താജ്മഹല്‍ സന്ദര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും

Web Desk
Posted on February 18, 2018, 9:18 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫി ജോര്‍ജ്, മക്കളായ സേവ്യര്‍, എല്ല ഗ്രേസ്, ഹാഡ്രീന്‍ എന്നിവര്‍ക്കൊപ്പമാണ് കനേഡിയന്‍ പ്രധാനമന്ത്രി താജ്മഹല്‍ കാണാനായി ആഗ്രയിലെത്തിയത്.

മഥുരയിലെ ചുര്‍മുരയില്‍ സ്ഥിതിചെയ്യുന്ന വന്യമൃഗ സംരക്ഷണകേന്ദ്രവും ഇന്ന് ഇവര്‍ സന്ദര്‍ശിച്ചു. ട്രൂഡെയുടെ സന്ദര്‍ശനം പ്രമാണിച്ച് ചുര്‍മുര വന്യജീവി സങ്കേതം ഇന്ന് രണ്ടുമണിക്കൂറോളം അടച്ചിട്ടിരുന്നു. ഒരാഴ്ചയോളം നീളുന്ന പര്യടനത്തില്‍ ആഗ്രയ്ക്ക് പുറമെ അമൃത്‌സര്‍, അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ ട്രൂഡോ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവരുമായി കൂടിക്കാഴ്ചയും നടത്തും. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നതിനായുള്ള ചര്‍ച്ചകളും നടക്കും
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന് ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. കാനഡയില്‍ 14 ലക്ഷം ഇന്ത്യന്‍ വംശജരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 8.4 ബില്യണ്‍ ഡോളറിന്റേതായിരുന്നു.