കര്‍ണന്‍ ജയില്‍ മോചിതനായി

Web Desk
Posted on December 20, 2017, 1:50 pm

കൊല്‍ക്കത്ത: ആറുമാസത്തെ ശിക്ഷക്ക് ശേഷം കല്‍ക്കട്ട ഹൈകോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. മോചിതനായ അദ്ദേഹം കിഴക്കൻ കൽക്കട്ടയിലെ രാജർഹത്തിലുള്ള വീട്ടിലേക്ക് പോയി. ജൂൺ 21 ന് കോയമ്പത്തൂരിൽ  വച്ചാണ് കർണ്ണനെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കോടതിയലക്ഷ്യക്കുറ്റത്തിനാണ് ജസ്റ്റിസ് ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.

ജുഡീഷ്യറിയിലെ അനുഭവങ്ങളെക്കുറിച്ച് ജയിലിലിരുന്ന് കർണനെഴുതിയ പുസ്തകം ഉടൻ പുറത്തിറങ്ങിയേക്കും.

41 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായപ്പോഴും പോരാട്ടം തുടരും എന്നുതന്നെയായിരുന്നു ജസ്റ്റിസ് കർണൻ പറഞ്ഞത്.

മെയ് ഒൻപതാം തീയതിയാണ് മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം കൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന കർണനെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാർ അദ്ധ്യക്ഷനായ ബെഞ്ച് ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കുന്നത്.

സഹജഡ്ജിമാർക്കെതിരെ ജുഡീഷ്യറിയുടെ പേര് കളങ്കപ്പെടുത്തുന്ന നിലയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനായിരുന്നു കർണന് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.

സഹജഡ്ജിമാർക്കെതിരെ അന്വേഷണത്തിനുത്തരവിടുക വഴി വിചിത്രമായ വിധിപ്രസ്താവങ്ങൾ നടത്തിയ കർണന്‍റെ മാനസികനില ശരിയല്ലെന്നും ഡോക്ടർമാരെക്കൊണ്ട് പരിശോധിപ്പിയ്ക്കണമെന്നുൾപ്പടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, കർണന്‍റെ പ്രസ്താവനകളൊന്നും പ്രസിദ്ധീകരിയ്ക്കരുതെന്ന് മാധ്യമങ്ങളോട് നിർദേശിയ്ക്കുകയും ചെയ്തു.

ഇന്ത്യൻ നീതിന്യായസംവിധാനത്തിൽത്തന്നെ പദവിയിലിരിയ്ക്കെ അറസ്റ്റ് നേരിട്ട് ഒളിവിൽ പോയ ആദ്യ ജഡ്ജിയാണ് കർണൻ.  ഒളിവിലിരിയ്ക്കുമ്പോള്‍ വിരമിച്ച കർണന് പ്രത്യേകപരിഗണനകളൊന്നും ജയിലിലുണ്ടായിരുന്നില്ല.