7 December 2024, Saturday
KSFE Galaxy Chits Banner 2

ദാ വന്നു, ദേ പോയി… ജസ്റ്റ് റിമംബർ ദാറ്റ്

ബിനോയ് ജോര്‍ജ് പി
October 25, 2024 4:30 am

‘ദാ വന്നു, ദേ പോയി…’ ലോക്‌സഭയിലേക്ക് വിജയിച്ച സിനിമാനടനായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെക്കുറിച്ച് തൃശൂർക്കാർ ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്. ‘ജസ്റ്റ് റിമബർ ദാറ്റ്’ എന്നു കൂടി അവരിപ്പോൾ സ്വയം അടക്കംപറയുന്നുണ്ട്. തൃശൂർ പൂരം ഇതുവരെ കാണാത്തവിധം കൂടുതൽ മനോഹരമാക്കി നടത്തുമെന്നും പൂരത്തിന്റെ പെരുമ വർധിപ്പിക്കാനും ജനങ്ങളെ കൂടുതൽ പൂരത്തിനോട് അടുപ്പിക്കാനും എല്ലാ കാര്യങ്ങളും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അനുകൂലമാക്കുമെന്നുമെല്ലാം കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല. പൂരപ്രേമികൾക്ക് വെടിക്കെട്ട് കാണുന്നതിനുള്ള ദൂരപരിധി 100 മീറ്ററിൽ നിന്നും 60 മീറ്ററാക്കി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കളക്ടറേറ്റിൽ താന്‍തന്നെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികളും പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) ഉന്നതരും ഉൾപ്പടെ നിരവധി വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചുചേർത്തായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗം. അതിൽ പ്രധാനമായും ഉയർന്നുവന്ന പ്രശ്നങ്ങളിൽ ചിലതാണ് വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും മറ്റും.
കഴിഞ്ഞ പൂരത്തിലെ സംഭവവികാസങ്ങളും പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും വിവാദങ്ങളും നിലനിൽക്കുമ്പോൾ നടത്തിയ യോഗത്തിൽ കേന്ദ്രമന്ത്രി തൃശൂരിന് നൽകിയ വാഗ്ദാനങ്ങൾ പലതും പെസോയുടെ പുതിയ ഉത്തരവു വന്നപ്പോൾ വെറും ‘ഗോ പി‘യായി. മന്ത്രി പറഞ്ഞതിൽ നിന്നും നേരെ വിരുദ്ധമാണ് കാര്യങ്ങളെന്നു മാത്രമല്ല, വെടിക്കെട്ട് ആസ്വദിക്കാനുള്ള ദൂരപരിധി കൂട്ടുകയാണുണ്ടായത്. ‘വെടിക്കെട്ട്’ ഡയലോഗുകൾക്ക് പ്രസിദ്ധനായ നടനായിരുന്ന സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനം വെറുംഉണ്ടയില്ലാ വെടിയായിത്തീർന്നുവല്ലോ എന്നാണ് വോട്ടർമാരുടെ നിരാശ. പൂരത്തിന്റെയും മറ്റുചില പ്രത്യേക വിശ്വാസങ്ങളുടെയും പേരിൽ വലിയ പ്രചരണങ്ങൾ നടത്തി വോട്ട് നേടുകയും പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിലെത്തുകയുമെല്ലാം ചെയ്ത മികച്ച ‘നടനാ‘യ സ്ഥാനാർത്ഥി പെസോയുടെ പുതിയ നീക്കത്തെക്കുറിച്ച് വാർത്താക്കുറിപ്പു പോലും ഇതുവരെ നൽകിയിട്ടില്ല. 

പൂരം, ആന, വെടിക്കെട്ട് എന്നെല്ലാം കേട്ടപാടെ കൊടിയുമെടുത്ത് ചാടിയിറങ്ങുന്ന ബിജെപി-സംഘ്പരിവാർ കൂട്ടങ്ങളെയും ആചാരവിശ്വാസ സംരക്ഷകരെയും ഇപ്പോൾ കാണാനില്ല. എംപിയായി ജയിച്ചാൽ ഒരു വകുപ്പിന്റെ മന്ത്രി മാത്രം ആകുന്നതിന് പകരം ഒരു ഒമ്പത് വകുപ്പുകളിൽ ഇടപ്പെടാനും കൈകാര്യം ചെയ്യാനുമുള്ള അധികാരങ്ങൾ ഉണ്ടാകുമെന്ന് വീരസ്യം പറഞ്ഞ സുരേഷ് ഗോപി, ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നും ബിജെപിയുടെ ഒരു സ്ഥാനാർത്ഥിയായി ജയിച്ചിട്ടും തൃശൂർ പൂരത്തിനും അതിന്റെ ഏറ്റവും ആകർഷക ഘടകമായ വെടിക്കെട്ടിനും ഉണ്ടായിരിക്കുന്ന പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുകയാണോ അതോ മറുപടി പറയാൻ സാധിക്കാത്ത അവസ്ഥയിലാണോ എന്നതാണ് ജനങ്ങളന്വേഷിക്കുന്നത്.
തെരഞ്ഞെടുപ്പിനു വളരെ മുമ്പ് തൃശൂരിൽ സ്ഥിരതാമസമാക്കുകയും വോട്ട് പോലും അങ്ങോട്ട് മാറ്റുകയും ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ച് മകളുടെ വിവാഹം നടത്തുകയുമെല്ലാം ചെയ്ത ‘നായകന്‍’ പക്ഷേ, തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം തൃശൂരിൽ താമസമാക്കില്ലെന്ന് പറഞ്ഞിരുന്നു. തൃശൂർ പലതവണ എടുക്കാന്‍ ശ്രമിച്ച് അവസാനം കിട്ടിയപ്പോൾ തൃശൂർക്കാരുടെ അവശ്യഘട്ടത്തിൽ നിസംഗത പാലിക്കുന്നതിന്റെ അർത്ഥം മനസിലാകുന്നില്ലെന്നാണ് വോട്ട് ചെയ്തവരുടെ സങ്കടം.

പൂരത്തിൽ പങ്കെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളുടെ ഭാരവാഹികൾ, പൂരപ്രേമി സംഘങ്ങൾ, വിവിധ രാഷ്ട്രീയ‑സാമൂഹിക സംഘടനകൾ സംസ്ഥാന ദേവസ്വം മന്ത്രി, റവന്യു മന്ത്രി കെ രാജൻ, മറ്റു ജനപ്രതിനിധികളെല്ലാം പൂരത്തിന്റെ പ്രതിസന്ധി ഒഴിവാക്കണമെന്നും കേന്ദ്രവും കേന്ദ്രമന്ത്രി സുരേഷ്ഗോപിയും ഇടപ്പെടണമെന്നും ആവശ്യപ്പെട്ട് കത്തുകൾ അയക്കുകയും ചില സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. വെടിക്കെട്ട് നിരോധനത്തോളം എത്തുന്ന പെസോയുടെ കടുത്ത നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തൃശൂരിലെ ബ്രാഹ്മണസഭ പൂത്തിരി കത്തിച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് വിജയംവരെ തൃശൂരിനെ നെഞ്ചിലേറ്റിയെന്നു പറഞ്ഞുനടന്ന നടൻ, ചില്ലറ കാരുണ്യ പ്രവർത്തനങ്ങളും ലൂർദ് മാതാവിന് കിരീടവുമെല്ലാമായി സജീവമായിരുന്നു.
വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ദൂര നിയന്ത്രണ പ്രതിസന്ധി തൃശൂർ പൂരത്തെ മാത്രമല്ല സംസ്ഥാനത്തെ പല ഉത്സവാഘോഷങ്ങളെയും ബാധിക്കും. വെടിക്കെട്ടിന് പ്രസിദ്ധമായ കുറ്റിയങ്കാവ് പൂരം, നെന്മാറ വല്ലങ്ങി വേല, കോഴിമാംപറമ്പ് പൂരം, മരട് വെടിക്കെട്ട് എന്നിവ അവയിൽ ചിലതുമാത്രം. വെടിക്കെട്ടിനുള്ള ദൂരപരിധി 145 മീറ്ററിൽ നിന്ന് 300 മീറ്ററായി ഉയർത്തിയതോടെയാണ് തൃശൂർ പൂരം ഉൾപ്പടെ പല വെടിക്കെട്ടുകളും പ്രതിസന്ധിയിലായത്. വെടിക്കെട്ടു പുര മുതൽ വെടിക്കെട്ട് നടക്കുന്ന സ്ഥലം വരെ 45 മീറ്റർ ആയിരുന്നത് 200 മീറ്ററാക്കി ഉയർത്തി. വെടിക്കെട്ട് സ്ഥലത്തു നിന്നും 100 മീറ്റർ അകലെ മാത്രമേ കാണികൾക്ക് നിൽക്കാനാകൂ. ഈ പ്രശ്നത്തിനാണ് പൂരപ്രേമികൾ പരിഹാരം തേടുന്നത്. അതിന് ഇനി ആര് സഹായിക്കുമെന്ന ചോദ്യമാണ് ആചാരസംരക്ഷകരല്ലാത്ത സാധാരണക്കാർ ഉയർത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.