നീതിന്യായ നിഷ്പക്ഷത സംശയത്തിന്റെ നിഴലിൽ

Web Desk
Posted on October 06, 2019, 10:59 pm

ഭീമാ കൊറേഗാവ് സംഭവവികാസവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത് കേസിൽ നിയമവിരുദ്ധ പ്രവർത്തന പ്രതിരോധ നിയമം (യുഎപിഎ) അനുസരിച്ച് കുറ്റാരോപിതനായ ഗൗതം നവലഖയ്ക്ക് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അറസ്റ്റിൽ നിന്ന് പരിരക്ഷ നൽകി സുപ്രീം കോടതി ഉത്തരവായി. കഴിഞ്ഞ വെള്ളിയാഴ്ച, ഒക്ടോബർ അഞ്ചിനാണ് ജസ്റ്റിസുമാരായ അരുൺ മിശ്രയും ദീപക് ഗുപ്തയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നവലഖയുടെ ഹർജി കേൾക്കാൻ സന്നദ്ധമായത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടക്കം അഞ്ച് ജഡ്ജ്മാർ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് അത് ഡിവിഷൻ ബെ‍ഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്. അഞ്ച് ജഡ്ജ്മാർ മതിയായ യാതൊരു കാരണവും കാണിക്കാതെ കേസ് കേൾക്കാൻ വിസമ്മതിച്ചു എന്നതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഈ കേസിനെ സവിശേഷമാക്കുന്നത്. ചീഫ് ജസ്റ്റിസിനു പുറമെ പുതുതായി ചുമതലയേറ്റ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസുമാരായ ബി ആർ ഗവായ്, എൻ വി രാമണ്ണ, ആർ സുഭാഷ് റെഡ്ഢി എന്നിവരാണ് കേസ് കൾക്കാൻ വിസമ്മതിച്ച ജഡ്ജ്മാർ. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം സുപ്രീം കോടതി 34 ജഡ്ജ്മാരുമായി അതിന്റെ പൂർണ അംഗബലത്തിൽ പ്രവർത്തിക്കുമ്പോഴാണ് അഞ്ച് ജഡ്ജ്മാർ നവലഖയുടെ കേസ് കേൾക്കാൻ വിസമ്മതിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ നവലഖയുടെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം സിപിഐ (മാവോയിസ്റ്റ്)യുമായുള്ള ബന്ധവും അതുവഴി ഭീകരതയും സാമൂഹ്യ അസ്വാസ്ഥ്യവും ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമാണ്. നവലഖ ബോംബെ ഹൈക്കോടതിയെ പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. അത് നിരസിച്ച ഹൈക്കോടതി അദ്ദേഹത്തിന് സുപ്രീം കോടതിയെ സമീപിക്കാൻ മൂന്നാഴ്ചക്കാലത്തെ സമയം അനുവദിച്ചിരുന്നു. ആ കാലാവധിയുടെ അന്ത്യത്തിലാണ് താൽക്കാലിക ആശ്വാസമായി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

