചിട്ടുള്ള മരണങ്ങളാണിത്. മറ്റ് വാഹനങ്ങൾ നിയമം ലംഘിച്ച് അപകടം ഉണ്ടാക്കുന്നതും അമിത വേഗതയും റോഡുകളിലെ കുഴികളും അശ്രദ്ധമായുള്ള റോഡ് ക്രോസിഗും, ഡ്രൈവർ ഉറങ്ങിപ്പോകുന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾ മൂലമാണ് ഈ അപകടങ്ങൾ ഭൂരിഭാഗവും സംഭവിച്ചിട്ടുള്ളത്. ദേശീയ, സംസ്ഥാന പാതകളിലും ഇടറോഡുകളിലുമൊക്കെ വാഹനങ്ങൾക്ക് വേഗ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലരും അതൊന്നും പാലിക്കാറില്ല. 

അപകടങ്ങളിൽ മുൻപന്തിയിൽ ഇരുചക്ര വാഹനങ്ങൾ തന്നെയാണ്. തെറ്റായ ദിശയിലൂടെ വാഹനങ്ങൾ മറികടക്കുക, എതിർദിശയിലോ ഒരേ ദിശയിലോ നീങ്ങുന്ന വാഹനങ്ങളുടെ വേഗം കണക്കുക്കൂട്ടുന്നതിലുണ്ടാകുന്ന പാകപ്പിഴ, ഹെൽമറ്റില്ലാത്ത യാത്ര, അശ്രദ്ധ, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം എന്നിവയെല്ലാം അപകടം ക്ഷണിച്ചു വരുത്തുന്നു. റോഡുകളിലെ കുഴികളും മറ്റും ഒഴിവാക്കാൻ വാഹനം വെട്ടിക്കുന്നതും അപകടത്തിന് കാരണമാകുന്നതു മാത്രമല്ല അപകടത്തിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. 

റോഡിൽ ശ്രദ്ധിക്കാതെയുള്ള യാത്രകളാണ് മറ്റു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നത്. സമയം തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താൻ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതാണ് നിരത്തുകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. 

Eng­lish Summary:Just 10 months; 3193 lives were lost on the streets
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.