ഭരണഘടന ധാര്‍മികത മാത്രം നോക്കി വിധി പുറപ്പെടുവിക്കുന്നത് ശരിയല്ല : ജസ്റ്റിസ് കുര്യന്‍ ജോസഫ്

Web Desk
Posted on November 30, 2018, 8:50 pm

ന്യൂഡല്‍ഹി : ഭരണഘടന ധാര്‍മികത മാത്രം നോക്കി വിധി പുറപ്പെടുവിക്കുന്നത് ശരിയല്ലെന്നും കോടതി ഒരു വിധി പുറപ്പെടുവിക്കുമ്പോള്‍ സമൂഹത്തെയും കൂടി പരിഗണിക്കണമെന്നും  ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രിം കോടതി ജഡ്ജി സ്ഥാനമൊഴിയുന്ന അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. . വിധി അന്തിമമായാല്‍ അത് ലംഘിക്കുന്നത് കോടതിയലക്ഷ്യമാകും. മതപരമായ ആചാരങ്ങള്‍ മൗലികാവകാശത്തെ ഹനിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള വിധി പുറപ്പെടുവിക്കുമ്ബോള്‍ ധാര്‍മികത മാത്രം പരിഗണിച്ചാവരുത്. ‌മൗലികാവകാശങ്ങള്‍ ആചാരങ്ങള്‍കൊണ്ട് ലംഘിക്കപ്പെട്ടാല്‍ കോടതി ഇടപെടുക- ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

‌ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് കൊണ്ട് ജുഡീഷ്യറിയില്‍ സുതാര്യത വര്‍ദ്ധിക്കുകയേ ചെയ്തിട്ടുള്ളു. ഭരണഘടന സംവിധാനത്തിലെ ലക്ഷമണ രേഖ ആരും മറികടക്കേണ്ടതില്ല, രാ‌ജ്യത്തെ നിലനിര്‍ത്തിര്‍പ്പോകുന്നത് ഭരണഘടനയാണ്. എന്നാല്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ല എന്നായിരുന്നു മറുപടി.

അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട സേവന കാലയളവിന് ശേഷമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ഇക്കാലയളവില്‍ ആയിരത്തി മുപ്പത്തിയെട്ട് വിധിന്യായങ്ങള്‍ എഴുതി എന്ന റെക്കോര്‍ഡ് നേട്ടവുമായാണ് അദ്ദേഹം പടിയിറങ്ങുന്നത്.