കേസിൽ അന്തിമവിധി എന്തുതന്നെയായാലും സുപ്രീം കോടതിയിലെ അഞ്ച് ജഡ്ജ്മാർ കേസ് കേൾക്കാൻ വിസമ്മതിച്ച സംഭവം സാധാരണ പൗരന്മാരെ സംബന്ധിച്ചിടത്തോളം സുതാര്യത ഇല്ലാത്തതും രാജ്യത്തെ നീതിന്യായ സംവിധാനത്തെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതുമാണ്. താൽപര്യ സംഘർഷങ്ങളുടെ പേരിൽ കേസ് കേൾക്കുന്നതിൽ നിന്നും ന്യായാധിപർ ഒഴിഞ്ഞു നിൽക്കുക എന്നത് അസാധാരണ നടപടിയല്ല. യാതൊരാൾക്കും സ്വന്തം കേസിൽ വിധി പ്രസ്താവിക്കാനാവില്ലെന്നത് ലോകമെമ്പാടും നീതിന്യായ നിർവഹണത്തിൽ പിന്തുടർന്നു പോരുന്ന തത്വാധിഷ്ഠിത നിലപാടാണ്. മുൻകാലങ്ങളിൽ ന്യായാധിപന്മാരുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭം ആരോപിക്കപ്പെട്ടേക്കാവുന്ന വിഷയങ്ങളിൽ മാത്രമാണ് ഈ അവകാശം അംഗീകരിക്കപ്പട്ടിരുന്നത്. പിന്നീട് ന്യായാധിപന്മാരുടെ മേൽ പക്ഷപാതിത്വം ആരോപിക്കപ്പെട്ടേക്കാവുന്ന വ്യവഹാരങ്ങളിലും അത്തരം അവകാശം അംഗീകരിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിൽ അത്തരം കേസുകൾ കേൾക്കുന്നതിൽ നിന്ന് ന്യായാധിപന്മാർക്ക് ഒഴിഞ്ഞു നിൽക്കുന്നതിന് നിയമപരമായ വ്യവസ്ഥകൾ നിലവിലുണ്ട്. ഇന്ത്യയിൽ അത്തരത്തിൽ യാതൊരു നിയമ വ്യവസ്ഥയും നിലവിലില്ല. ന്യായാധിപരായി ചുമതലയേൽക്കുന്നവരുടെ പ്രതിജ്ഞയിലെ പ്രതിപാദ്യം മാത്രമാണ് അത്തരം ഒഴിവാകലിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. അങ്ങനെയെങ്കിൽ രാജ്യത്തെ പരമോന്നത കോടതിയുടെ മുഖ്യന്യായാധിപനടക്കം ന്യായാധിപർ തങ്ങളുടെ പരിഗണനയ്ക് വരുന്ന വിഷയങ്ങൾ കേൾക്കാൻ വിസമ്മതിക്കുന്നു എങ്കിൽ അത് പൊതുജനങ്ങൾക്ക് കൂടി ബോധ്യമാകുംവിധം സുതാര്യമായി നിർവഹിക്കുക എന്നത് നീതിയും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് അനിവാര്യവുമാണ്. ഇവിടെ സുപ്രീം കോടതി ജഡ്ജ്മാർ കേൾക്കാൻ വിസമ്മതിച്ച കേസാവട്ടെ പൗരന്മാരുടെ മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണെന്നത് സർവ പ്രധാനമാണ്.

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാൾക്കെതിരെയുള്ള ഗുരുതര കുറ്റാരോപണവും അറസ്റ്റും ജാമ്യമില്ലാത്ത ദീർഘകാല തടവും ഉൾപ്പെട്ട വിഷയമാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. അത്തരമൊരു മനുഷ്യാവകാസ/പൗരാവകാശ പ്രശ്നത്തിൽ യാതൊരു കാരണവും കൂടാതെ ന്യായാധിപർ പിന്മാറുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക സ്വാഭാവികമാണ്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ ഉൾപ്പെട്ടതെന്ന് ആരോപിക്കപ്പെട്ട മെഡിക്കൽ കോളജ് അഴിമതി കേസ് കേൾക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അദ്ദേഹത്തിന്റെ നീതിബോധം വിസമ്മതിച്ചുവെന്നത് സമീപകാല ചരിത്രമാണ്. അസം പൗരത്വ രജിസ്റ്റർ കേസിൽ ആ സംസ്ഥാനക്കാരനായ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിട്ടുനിൽക്കാൻ സന്നദ്ധനായില്ല. അദ്ദേഹത്തിന്റെ പേരിൽ തന്നെ ഉയർന്നുവന്ന ലൈംഗിക അതിക്രമ ആരോപണ കേസ് കേൾക്കുന്നതിൽ നിന്നും ചീഫ് ജസ്റ്റിസ് വിട്ടുനിൽക്കുകയുണ്ടായില്ല. അത്തരം ചരിത്രം സ്വന്തമായുള്ള ഉന്നത നീതിപീഠത്തിലെ ജഡ്ജ്മാരാണ് നവലഖ കേസ് കേൾക്കാൻ വിസമ്മതിച്ചത്. അത് പരമോന്നത നീതിപീഠത്തിന്റെ നിഷ്പക്ഷതയെയും സുതാര്യതയെയും സംബന്ധിച്ച് ജനങ്ങളിൽ സംശയമുയർത്തിയാൽ ആർക്കാണ് അവരെ കുറ്റപ്പെടുത്താനാവുക?