ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ. ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കൈവശം വച്ചതിനാണ് നിലവില്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീം കോടതി നിയോഗിച്ച ജഡ്ജിമാരുടെ സമിതി നിര്‍ദേശിച്ചത്. കഴിഞ്ഞ മാര്‍ച്ച് 14 ന് രാത്രിയാണ് വര്‍മ്മയുടെ തുഗ്ലക് ക്രസന്റിലെ 30-ാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സ്റ്റോര്‍ റൂമിന് തീപിടിച്ചത് അണയ്ക്കാന്‍ എത്തിയ ഡല്‍ഹി ഫയര്‍ സർവീസ് ഉദ്യോഗസ്ഥരാണ് കത്തിക്കരിഞ്ഞതും പാതി കത്തിയതുമായ നോട്ടുകെട്ടുകള്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് വിഷയം ഡല്‍ഹി ഹൈക്കോടതി, സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് കൈമാറി. ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ട് വന്‍ വാര്‍ത്തയായതോടെ കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും വിഷയത്തില്‍ ഇടപെട്ടു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വര്‍മ്മയോട് വിശദീകരണം തേടുകയും ചെയ്തു.
തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പഞ്ചാബ് ആന്റ് ഹരിയാന ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ‌് ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 64 പേജുള്ള റിപ്പോര്‍ട്ട്, ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുന്നു. തീയണയ്ക്കാനെത്തിയ ഡല്‍ഹി ഫയര്‍ സര്‍വീസിലുള്ള പത്ത് ഉദ്യോഗസ്ഥര്‍ പാതി കരിഞ്ഞ 500 രൂപ നോട്ടുകള്‍ കണ്ടതായി സമിതിക്ക് മൊഴി നല്‍കി. സംഭവസ്ഥലത്തെ വീഡിയോകളും ഫോട്ടോകളും ചണ്ഡീഗഢ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ യഥാര്‍ത്ഥമെന്ന് തെളിഞ്ഞു. അത് ദൃക്സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ്. ജഡ്ജിയുടെ വീട്ടുജോലിക്കാര്‍ അദ്ദേഹത്തിനെതിരായി മൊഴി നല്‍കിയില്ല. വര്‍മ്മയുടെ മകള്‍ ദിയയുടെ മൊഴികള്‍ നുണയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വര്‍മ്മ ഉയര്‍ത്തിയ ആക്ഷേപങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും സമിതി കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.