Web Desk

തിരുവനന്തപുരം

May 31, 2021, 9:52 am

ഉമ്മൻചാണ്ടിക്കെതിരെ കത്തയച്ചെങ്കിൽ അക്കാര്യം വിശദീകരിക്കണം; രമേശ് ചെന്നിത്തലക്കെതിരെ എ ഗ്രൂപ്പ്

Janayugom Online

കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻചാണ്ടിയെ അവസാനഘട്ടത്തിൽ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ​ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞതിൽ പരസ്യ വിമർശനവുമായി എ ​ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ​ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് പറഞ്ഞു.

ചെന്നിത്തല സോണിയ​ഗാന്ധിക്ക് അയച്ച കത്തിൽ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാൽ ഇങ്ങനെയൊരു വാ‍ർത്ത വന്ന സ്ഥിതിക്ക് ഇക്കാര്യത്തിൽ ചെന്നിത്തലയാണ് വ്യക്തത വരുത്തേണ്ടത്. കത്തുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. ഭൂരിപക്ഷ വോട്ടുകളല്ല പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടാന്‍ കാരണമായത്. വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും തെരഞ്ഞെടുപ്പിനിടെ സംഘടനാപരമായ പ്രശ്നമുണ്ടായപ്പോള്‍ ട്രമ്പിൾഷൂട്ടറായി ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണെന്നും കെ സി ജോസഫ് വ്യക്തമാക്കി. പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിക്കപ്പെട്ട അശോക് ചവാൻ സമിതിയുടെ റിപ്പോ‍ർട്ട് വരുമ്പോൾ അതിൽ കെപിസിസി അധ്യക്ഷന്റെ നി​ഗമനങ്ങളും ഉണ്ടാവുമെന്നും കെസി ജോസഫ് പറഞ്ഞു.

അതേസമയം, കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡ് മനസിലിരുപ്പ് മനസിലാക്കാനാവാതെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. കെ സുധാകരന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും ദളിത് പ്രാതിനിധ്യം ഉയർത്തി കൊടിക്കുന്നിൽ സുരേഷിനെ മുന്നിൽ നിർത്തി കെ സുധാകരന്റെ വരവിനെ തടയാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്. നേതൃത്വത്തിൽ സജീവത നിലനിർത്തുന്ന പുതിയ ആളുകൾ വരണമെന്ന ആവശ്യം ഉയർത്തുന്നവരാണ് സുധാകരന് വേണ്ടി വാദിക്കുന്നത്. സുധാകരനെ എതിർക്കുന്ന ഗ്രൂപ്പുകളുടെ പിന്തുണ ഒടുവിൽ തനിക്കുണ്ടാവുമെന്ന വിശ്വാസമാണ് കൊടിക്കുന്നിലിനെ നയിക്കുന്നത്. എ ഗ്രൂപ്പ് കെ സി ജോസഫിന്റെ പേര് മുന്നോട്ടുവച്ചെങ്കിലും വേണ്ടത്ര പിന്തുണ കിട്ടിയില്ല.

എ വിഭാഗത്തിൽ നിന്ന് അൽപ്പം അകന്നുനിൽക്കുന്ന പി ടി തോമസ്, ബെന്നി ബെഹനാൻ എന്നിവരുടെ പേരുകളും സജീവമായുണ്ട്. അതേസമയം മുൻ ഐ ഗ്രൂപ്പ് നേതാവായ അടൂർ പ്രകാശ് സുധാകരനൊപ്പം ഈഴവ പ്രാതിനിധ്യത്തിന്റെ പേരിൽ ശ്രമം നടത്തുന്നുണ്ട്. കെ മുരളീധരൻ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വി ഡി സതീശൻ പ്രതിപക്ഷ നേതാവായതിനാല്‍ മുരളീധരന് സാമുദായിക പരിഗണന തടസമായിട്ടുണ്ട്. എന്നാൽ ഇത്തവണ ഇത്തരം കാര്യങ്ങൾ ഹൈക്കമാൻഡ് പരിഗണിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. തോല്‍വിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതിക്കുമുന്നിലും സുധാകരനെതിരെ ആരോപണങ്ങൾ ഗ്രൂപ്പുകൾ ഉയർത്തിയിട്ടുണ്ട്. കെ സുധാകരന്റെ തീവ്ര നിലപാടുകൾ കോൺഗ്രസ് പോലൊരു പാർട്ടിയെ മുന്നോട്ടു നയിക്കില്ലെന്നാണ് ഇവരുടെ വാദം.

Eng­lish sum­ma­ry: K C Joseph on Ramesh chen­nitha­la’s let­ter to Sonia Gandhi

You may also like this video;