മധ്യപ്രദേശില്‍ മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ രാജിവച്ചതോടെ കോൺഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 22 എംഎൽഎമാരാണ് ബിജെപിയിലേക്ക് ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം മറുകണ്ടം ചാടിയിരിക്കുന്നത്. ഇതോടെ കമൽനാഥ് സര്‍ക്കാര്‍ ഏത് നിമിഷവും വീഴുമെന്ന് ഉറപ്പായി. ആറ് മന്ത്രിമാർ ഉൾപ്പെടെ 17 കോൺഗ്രസ് എംഎൽഎമാർ ബിജെപി ഭരിക്കുന്ന കർണാടകയിൽ എത്തിയതോടെ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നതായി സിന്ധ്യ വ്യക്തമാക്കിയത്. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് സൂചനകൾ.
ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കാണ് സിന്ധ്യ രാജിക്കത്ത് കൈമാറിയത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യം. കോൺഗ്രസിൽ നിന്നുകൊണ്ട് അത് സാധ്യമല്ലെന്ന് കരുതുന്നതായി രാജിക്കത്തിൽ പറയുന്നു. രാജിപ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ട് കോൺഗ്രസിന്റെ അറിയിപ്പും വന്നു.
തുളസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജപുത്, ഡോ പ്രഭുറാം ചൗധരി, ഇമര്‍ത്തി ദേവി, പ്രദ്യുമ്ന സിംഗ് തോമര്‍, മഹേന്ദ്ര സിംഗ് സിസോദിയ എന്നിവരാണ് രാജിവച്ച മന്ത്രിമാര്‍. ഹര്‍ദീപ് സിംഗ് ദാംഗ്, രാജ്യവര്ധനന് സിംഗ്, ബ്രജേന്ദ്ര സിംഗ് യാദവ്, ജസ്പാല്‍ ജജ്ജി, സുരേഷ് ധാക്കഡ്, ജസ്വന്ത് ജാദവ്, മുന്നാലാല്‍ ഗോയല്‍, രണ്‍വീര്‍ സിംഗ് ജാദവ്, ഒപിഎസ് ബദോരിയ, കമലേഷ് ജാദവ്, ഗിരിരാജ് ദാന്തോതിയ, രഘുരാജ് കന്‍സാന, അദല്സിംഗ് കന്‍സാന, ബിസാഹുലാല്‍ സിംഗ്, പങ്കജ് ചതുര്‍വേദി, മനോജ് ചൗധരി എന്നിവരാണ് രാജിവെച്ച എംഎൽഎമാർ.ഇതിനിടെ എസ്പിയുടെയും ബിഎസ്പിയുടെയും എംഎല്‍എമാരും ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാനെ കണ്ടു. ഇവര്‍ കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് പുതിയ നീക്കം. ഹോളി ആഘോഷവുമായി ബന്ധപ്പെട്ടാണ് എംഎൽഎമാരുടെ സന്ദർശനമെന്നും രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ചൗഹാന് പറഞ്ഞു. സര്‍ക്കാര്‍ വീഴുന്ന പശ്ചാത്തലത്തില്‍ ഇവര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നാണ് സൂചന.
സിന്ധ്യ വ്യക്തിപരമായ നേട്ടം നോക്കിയാണ് പാര്‍ട്ടിവിട്ടതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസാണ് അദ്ദേഹത്തെ വളര്‍ത്തിയത്, പക്ഷേ ആ വിശ്വാസത്തെ അവഗണിച്ചാണ് അദ്ദേഹം മറ്റൊരു പാര്‍ട്ടിയിലേക്ക് പോയതെന്നും ചൗധരി പറഞ്ഞു.
കഴിഞ്ഞയാഴ്ച ഓപ്പറേഷൻ ലോട്ടസുമായി ബിജെപി എട്ട് ഭരണപക്ഷ എംഎൽഎമാരെ ഡൽഹിയിലേക്ക് കൊണ്ടുപോയപ്പോൾ ഉണർന്ന് പ്രവർത്തിച്ച കമൽനാഥും സംഘവും ആറ് പേരെയും തിരിച്ചെത്തിച്ചിരുന്നു. എന്നാൽ ജ്യോതിരാദിത്യയ്ക്കൊപ്പം മന്ത്രിമാരുൾപ്പെടെ എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ കോൺഗ്രസിന്റെ തന്ത്രങ്ങൾക്കായില്ല. 230 അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന് 114, ബിജെപിക്ക് 107, ബിഎസ്പി-രണ്ട്, എസ്പി ‑ഒന്ന് സ്വതന്ത്രർ- നാല് എന്നിങ്ങനെയായിരുന്നു സീറ്റ് നില. രണ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ENGLISH SUMMARY: : jyotiraditya scindia meeting narendra modi
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.