ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് പടിയിറങ്ങും,

Web Desk
Posted on November 17, 2019, 9:20 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. വിരമിച്ചാലും തന്‍റെ ഒരു ഭാഗം സുപ്രീംകോടതിയിൽ തുടരുമെന്ന് ബാര്‍ അസോസിയേഷന് നൽകിയ സന്ദേശത്തിൽ ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കിയിരുന്നു.

2012 ഏപ്രില്‍ 23നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സുപ്രീംകോടതി ജഡ്ജിയായി എത്തിയത്. ഞാൻ എന്താണോ അതാണ് ഞാൻ, എന്നാണ് ഇന്ത്യയുടെ 46‌ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുമ്പോൾ ജസ്റ്റിസ് ഗൊഗോയി പറഞ്ഞത്.

എന്നാൽ വിരമിക്കൽ ചടങ്ങിൽ മാധ്യമങ്ങൾക്കും, ബാര്‍ അസോസിയേഷൻ പ്രതിനിധികൾക്കും മുന്നിൽ പ്രസംഗം ഒഴിവാക്കി. അയോധ്യ, ശബരിമല, റഫാൽ, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളിൽ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു. ഗുവാഹത്തിയിലുള്ള കുടുംബ വീട്ടില്‍ സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ തിരുമാനം. ഇസഡ് പ്‌ളസ് സുരക്ഷ നല്‍കണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ 2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. ബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയാകുകയും 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസാകുകയും ചെയ്തു. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്. നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് അരവിന്ദ് ബോബ്‌ഡെയുടെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച്‌ ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്നതോടെ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി സുപ്രിംകോടതി കൊളീജിയം പുനഃസംഘടിപ്പിക്കും. ശബരിമല കേസില്‍ ഏഴംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നതിലും ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട് നിര്‍ണായകമാകും.