November 27, 2022 Sunday

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിലീഷ് തോമസിന് നീതി

Janayugom Webdesk
July 16, 2022 8:10 pm

ചെയ്യാത്ത കുറ്റത്തിന് സിലീഷ് തോമസിന് കയ്പുനീർ കുടിക്കേണ്ടി വന്നത് അഞ്ചുവർഷക്കാലം. ഒടുവിൽ സസ്പെൻഷൻ കാലം ഡ്യൂട്ടി ആയി പരിഗണിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് കൂടി വന്നതോടെ എല്ലാ കേസുകളിൽ നിന്നും സിലീഷ് തോമസ് കുറ്റവിമുക്തനായി. 2017 ജൂൺ 26ന് കൊയിലാണ്ടി താലൂക്കിലെ ചെമ്പനോട വില്ലേജ് ഓഫീസിന് മുമ്പിൽ ജോയ് എന്ന കർഷകൻ ആത്മഹത്യ ചെയ്തതു മുതലാണ് സിലീഷിന്റെ ദുരിതകാലം ആരംഭിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ ഇദ്ദേഹത്തിന്റെ പേരുകൂടി ഉൾപ്പെട്ടിട്ടിരുന്നു. തുടർന്ന് 25 ദിവസം സിലീഷിന് ജയിലിൽ കിടക്കേണ്ടി വന്നു. ആറുമാസക്കാലത്തോളം സസ്പെൻഷനിലുമായി. 

സംഭവം നടക്കുമ്പോൾ ചെമ്പനോടയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം കൂരാച്ചുണ്ട് വില്ലേജിൽ ആയിരുന്നു സിലീഷ് തോമസ് ജോലിചെയ്തിരുന്നത്. മാത്രവുമല്ല ആത്മഹത്യാകുറിപ്പിലുണ്ടായിരുന്ന മറ്റാരുടെയും പേരിൽ പൊലീസ് നടപടി എടുത്തതുമില്ല. വർഷങ്ങൾ നീണ്ട കേസിനൊടുവിൽ 2021 മാർച്ച് 30ന് കോഴിക്കോട് സെഷൻസ് കോടതി സിലീഷിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെവിട്ടു. വില്ലേജ് ഓഫീസറായിരുന്ന പി എ സണ്ണിയേയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 

സിലീഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരെ കള്ളക്കേസിൽ കുടുക്കുന്നത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ക്രൂരതയാണെന്നും വിധി ന്യായത്തിൽ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിലിൽ കഴിഞ്ഞതുൾപ്പെടെയുള്ള സസ്പെൻഷൻ കാലാവധി ഡ്യൂട്ടി ആയി പരിഗണിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവുണ്ടായത്. കള്ളക്കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മാനഹാനിയിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും സിലീഷ് ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഇപ്പോൾ കോഴിക്കോട് റവന്യൂ റിക്കവറി തഹസിൽദാർ ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്ന സിലീഷ് ജോയിന്റ് കൗൺസിൽ പ്രവർത്തകനാണ്. അഞ്ചുവർഷം നീണ്ട മാനസിക പീഡനങ്ങൾക്കൊടുവിൽ സിലീഷ് തോമസിന് നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജോയിന്റ് കൺസിൽ വ്യക്തമാക്കി. പൊതുജനത്തിന്റെ കയ്യടി വാങ്ങാൻ ജീവനക്കാരെ ബലിയാടുകളാക്കുന്ന അധികാരികൾക്ക് താക്കീതായി ഈ ഉത്തരവും കോടതി വിധിയും മാറുമെന്നും ജോയിന്റ് കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു. 

Eng­lish Summary:Justice for Sil­ish Thomas after five years of waiting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.