ദുബായ്

പ്രത്യേക ലേഖകൻ

June 09, 2020, 3:07 pm

കാറിലിരുന്നാല്‍ മതി, ബിരുദം പറന്നെത്തും

Janayugom Online

കൊറോണക്കാലം പരമ്പരാഗതമായ ചിട്ടവട്ടങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ ബിരുദദാന ചടങ്ങുപോലും മാറുന്നു. ലോകത്ത് ഇതാദ്യമായി ദുബായില്‍ ബിരുദങ്ങള്‍ സമ്മാനിക്കുന്നത് ആളില്ലാ വിമാനങ്ങള്‍. ബിരുദത്തിനായി നിയുക്ത ഡിഗ്രിക്കാരന്‍ കാറിലിരുന്നാല്‍ മതി. നിര്‍ദ്ദിഷ്ട അകലം പാലിച്ചുവേണം കാര്‍ യൂണിവേഴ്സിറ്റിക്കു മുന്നില്‍ പാര്‍ക്കു ചെയ്യാന്‍. കൊറോണയായതിനാല്‍ ബിരുദങ്ങള്‍ ഓണ്‍ലൈനായി എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ദുബായ് അമേരിക്കന്‍ യൂണിവേഴ്സിറ്റി ജൂലൈ 15ന് പുതിയൊരു ബിരുദദാന ഗതിക്രമം ഒരുക്കുന്നത്.

ദുബായ് അക്കാദമിക് സിറ്റിയില്‍ നടക്കുന്ന വേറിട്ട ബിരുദദാനത്തിന് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഡോ.അഹമ്മദ് നസീര്‍ അല്‍ റെയിസിയാകും നേതൃത്വം നല്‍കുക.ബിരുദം വാങ്ങാനുള്ളവര്‍ രണ്ടു മീറ്റര്‍ അകലം പാലിച്ച് വാഹനത്തില്‍ ഇരുന്നാല്‍ മതി.ഓരോരുത്തരുടെയും പേരുകള്‍ എഫ് എം റേഡിയോ വഴി വിളിക്കുമ്പോള്‍ ആളില്ലാ ചെറുവിമാനം കാറിന് സമീപത്തെത്തി യന്ത്രക്കയ്യിലൂടെ ബിരുദമടങ്ങിയ ചുരുള്‍ വെച്ചുനീട്ടും.മെല്ലെ കാര്‍ തുറന്ന് ഡ്രോണ്‍ നല്കുന്ന ബിരുദം ഏറ്റുവാങ്ങുന്നതോടെ ബിരുദദാനച്ചടങ്ങ് പൂര്‍ത്തിയാവുന്നു.

ദുബായ് ഭരണാധികാരിയും യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്‌തുമിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ നൂതന ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. 120 ഡ്രോണുകള്‍ പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ഗിന്നസ് ബുക്കിലും ഇടംപിടിക്കും. ഇതിനായി ഗിന്നസ് ബുക്ക് അധികൃതരും ബിരുദദാന ചടങ്ങിനെത്തുന്നുണ്ട്.

Eng­lish summary:Graduation cer­e­mo­ny in dubai

You may also like this video: