20 April 2024, Saturday

വിവാദ ജഡ്ജി പുഷ്പ ഗനേഡിവാല രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2022 11:55 pm

പോക്സോ കേസുകളില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി പുഷ്പ വി ഗനേഡിവാല രാജിവച്ചതായി റിപ്പോര്‍ട്ട്. ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചതോടെ ഫെബ്രുവരി 12 ന് കാലാവധി അവസാനിക്കും, എന്നാല്‍ അതിനുമുമ്പ് അവര്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചര്‍മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നതടക്കം ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല പുറപ്പെടുവിച്ച പോക്‌സോ കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്‌സിന്റെ സിപ് തുറന്നാലും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നടക്കം ജസ്റ്റിസ് ഗനേഡിവാല പുറപ്പെടുവിച്ച പല വിധികളും വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥിരം ജഡ്ജിയാക്കാനായി കേന്ദ്ര സര്‍ക്കാരിനയച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം തിരിച്ച് വിളിച്ചിരുന്നു.

തുടര്‍ന്ന് അഡീഷണല്‍ ജഡ്ജിയായി രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ഉള്ള കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കാലാവധി ഒരു വര്‍ഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നുള്ളു. 2007 ലാണ് ജില്ലാ ജഡ്ജിയായി പുഷ്പ വി ഗനേഡിവാല നിയമിതയാകുന്നത്. മുംബൈയിലെ സിറ്റി സിവില്‍ കോടതിയിലും, നാഗ്പൂരിലെ ജില്ലാ കുടുംബ കോടതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് നാഗ്പൂരിലെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിതയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാല ബോംബെ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറലായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Jus­tice Push­pa Ganedi­wala resigns from Bom­bay High Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.