Web Desk

ന്യൂഡൽഹി

March 17, 2020, 3:11 pm

അവസാന അഭയവും ഇല്ലാതെയായോ?: രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെ മുന്‍ ജസ്റ്റിസ്‌ മദന്‍ ബി ലോകൂര്‍

Janayugom Online

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ അംഗമാക്കാൻ രാഷ്‌ട്രപതി ശുപാർശ ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി മുൻ ജഡ്‌ജി മദൻ ബി ലോക്കൂർ. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്രം, നിഷ്പക്ഷത, പരമാധികാരം എന്നിവയെ പുനർനിർവചിക്കും വിധത്തിലുള്ളതാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അവസാനത്തെ അഭയ സ്ഥാനവും ഇല്ലാതാവുകയാണോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് മദൻ ബി ലോകൂർ.

ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിൽ അത്ഭുതമില്ല. എന്നാൽ ഇത്ര പെട്ടന്ന് തന്നെ നാമനിർദേശം ഉണ്ടായതാണ് അത്ഭുതപ്പെടുത്തുന്നത്. തീരുമാനം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനര്‍നിര്‍വചിക്കുന്നു. അവസാനത്തെ അത്താണിയും വീണുവോ?”- മദന്‍ ബി ലോക്കൂര്‍ ചോദിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച് നാലുമാസത്തിനകമാണ് ജസ്റ്റിസ് ഗൊഗോയിയെ തേടി രാജ്യസഭാംഗത്വമെത്തിയത്.ആയോധ്യ കേസിലടക്കം നിർണായകമായ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ്.തിങ്കളാഴ്ച രാത്രിയാണ് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തുള്ള രാഷ്ട്രപതിയുടെ വിജ്ഞാനം പുറത്തുവന്നത്.

രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ രാജ്യസഭയിലേക്ക് നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. 1991 ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച രംഗനാഥ മിശ്ര, 1998 മുതല്‍ ആറുവര്‍ഷം രാജ്യസഭാംഗമായിരുന്നു.

മുന്‍ സുപ്രീംകോടതി ജീവനക്കാരി ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് വിവാദമായി. ഗൊഗോയ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മുന്‍ ജീവനക്കാരി കത്തയച്ചു.

അസാധാരണ സിറ്റിങ് നടത്തി അദ്ദേഹം ആരോപണം നിഷേധിച്ചു. മെയ് അഞ്ചിന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി ഗൊഗോയിക്ക് ക്ലീന്‍ചിറ്റ് നല്‍കി. പരാതിക്കാരിയെ പിരിച്ചുവിട്ടെങ്കിലും പിന്നീട് തിരിച്ചെടുത്തു.

ENGLISH SUMMARY: Jus­tice Mad­han B Lokoor against Ran­jan Gogoi

YOU MAY ALSO LIKE THIS VIDEO